കോടതി ഇടപെട്ടു, നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെതിരെ പോലീസ് കേസെടുത്തു

കോട്ടയം- നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പോലീസ് കേസെടുത്തു.  ബിഷപ്പിനെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പാലാ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കുറവിലങ്ങാട് പോലീസാണ് ബിഷപ്പിനെതിരെ കേസെടുത്തത്.

ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ അസീസ് മൗലവിയാണ് കോടതിയെ സമീപിച്ചിരുന്നത്.   നേരത്തേ കുറവിലങ്ങാട് പോലീസിന് പരാതി നല്‍കിയിട്ടും നടപടിയെടുത്തിരുന്നില്ല. തുടര്‍ന്നാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്.

സെപ്റ്റംബര്‍ എട്ടിന് കുറവിലങ്ങാട് മാര്‍ത്ത മറിയം ഫൊറോന പള്ളിയില്‍ എട്ടുനോമ്പാചരണത്തിന്റെ സമാപനത്തില്‍ കുര്‍ബാനമധ്യേയാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിവാദ ആരോപണം ഉന്നയിച്ചത്.

ലൗ ജിഹാദിനൊപ്പം കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു വിവാദ പ്രസംഗം. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ലൗ ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞിരുന്നു.

 

 

Latest News