ഹിന്ദി സംസാരിക്കുന്നവന് അടി, ജയ്ഭീമിലെ കഥാപാത്രത്തിന്റെ പേരില്‍ പ്രകാശ് രാജിന് വിമര്‍ശം

ചെന്നൈ- സൂര്യ നായകനായെത്തുന്ന 'ജയ് ഭീം' എന്ന ചിത്രത്തില്‍ പ്രകാശ് രാജ് അവതരിപ്പിച്ച ഐ.ജി കഥാപാത്രം ഹിന്ദി സംസാരിക്കുന്ന ഒരാളെ തല്ലുന്നത് വിമര്‍ശനത്തിന് വഴിവെച്ചു.
ഹിന്ദി സംസാരിച്ചയാളെ തല്ലിയ ശേഷം തമിഴില്‍ സംസാരിക്കാന്‍ കഥാപാത്രം ആവശ്യപ്പെടുന്നുണ്ട്.

ഹിന്ദി വിരുദ്ധ പ്രചാരണം നടത്താനാണ് പ്രകാശ് രാജ് ശ്രമിക്കുന്നതെന്നാണ് ആരോപണം. ഹിന്ദിയോ മറ്റേതെങ്കിലും ഭാഷയോ സംസാരിക്കുന്നതിന്റെ പേരില്‍ ഒരു വ്യക്തിയോട് ഇത്തരമൊരു കാര്യം ചെയ്യാന്‍ ഭരണഘടനയിലെ ഏത് ആര്‍ട്ടിക്കിളിലാണ് അനുവാദം നല്‍കിയതെന്നും ചോദ്യമുയരുന്നുണ്ട്. അങ്ങനെയെങ്കില്‍ സിനിമകളില്‍ ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് ഭാഷകളില്‍ സംസാരിച്ചതിന് എത്ര കന്നടക്കാര്‍ നിങ്ങളെ തല്ലണം എന്നും ട്വിറ്ററിലൂടെ പലരും ചോദ്യം ചെയ്യുന്നുണ്ട്.

ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളില്‍ മാത്രമാണ് ഹിന്ദി സംസാരിക്കുന്ന വ്യക്തിയെ തല്ലുന്നതും തമിഴിലും തെലുങ്കിലും സംസാരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നത്. എന്നാല്‍ ചിത്രത്തിന്റെ ഹിന്ദി ഡബ്ബില്‍ സത്യം പറയൂ എന്നു മാത്രമേ പറയുന്നുള്ളു.

രംഗത്തിന്റെ പേരില്‍ പ്രകാശ് രാജിനെ വിമര്‍ശിക്കുന്നതിനെതിരെ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. കഥാപാത്രത്തിന്റെ പേരില്‍ അദ്ദേഹത്തെ വ്യക്തിപരമായി വിമര്‍ശിക്കേണ്ട കാര്യമുണ്ടോ എന്നുമാണ് ആരാധകര്‍ ചോദിക്കുന്നത്.

 

Latest News