ഗ്ലാസ്ഗോ- കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ വനവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും വനനശീകരണം ചെറുക്കുന്നതിനും 19 ബില്യന്‍ ഡോളറിന്റെ പദ്ധതിയില്‍ ലോകരാജ്യങ്ങള്‍ ഒപ്പിട്ടു. ഗ്ലാസ്ഗോയില്‍ ചേര്‍ന്ന ലോക കാലാവസ്ഥാ ഉച്ചകോടിയിലാണ് തീരുമാനം. യു.എസ്, ചൈന, ബ്രസീല്‍ എന്നിവയുള്‍പ്പെടെ 100ലധികം രാജ്യങ്ങളാണ് പദ്ധതിയില്‍ ഒപ്പുവച്ചത്.
ലോകത്തെ വനമേഖലയുടെ 80 ശതമാനവും ഒപ്പിട്ട രാജ്യങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുന്നു.
കൂടുതല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ 12 രാജ്യങ്ങളുടെ പിന്തുണയോടെ 12 ബില്യണ്‍ ഡോളര്‍ ഫണ്ട് നല്‍കും. അതില്‍ 1.5 ബില്യണ്‍ ഡോളര്‍ ആമസോണിന് ശേഷം ഭൂമിയിലെ രണ്ടാമത്തെ വലിയ വനപ്രദേശമായ കോംഗോ ബേസിനിലേക്ക് നല്‍കും. കന്നുകാലി, പാമോയില്‍, സോയാബീന്‍ കൃഷി, പള്‍പ്പ് ഉല്‍പ്പാദനം തുടങ്ങിയ വനനശീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിക്ഷേപം നിര്‍ത്തുമെന്ന് പ്രതിജ്ഞയെടുത്ത സ്വകാര്യ മേഖലയിലെ നിക്ഷേപകരില്‍നിന്ന് 7.2 ബില്യണ്‍ ഡോളര്‍ കൂടി വരും.
മരം നടുന്നത് ഹരിതഗൃഹ വാതക നിര്‍ഗമനം കുറക്കുമെന്നും നഗരപ്രദേശങ്ങളിലെ അന്തരീക്ഷ താപനില കുറയ്ക്കാന്‍ സഹായിക്കുമെന്നും വിദഗ്ധര്‍ പറഞ്ഞു. അറേബ്യന്‍ ഗള്‍ഫില്‍ വ്യാപകമായ കണ്ടല്‍ക്കാടുകള്‍ കാര്‍ബണ്‍ ന്യൂട്രലൈസേഷനില്‍ ഫലപ്രദമാണെന്ന് വിശ്വസിക്കപ്പെടുന്നു.
അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡ് അളവ് കുറയ്ക്കുന്നതിനും തലസ്ഥാനമായ റിയാദിന്റെ ഹരിതവല്‍ക്കരണത്തിന് സംഭാവന നല്കുന്നതിനുമായി 2030 ഓടെ രാജ്യത്ത് ദശലക്ഷക്കണക്കിന് മരങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള പദ്ധതി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.






