90 വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം

ഹരിപ്പാട്- വീടിന്റെ ഓടിളക്കി അകത്തുകടന്ന് 90 വയസ്സുള്ള വയോധികയെ പീഡിപ്പിച്ച കേസില്‍ 27 കാരനായ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. പുറമേ രണ്ടര ലക്ഷം രൂപ പിഴയും അടക്കണം. മാവേലിക്കര സ്വദേശിനിയായ വയോധികയെയാണ് യുവാവ് ക്രൂരമായി പീഡിപ്പിച്ചത്. കണ്ടിയൂര്‍ കുരുവിക്കാടുകോളനിയില്‍ ഗിരീഷിനെയാണു ഹരിപ്പാട് അതിവേഗക്കോടതി ജഡ്ജി കെ. വിഷ്ണു ശിക്ഷിച്ചത്.                
2017 മാര്‍ച്ച് 30 നാണ് പീഡനം നടന്നത്. മകള്‍ക്കൊപ്പമാണ് വയോധിക താമസിച്ചിരുന്നത്. സംഭവ ദിവസം മകള്‍ വീട്ടിലില്ലാതിരുന്ന നേരത്താണ്  ഓടിളക്കിയ ശേഷം രാത്രി വീട്ടില്‍ പ്രവേശിച്ച് പ്രതി ക്രൂരകൃത്യം ചെയ്തത്. പീഡനത്തിനിരയായ വയോധിക പിന്നീട് മരിച്ചു. പീഡനം നടത്തിയ ശേഷം വീട്ടില്‍നിന്ന് മടങ്ങിയ പ്രതി മൊബൈല്‍ ഫോണ്‍ എടുക്കാന്‍ മറന്നതാണ് കേസില്‍ തെളിവായത്. മാവേലിക്കര ഇന്‍സ്‌പെക്ടര്‍ പി. ശ്രീകുമാറാണു കേസ് അന്വേഷിച്ചത്. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകള്‍ നിരത്തിയാണു പ്രോസിക്യൂഷന്‍ വാദിച്ചത്. 25 സാക്ഷികളെ വിസ്തരിച്ചു. 38 രേഖകള്‍ ഹാജരാക്കി. 19 തൊണ്ടിമുതലുകള്‍ ശാസ്ത്രീയ പരിശോധന നടത്തി തെളിവു ശേഖരിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 376-ാം വകുപ്പുപ്രകാരം പ്രതിക്കു ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയുമാണു കോടതി വിധിച്ചത്. ഏഴുവര്‍ഷം തടവും 50,000 രൂപപിഴയും പ്രത്യേകമായും വിധിച്ചിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എസ്. രഘു ഹാജരായി.

 

Latest News