മാനന്തവാടി-ബംഗളൂരുവില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മരിച്ചു. വെള്ളമുണ്ട കൈപ്പാണി പരേതനായ ആലി ഹാജി-ആമിനി ദമ്പതികളുടെ മകന്‍ ഇബ്രാഹിമാണ്(55) മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാവിലെ ബംഗളൂരു എച്ച്.എ.എല്‍ പരിസരത്തു ഇബ്രാഹിം സഞ്ചരിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിച്ചായിരുന്നു അപകടം. ഞായറാഴ്ച പുലര്‍ച്ചെയാണ് മരണം. കുറച്ചുകാലമായി ബിസിനസ് ആവശ്യാര്‍ഥം ബംഗളൂരുവിലായിരുന്നു ഇബ്രാഹിമിന്റെ താമസം.
വയനാട്ടിലെ അറിയപ്പെടുന്ന സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തകനാണ് ഇബ്രാഹിം. എസ്.എസ്. എഫിലൂടെയാണ് പൊതുരംഗത്തു എത്തിയത്. എസ്.എസ്.എഫ്. ജില്ലാ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, ഡി.ഐ.സി ജില്ലാ സെക്രട്ടറി, ഡി.ഐ.സി.ലെഫ്റ്റ് അഡ്ഹോക് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍, കോണ്‍ഗ്രസ്-എസ് ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1983ല്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലറായിരുന്നു. 2005ല്‍ ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് പ്രതിനിധിയായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലെത്തി. 2010ല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകാലത്തു മുസ്‌ലിംലീഗില്‍ ചേര്‍ന്ന ഇബ്രാഹിം വ്യാപാരി വ്യവസായി ഏകോപന സമിതി, സമസ്ത കേരളാ സുന്നി യുവജന സംഘം, മാനന്തവാടി മുഅസ്സസ കോളേജ്, വെള്ളമുണ്ട അല്‍ ഫുര്‍ഖാന്‍ ഫൗണ്ടേഷന്‍ എന്നിവയുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ പഴഞ്ചന റിലീഫ് കമ്മിറ്റി നടത്തിയ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധ നേടിയിരുന്നു. എസ്.വൈ.എസ് സാന്ത്വനം അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍, വെള്ളമുണ്ട ഫ്രണ്ട്‌സ് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ പ്രസിഡന്റ്, അല്‍കറാമ ഡയാലിസിസ് സെന്റര്‍ ചെയര്‍മാന്‍, നല്ലൂര്‍നാട് സി.എച്ച്.സെന്റര്‍ സെക്രട്ടറി, തളിയപ്പാടത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് കണ്‍വീനര്‍, സ്പന്ദനം ജനറല്‍ സെക്രട്ടറി, പഴഞ്ചന സലാഹുല്‍ ഇസ്‌ലാം മഹല്ല് കമ്മിറ്റി ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ആതുര ശുശ്രൂഷാരംഗത്തെ മികച്ച സേവനത്തിനു നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
ഭാര്യ: മൈമൂന. മക്കള്‍: ഷമീന,ഷഫീന,ഷബ്‌ന. മരുമക്കള്‍: ഷംസീര്‍ വാണിമേല്‍, ഇജാസ് നരിക്കുനി, ജാവേദ് ബത്തേരി. സഹോദരങ്ങള്‍: മമ്മൂട്ടി, യൂസഫ്, ഉമര്‍, സുലൈമാന്‍, ഫാത്തിമ, ആസ്യ, സുലൈഖ. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി സഹോദര പുത്രനാണ്.






