ആര്യന്‍ ഖാന്‍ വീട്ടിലെത്തി; സന്തോഷത്തോടെ ഷാരൂഖ് സിദ്ധിവിനായക് ക്ഷേത്രത്തിലേക്ക്

മുംബൈ- ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ അറസ്റ്റിലായി 26 ദിവസം അകത്തു കിടന്ന മകന്‍ ആര്യന്‍ ഖാന്‍ ജാമ്യം ലഭിച്ച് വീട്ടിലെത്തിയതോടെ നന്ദിസൂചക പ്രാര്‍ത്ഥനയ്ക്കായി ഷാരൂഖ് ഖാന്‍ ഉടന്‍ സിദ്ധിവിനായക ക്ഷേത്രം സന്ദര്‍ശിക്കുമെന്ന് റിപോര്‍ട്ട്. ഷാരൂഖിന്റെ വീടായ മന്നത്തില്‍ വലിയ ആഘോഷത്തോടെയാണ് ആര്യനെ കുടുംബം വരവേറ്റത്. പുറത്ത് പടക്കം പൊട്ടിച്ചും ധോല്‍ കൊട്ടിയും ബാനറുകളുമായും ഷാരൂഖിന്റെ നൂറുകണക്കിന് ആരാധകര്‍ ഒത്തു ചേര്‍ന്നിരുന്നു. 

ഷാരൂഖ് ഉടന്‍ ക്ഷേത്ര ദര്‍ശനം നടത്തിയേക്കുമെന്ന് അദ്ദേഹവുമായി അടുപ്പമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് റിപോര്‍ട്ട് ചെയ്തത്. ഗണേഷ് ഉത്സവം എല്ലാ വര്‍ഷവും ഷാരൂഖ് വീട്ടില്‍ ആഘോഷിക്കുന്ന പതിവുണ്ട്. വീട്ടില്‍ ഒരു ഗണപതി വിഗ്രഹവും അദ്ദേഹം സൂക്ഷിക്കുന്നതായും ഷാരൂഖിന്റെ വീട്ടിലെ ഉള്ളുകള്ളികള്‍ അറിയാവുന്ന ഒരാള്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്യുന്നു. ആര്‍തര്‍ റോഡ് ജയിലലില്‍ നിന്ന് മകന്‍ ആര്യന്‍ മോചിതനായതിലുള്ള സന്തോഷം ഗണപതി ബപ്പയോട് പ്രകടിപ്പിക്കുന്നതിനാണ് ക്ഷേത്ര സന്ദര്‍ശനമെന്നും റിപോര്‍ട്ടില്‍ പറയുന്നു. 

ഷാരൂഖ് സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും എല്ലാ വര്‍ഷവും വീട്ടിലെ പൂജാ ചിത്രവും ഗണപതി വിഗ്രഹ ചിത്രവും അദ്ദേഹം പങ്കിടാറുണ്ട്. ഇത്തവണയും അദ്ദേഹം ഗണപതി വിഗ്രത്തിന്റെ ചിത്രം ആരാധകരുമായി പങ്കിട്ടിരുന്നു.
 

Latest News