മോഡി ആക്ഷേപിച്ച നെഹ്‌റുവിനെ പുകഴ്ത്തി ബിജെപി എംപി വരുണ്‍ ഗാന്ധി

ലഖ്‌നൗ-പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ ആക്ഷേപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കു പിറകെ, നെഹ്‌റുവിനെ പുകഴ്ത്തി  ബിജെപി എംപി വരുണ്‍ ഗാന്ധി. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി  നെഹ്‌റു സ്വന്തം ജീവിതവും കുടുംബത്തേയും ബലിനല്‍കി ശരീരത്തില്‍ മുറിവുകളേറ്റു വാങ്ങിയിട്ടുണ്ടെന്ന കാര്യം യുവജനങ്ങള്‍ അറിയണമെന്ന് ലഖനൗവില്‍  യുവജന സമ്മേളനത്തില്‍ വരുണ്‍ പറഞ്ഞു.
നെഹ്‌റു ആദ്യ പ്രധാനമന്ത്രിയായ ശേഷം രാജാവിനെ പോലെ ആഡംബരത്തിലാണ് കഴിഞ്ഞിരുന്നതെന്നാണ് പലരും കരുതുന്നത്. പ്രധാനമന്ത്രി ആകാന്‍ വേണ്ടി നെഹ്‌റു പതിനഞ്ചര കൊല്ലം ജയിലില്‍ കിടന്നിട്ടുണ്ടെന്ന കാര്യം ഇവരറിയില്ല. 15 വര്‍ഷത്തിനു ശേഷം പ്രധാനമന്ത്രിയാക്കാമെന്ന വാഗ്ദാനം നല്‍കി ആരെങ്കിലും ഇക്കാലത്ത് എന്നെ പിടിച്ചു ജയിലിലിടാന്‍ വന്നാല്‍ എന്നെ വെറുതെ വിട്ടേക്കൂ എന്നായിരിക്കും ഞാന്‍ പറയുക. അത്രയും കാലമൊന്നും ജീവനോടെ ഇരിക്കാന്‍ കഴിഞ്ഞെന്നു വരില്ല- അദ്ദേഹം പറഞ്ഞു.
രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുന്നതില്‍ ആശങ്കയുണ്ടെന്നും വരുണ്‍ ഗാന്ധി പറഞ്ഞു. മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള പരസ്യ, പ്രചാരണ വകുപ്പായ ഡിഎവിപിയുടെ പ്രവര്‍ത്ത രീതി ശരിയല്ലെന്ന് പത്രങ്ങള്‍ക്ക് വിവേചനപരമായി പരസ്യം നല്‍കുന്നത് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ഇതു പരിഹരിക്കപ്പെടണം. സംസ്ഥാനങ്ങളിലെ അവസ്ഥയും സമാനമാണ്. ഒരു സംസ്ഥാന സര്‍ക്കാര്‍ പരസ്യം നിഷേധിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ വലിയ പത്രങ്ങളിലൊന്ന് ഒരു വര്‍ഷമായി പ്രസിദ്ധീകരിക്കുന്നത് പരസ്യങ്ങളില്ലാതെയാണ്. ആരുടേയും പേര് പരമാര്‍ശിക്കുന്നില്ല. ആ സംസ്ഥാനത്തെ ഏറ്റവും വലിയ പത്രമാണതെന്ന് ഓര്‍ക്കണം-  വരുണ്‍ ചൂണ്ടിക്കാട്ടി.

 

Latest News