Sorry, you need to enable JavaScript to visit this website.

ചാക്കോയുടെ ഭാര്യക്കും മകനുമായി പ്രത്യേക  പ്രദര്‍ശനം: 'കുറുപ്പ്' നായകനല്ല, വില്ലന്‍ തന്നെ

കരുവാറ്റ, ആലപ്പുഴ- പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ്ബജറ്റ് ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന 'കുറുപ്പ്'. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പ്രഖ്യാപിച്ച അന്ന് മുതല്‍ തന്നെ ചിത്രം ചര്‍ച്ചയായി മാറിയിരുന്നു. 1984ല്‍ ജനുവരി 22ന് സംഭവിച്ച ചാക്കോ വധക്കേസിലെ പ്രധാന പ്രതിയായ കുറുപ്പിന്റെ ജീവിതം സിനിമയാകുമ്പോള്‍ അതിനെതിരെ ആദ്യം ചാക്കോയുടെ കുടുംബം രംഗത്തെത്തിയിരുന്നു. എന്നാല്‍ കുറുപ്പ് എന്ന ചിത്രം കണ്ട ശേഷം ചിത്രത്തെ കുറിച്ച് പ്രതികരിച്ചിരിക്കുയാണ് ചാക്കോയുടെ മകന്‍ ജിതിനും ചാക്കോയുടെ ഭാര്യ ശാന്തമ്മയും. ചാക്കോ മരിക്കുമ്പോള്‍ ശാന്തമ്മയുടെ വയറ്റില്‍ ആറ് മാസമായിരുന്നു ജിതിന്റെ പ്രായം. ചിത്രത്തെപ്പറ്റി ഇപ്പോള്‍ പുറത്തുവരുന്ന അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും ഈ ലോകം അറിയേണ്ട ഒരുപാട് കാര്യങ്ങള്‍ സിനിമയ്ക്ക് അകത്ത് ഉണ്ടെന്നുമാണ് ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജിതിന്‍ പറയുന്നത്. ചിത്രം എല്ലാവരും കാണണമെന്നും ജിതിന്‍ പറയുന്നു.
'ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി കുറുപ്പ് എന്നൊരു സിനിമ ഇറങ്ങുകയാണെന്ന് ആദ്യം അറിഞ്ഞപ്പോള്‍ വളരെ   ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഒരുപാട് ആരാധിക്കുന്ന ദുല്‍ഖര്‍ സല്‍മാനാണ് ആ വേഷം ചെയ്യുന്നതെന്നുകൂടി അറിഞ്ഞപ്പോള്‍ ദേഷ്യവും സങ്കടവും വര്‍ധിച്ചു. പിന്നാലെ ടീസര്‍ വന്നപ്പോള്‍ ഇത് ഒരു കൊലയാളിയെ ന്യായീകരിക്കുന്ന ചിത്രമാണെന്ന് ഉറപ്പിച്ചു. അങ്ങനെ ചിത്രത്തിനെതിരെ കേസുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുമ്പോഴാണ് കുറുപ്പിന്റെ അണിയറ പ്രവര്‍ത്തകര്‍ വിളിക്കുന്നത്. ഒരിക്കലും കുറുപ്പിനെ ന്യായീകരിക്കുന്ന സിനിമയല്ല ഇതെന്ന് അവര്‍ പറഞ്ഞു. ഞങ്ങളെ അത് ബോധ്യപ്പെടുത്തുന്നതിനായി സിനിമ കാണിക്കാം എന്ന് അവര്‍ ഉറപ്പു നല്‍കി. അങ്ങനെ ഞങ്ങള്‍ എറണാകുളത്ത് പോയി സിനിമ കണ്ടു. അമ്മയും ഞാനും അപ്പനെപ്പറ്റിയുള്ള കാര്യങ്ങള്‍ സംസാരിക്കാറില്ല. നമുക്ക് ഓര്‍മിക്കേണ്ട കാര്യങ്ങളല്ല അന്ന് സംഭവിച്ചത്. ഇതേപ്പറ്റി പത്രങ്ങളില്‍ നിന്നും മാഗസിനുകളില്‍ നിന്നും വായിച്ചാണ് ഞാന്‍ അറിഞ്ഞിട്ടുള്ളത്. ആ സിനിമ കണ്ടപ്പോള്‍ എനിക്ക് മനസിലായി വായിച്ചറിഞ്ഞതിനേക്കാള്‍ അധികം കാര്യങ്ങള്‍ അതില്‍ ഉണ്ട്. ലോകം അറിയേണ്ട കാര്യമാണ് അതെല്ലാം. സുകുമാര കുറുപ്പ് എന്ന വ്യക്തിയെ ഹീറോ ആക്കിയോ കഥയെ വളച്ചൊടിച്ചോ അല്ല സിനിമ ചെയ്തിരിക്കുന്നത്. പൂര്‍ണമായും യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് സിനിമ. സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ മുന്‍പ് എനിക്ക് അവരോടുണ്ടായിരുന്ന ദേഷ്യമൊക്കെ മാറി. ആദ്യമേ ഈ സിനിമകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് അവര്‍ മനസിലാക്കിത്തന്നിരുന്നെങ്കില്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നു. ഞങ്ങളുടെ ആവശ്യം അവര്‍ അംഗീകരിച്ചു. സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ സത്യത്തില്‍ എനിക്ക് സന്തോഷം ഉണ്ട്. എന്റെ ആവശ്യം എന്റെ അപ്പന്റെ കൊലയാളി നാളെ സമൂഹത്തിനുമുന്നില്‍ ഹീറോയാകാന്‍ പാടില്ല എന്ന് മാത്രമായിരുന്നു. അതില്ല എന്ന് സിനിമ കണ്ടപ്പോള്‍ എനിക്ക് മനസിലായി,' ജിതിന്‍ പറയുന്നു. ഇന്‍ഷുറന്‍സ് തുക തട്ടുന്നതിനു ഫിലിം റെപ്രസന്റേറ്റീവായിരുന്ന ചാക്കോയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറില്‍ വെച്ച് കത്തിക്കുകയായിരുന്നു സുകുമാര കുറുപ്പെന്നാണ് കേസ്. അന്ന് ഒളിവില്‍ പോയ സുകുമാരക്കുറിപ്പിനെ പിന്നീട് പോലീസിന് പിടികൂടാനായിരുന്നില്ല. താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്നും ഇന്‍ഷുറന്‍സ് പണമായി എട്ടുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു കൊലക്ക് പിന്നിലെ ലക്ഷ്യം. ആലപ്പുഴയ്ക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിയ സുകുമാരക്കുറുപ്പും കൂട്ടാളികളും യാത്രാമധ്യേ കഴുത്തില്‍ തുണിമുറുക്കി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തില്‍ സുകുമാര കുറുപ്പിനെ സഹായിച്ച രണ്ട് സഹായികളെ പിന്നീട് പോലീസ് പിടികൂടുകയും ഇവരെ ജീവപര്യന്തം തടവിനു കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു.നവംബര്‍ 12നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ഇതില്‍ ചാക്കോയായി വേഷമിടുന്നത് ടോവിനോയാണ്. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് നിര്‍മാണം.
 

Latest News