Sorry, you need to enable JavaScript to visit this website.

ഗരിഞ്ച - ഡ്രബ്ലിംഗിലെ ധാരാളി

പെലെയും ഗരിഞ്ചയും ഒരുമിച്ചു കളിച്ച ഒരു മത്സരവും ബ്രസീൽ തോറ്റിട്ടില്ല. 

കളിക്കളത്തിലെ ജീനിയസും കളിക്കളത്തിനു പുറത്തെ വിഡ്ഢിയുമായിരുന്നു മാനെ ഗരിഞ്ച. ഡ്രിബ്‌ളിംഗിലെ ധാരാളി ധൂർത്തടിച്ച് ജീവിച്ച് വെറുംകൈയുമായി മരിച്ചു. സെമിത്തേരിയിലും ഗരിഞ്ചക്ക് സമാധാനമില്ലായിരുന്നു. 

പെലെയും ഗരിഞ്ചയും ഒരുമിച്ചു കളിച്ച മത്സരങ്ങളിൽ ബ്രസീൽ തോറ്റിട്ടേയില്ലെന്നതാണ് ചരിത്രം. 1962 ലെ ലോകകപ്പിൽ പെലെയ എതിരാളികൾ ചവിട്ടിക്കൂട്ടിയപ്പോൾ ബ്രസീലിന്റെ പോരാട്ടം ചുമലിലേറ്റിയ കളിക്കാരനാണ് ഗരിഞ്ച. രണ്ടു തവണ ലോകകപ്പ് നേടി ചട്ടുകാലൻ ജീനിയസ്. ബ്രസീൽ ഏറ്റവും സ്‌നേഹിച്ച കളിക്കാരിലൊരാളായിരുന്നു ഗരിഞ്ച. ചട്ടുകാലനായി ജനിച്ച ഗരിഞ്ച ഫുട്‌ബോളിൽ ഉയരങ്ങളിലെത്തി എന്നതു തന്നെ വിസ്മയമാണ്. അത്യസാധാരണമായിരുന്നു ഗരിഞ്ചയുടെ പ്രതിഭ. 1958 ലും 1962 ലും ലോകകപ്പ് നേടിയ ബ്രസീൽ ടീമിലെ സുപ്രധാന കളിക്കാരനായിരുന്നു ഗരിഞ്ച. ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഡ്രിബ്‌ളറായാണ് ഗരിഞ്ച അറിയപ്പെടുന്നത്. കളിക്കളത്തിനു പുറത്ത് അയാളുടെ ജീവിതം അലങ്കോലമായിരുന്നു. നിരവധി വിവാഹങ്ങൾ, വിവാഹ ബാഹ്യമായി നിരവധി മക്കൾ, അനിയന്ത്രിതമായ മദ്യപാനം, ധൂർത്ത്... 49 വയസ്സാവുമ്പോഴേക്കും ഗരിഞ്ച ലോകത്തോട് വിടപറഞ്ഞു. 


മരിച്ചപ്പോഴും ഗരിഞ്ചക്ക് സമാധാനമുണ്ടായില്ല. കഴിഞ്ഞ വർഷം മൃതദേഹത്തിനായി അന്വേഷണം പോലുമുണ്ടായി. കഴിഞ്ഞ വർഷം ഗരിഞ്ചയുടെ എൺപത്തിനാലാം ജന്മദിനം ആഘോഷിക്കാൻ നഗരത്തിലെ മേയർ റാഫേൽ തുബറാവൊ തീരുമാനിച്ചതോടെയാണ് വിവാദം തുടങ്ങുന്നത്. ഗരിഞ്ചയെ സംസ്‌കരിച്ച് മൂന്നു പതിറ്റാണ്ട് പിന്നിട്ടപ്പോഴാണ് മൃതദേഹത്തെച്ചൊല്ലി വിവാദം പൊട്ടിമുളച്ചത്. 
റിയോഡിജനീറോക്ക് സമീപമുള്ള മാഗെ നഗരത്തിലെ റയ്‌സ് ഡാ സെറ സെമിത്തേരിയിൽ ഗരിഞ്ചയുടെ പേരിൽ രണ്ടു ശവക്കല്ലറകൾ കണ്ടെത്തിയതോടെയാണ് ദുരൂഹത ആരംഭിക്കുന്നത്. 1983 ൽ നാൽപത്തൊമ്പതാം വയസ്സിൽ മരിച്ചപ്പോൾ ശവമടക്കിയ കല്ലറ ഇപ്പോഴുമുണ്ട്. എന്നാൽ മറ്റൊരു കല്ലറയിലും ഗരിഞ്ചയുടെ പേരുണ്ട്. ഭൗതിക ശരീരം എന്നെങ്കിലും മറ്റൊരു കല്ലറയിലേക്ക് മാറ്റിയതായി ഒരു രേഖയുമില്ല. രണ്ടു ശവക്കല്ലറയിലെയും മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് ഡി.എൻ.എ പരിശോധന നടത്തണമെന്ന ആവശ്യമുയർന്നു. 


മൃതദേഹം എവിടെയാണെന്ന കാര്യത്തിൽ കുടുംബാംഗങ്ങൾക്കിടയിലും ഭിന്നതയാണ്. ചിലർ പറയുന്നു മൃതദേഹം മാറ്റിയതായി രേഖകളൊന്നുമില്ലെന്നാണ്. 1985 ൽ മാറ്റിയിട്ടുണ്ടെന്ന് മറ്റു ചിലർ വാദിക്കുന്നു. 
രണ്ട് ശവക്കല്ലറകളും തമ്മിൽ 200 മീറ്റർ അകലമേയുള്ളൂ. രണ്ടിലും ഗരിഞ്ചയല്ലെന്നും സംശയമുണ്ട്. ഗരിഞ്ചയുടെ ശവശരീരമെടുത്ത് മറ്റൊരിടത്തേക്ക് മാറ്റിയതായി സംസാരമുണ്ടെന്നും എന്നാൽ അതിന് രേഖകളില്ലെന്നുമാണ് സെമിത്തേരി അഡ്മിനിസ്‌ട്രേറ്റർ പ്രിസില ലൈബീരിയൊ പറയുന്നത്. കുടുംബത്തിന്റെ അനുവാദമില്ലാതെ ഏതാനും വർഷം മുമ്പ് ശരീരാവശിഷ്ടങ്ങൾ മാറ്റിയെന്നാണ് ഗരിഞ്ചയുടെ മകൾ റൊസാഞ്ചല സാന്റോസ് പറയുന്നത്. 

Latest News