Sorry, you need to enable JavaScript to visit this website.

അമിത് ഷായുടെ റാലി കുളമാക്കുമെന്ന് ഭീഷണി; ജാട്ടുകൾക്കെതിരായ 70 കേസുകൾ പിൻവലിച്ചു

ചണ്ഡീഗഡ് - ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ഈ മാസം 15ന് ഹരിയാനയിലെ ജിന്ദിൽ സംഘടിപ്പിക്കുന്ന റാലി അലങ്കോലപ്പെടുത്തുമെന്ന ജാട്ട് സമുദായക്കാരുടെ ഭീഷണി ഫലം കണ്ടു. ജാട്ട് സംവരണ സമരവുമായി ബന്ധപ്പെട്ട് 2016 ഫെബ്രുവരിയിൽ 882 ജാട്ട് സമുദായക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത 70 കേസുകൾ പിൻവലിക്കാൻ ഹരിയാനയിലെ ബി.ജെ.പി സർക്കാർ തീരുമാനിച്ചു. അമിത് ഷായുടെ റാലി കുളമാക്കുന്ന ഭീഷണിയെ തുടർന്ന് ജാട്ടുകളുടെ അനുനയിപ്പിക്കാനുള്ള നീക്കമായാണ് ഇത്. മരങ്ങൾ നശിപ്പിക്കുക, റോഡ് തടയുക, ട്രെയിൻ തടയുക തുടങ്ങിയ ചെറിയ കുറ്റങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത് കേസുകളാണിവയെന്നാണ് സർക്കാർ പറയുന്നത്. ഇത്തരത്തിലുള്ള 208 കേസുകൾ ഇതുവരെ പിൻവലിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു.

ചെറിയ ക്രിമിനൽ കേസുകൾ ബി.ജെ.പി സർക്കാർ മാത്രമല്ല മുൻ സർക്കാരുകളും പിൻവലിച്ചിട്ടുണ്ടെന്ന ന്യായീകരണവുമായി സാമൂഹിക നീതി മന്ത്രി കൃഷൻ കുമാർ ബേദി രംഗത്തെത്തി. 30 പേരോളം കൊല്ലപ്പെട്ട 2016-ലെ ജാട്ട് സംവരണ പ്രക്ഷോഭത്തിലെ നാശനഷ്ടങ്ങളും നഷ്ടപരിഹാരവും കണക്കു കൂട്ടാൻ സർക്കാർ നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ കൂടിയാണ് മന്ത്രി ബേദി.

അതേസമയം കേസുകൾ പിൻവലിച്ചെങ്കിലും ജാട്ട് വിഭാഗം സംതൃപ്തരല്ലെന്നാണ് സൂചന. ഹരിയാനയിൽ ജാട്ട് പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഓൾ ഇന്ത്യ ജാട്ട് ആരക്ഷൺ സംഘർഷ് സമിതി അമിത് ഷായുടെ റാലി തടസപ്പെടുത്തുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്ന് പ്രസിഡന്റ് യശ്പാൽ മാലിക് വ്യക്തമാക്കി. കേസുകൾ പിൻവലിക്കുക എന്ന പൊടിക്കൈ തന്ത്രങ്ങളിലൂടെ സർക്കാരുകൾ തങ്ങളെ കബളിപ്പിക്കുകയായിരുന്നെന്നും തങ്ങളുടെ പരിപാടിയുമായി മുന്നോട്ടു തന്നെ പോകുമെന്നും അദ്ദേഹം പറഞ്ഞു.
 

Latest News