ഖാര്‍ത്തൂം- സുഡാനില്‍ പട്ടാള അട്ടിമറിക്കെതിരെ പ്രക്ഷോഭകര്‍ വന്‍ പ്രതിഷേധത്തിനൊരുങ്ങുന്നു. അധികാരം പിടിച്ചെടുത്ത സൈനികനേതൃത്വത്തിനെതിരെ 10 ലക്ഷം പേരെ അണിനിരത്തിയുള്ള പ്രകടനത്തിനാണ് സുഡാന്‍ സാക്ഷ്യം വഹിക്കുക.
സിവിലിയന്‍ ഭരണത്തിലേക്കുള്ള പരിവര്‍ത്തനം അവതാളത്തിലാക്കി പട്ടാള അട്ടിമറിക്ക് ശേഷം വിവിധ സ്ഥലങ്ങളില്‍ വലിയ സംഘട്ടനമാണ് നടന്നത്. സൈന്യത്തിനെതിരെ ജനം തെരുവിലിറങ്ങിയിരിക്കുകയാണ്. തിങ്കളാഴ്ചയാണ് പട്ടാളം അധികാരം പിടിക്കുകയും പരിവര്‍ത്തന സര്‍ക്കാരിനെ പിരിച്ചുവിടുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തത്.
തുടര്‍ന്ന് ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ പട്ടാളം അടിച്ചമര്‍ത്തലാരംഭിച്ചു. ഇതിനകം എട്ട് പേര്‍ മരിക്കുകയും 170 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.