Sorry, you need to enable JavaScript to visit this website.

സ്‌കൂളുകൾ വീണ്ടും തുറക്കുമ്പോൾ

വീണ്ടും കലാലയങ്ങൾ തുറക്കുകയാണ്. ചരിത്രത്തിൽ ഇതുവരെയില്ലാത്ത  ഒരു നീണ്ട കാത്തിരിപ്പിനു ശേഷമാണ് കുട്ടികൾ സ്‌കൂളിൽ എത്തിത്തുടങ്ങുന്നത്. ഈ ദീർഘമായ ഇടവേള കുട്ടികളിലും രക്ഷിതാക്കളിലും അധ്യാപകരിലും ഒട്ടനവധി ആത്മ പരിചിന്തനങ്ങൾക്കും വിശകലനങ്ങൾക്കും വേറിട്ട അനുഭവങ്ങൾക്കും ഉപകരിച്ചിരിക്കും.
വിവര വിനിമയത്തിന്റെയും അധ്യാപനത്തിന്റെയും  ഒരുപാട് നൂതന  മേഖലകളിലേക്ക് അധ്യാപകർ വ്യാപരിച്ചു കഴിഞ്ഞു. മൊബൈൽ ഫോൺ പരമാവധി  നൽകാതെ കുട്ടികളിൽ നിന്ന് അകറ്റി നിർത്തിയ രക്ഷിതാക്കളും ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ടാവണം.
വിദ്യാർത്ഥികളാവട്ടെ,  എല്ലാ പാഠങ്ങളും ഇപ്പോൾ ഓൺലൈനിൽ ലഭ്യമായ സൗകര്യത്തിലും ആണ്. സമന്വയ വിദ്യാഭ്യാസത്തിന്റെ കാലമാണ് ഇനി വരാനിരിക്കുന്നത്. ക്ലാസ് മുറിക്കകത്തുള്ള പഠനത്തോടൊപ്പം ഓൺലൈൻ പഠന സൗകര്യങ്ങളും ഫലവത്തായി കൂട്ടിയിണക്കിയുള്ള പഠന പദ്ധതിയാണത്.

ഇതൊക്കെയാണെങ്കിലും അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ ക്ലാസ് മുറിക്കകത്തു നടക്കുന്ന പഠന ബോധന വ്യവഹാരങ്ങളുടെ  പ്രസക്തി മുമ്പത്തേക്കാളും ഏറിവരികയാണെന്നതിൽ തർക്കമില്ല. 
അധ്യാപനത്തിന്റെ കലയും ശാസ്ത്രവുമറിയുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നില്ലേ എന്ന ചിന്തയും ഇത്തരുണത്തിൽ  പ്രസക്തമാണ്.

എന്റെ ഒരു വിദ്യാർഥിയുടെ കഥ ഓർമ വരുന്നു.  അദ്ദേഹം ചേച്ചി പഠിച്ച വിദ്യാലയത്തിൽ എട്ടാം തരത്തിൽ ചേർന്നു  പഠനം തുടങ്ങിയപ്പോൾ  ഒരു ദിവസം ക്ലാസിൽ എന്തോ കുസൃതി കളിച്ചതിന്  അച്ചടക്കക്കുറവ് ആരോപിച്ച്  ക്ലാസ് മാനേജ്‌മെന്റിൽ വേണ്ടത്ര പരിചയമില്ലാത്ത ഒരു  ടീച്ചർ അവനെ സ്റ്റാഫ് റൂമിൽ കൊണ്ടുപോയി നിർത്തിയത്രേ. എല്ലാവരും  നന്നായി പഠിക്കുന്ന  ചേച്ചിയുടെ പുന്നാര കുഞ്ഞാങ്ങളയെ കുത്തിപ്പറഞ്ഞും പരിഹസിച്ചും രസിച്ച കഥ സരസമായാണവനവതരിപ്പിച്ചതെങ്കിലും ആ ദുരനുഭവം അവനിൽ ചെലുത്തിയ  ദുഃസ്വാധീനം ചെറുതല്ലായിരുന്നു.

അവനെ നാണം കെടുത്തിയ അധ്യാപകരോടുള്ള അടങ്ങാത്ത വെറുപ്പും അതുമൂലം പഠനത്തിൽ ഉണ്ടായ താൽപര്യക്കുറവും അവനെ വിടാതെ പിന്തുടർന്നു.   അവന്റെ ആത്മബോധത്തിൽ ഏറ്റ മുറിവ് ചെറുതല്ലായിരുന്നു. ശാരീരികമായി അൽപം വളർച്ച കൂടുതലുള്ള  അവനെ എല്ലാ അധ്യാപകരും  ഇടവിടാതെ ചേച്ചിയുമായി താരതമ്യം ചെയ്തു കളിയാക്കിക്കൊണ്ടിരുന്നു. കുട്ടികളിൽ നല്ല ശീലം വളർത്താനും പഠനത്തിൽ താൽപര്യമുണ്ടാക്കാനുമൊക്കെ മുറിവേൽപിക്കുന്ന പരിഹാസവും  താരതമ്യപ്പെടുത്തലും ഉപയോഗിക്കുന്ന ചില അധ്യാപകരുണ്ട്. അവരറിയുന്നില്ല, അവരുടെ വാക്കുകൾ കുട്ടികളെ  വളർത്തുകയല്ല  തളർത്തുകയാണ് ചെയ്യുന്നതെന്ന് . അന്ന് മുറിവേറ്റ ആ കുട്ടി പത്താം ക്ലാസ് കഷ്ടിച്ച് പാസായതിന് ശേഷം  പഠനമുപേക്ഷിച്ച് മറ്റു കൂലിപ്പണിക്ക് ഇറങ്ങിത്തിരിച്ചു.  ഇതിനിടയിൽ അവന്റെ സുഹൃത്തുക്കളുടെയും  രക്ഷിതാക്കളുടെയും പ്രേരണയിൽ മറ്റൊരു വിദ്യാലയത്തിൽ പ്ലസ് ടുവിന് ചേർന്നു.  പ്ലസ്ടു പഠന കാലയളവിൽ തന്റെ കഴിവുകൾ കണ്ടെത്തി വളർത്തിയെടുത്ത  ഒരു കൂട്ടം മികച്ച അധ്യാപകരുടെ ശിക്ഷണത്തിൽ   ആ മിടുക്കൻ പഠിച്ചുയർന്നു. ഇപ്പോൾ അദ്ദേഹം  നാട്ടിലെ  ശ്രദ്ധേയനായ ഒരു സർക്കാർ  ഉദ്യോഗസ്ഥനും പ്രഗൽഭനായ ഒരു പരിശീലകനുമാണ്.  

പരിഹസിച്ചും താരതമ്യം ചെയ്തും   കുട്ടികളെ വഷളാക്കുന്ന അധ്യാപകരും രക്ഷിതാക്കളും വഴി വെട്ടുന്നത് ആത്മവിശ്വാസം നഷ്ടപ്പെട്ട് റബൽ മനഃസ്ഥിതിയുമായി നടക്കുന്ന  ഒരു പറ്റം
നിരാലംബരുടെ ഇടയിലേക്കാണെന്നത് മറക്കരുത്. ദയവായി നിസ്സാര കാര്യങ്ങൾക്ക് കുട്ടികളെ സ്റ്റാഫ് റൂമിൽ കൊണ്ടുപോയി  നിർത്തി തേജോവധം ചെയ്യുന്ന ആ അപരിഷ്‌കൃത രീതി അത്തരം ശീലമുള്ള എല്ലാ അധ്യാപകരും കഴിയാവുന്നത്ര ഒഴിവാക്കണം. ഒപ്പം വളരുന്ന കുട്ടികളിലെ വിരുദ്ധ പ്രവണതകളെ തിരിച്ചറിഞ്ഞ് അവർക്കാവശ്യമായ കൗൺസലിംഗ് നൽകുന്നതിനുള്ള സാഹചര്യം വിദഗ്ധരായവരുടെ പിന്തുണയോടെ  വിദ്യാലയങ്ങൾ കാര്യക്ഷമമാക്കണം. 

വിദ്യാലയങ്ങളും വീടും കുട്ടികളിലെ നല്ല പ്രവണതകളെ കാലേക്കൂട്ടി കണ്ടെത്തി പ്രോൽസാഹിപ്പിക്കുന്ന ഇടങ്ങളായി മാറണം. വിദ്യാലയത്തിൽ നിന്നകന്ന് നിന്ന നാളുകളിൽ  മൊബൈൽ ഫോൺ ഉപയോഗത്തിലൂടെ പല സവിശേഷ സിദ്ധികളും കുട്ടികൾ വളർത്തിയെടുത്തിട്ടുണ്ടാവും. അവ തിരിച്ചറിഞ്ഞ് അവരെ ക്രിയാത്മകമായി വളർത്തിയെടുക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.  അതോടൊപ്പം തന്നെ ക്രമാതീതമായ തരത്തിൽ ആ സാങ്കേതിക വിദ്യ ഉപയോഗിച്ചതിന്റെ ഫലമായി  കുട്ടികളിൽ പല പെരുമാറ്റ വൈകല്യങ്ങളും കണ്ടേക്കാം. അവയൊക്കെ അവധാനതയോടെ പറഞ്ഞ് മനസ്സിലാക്കി  സൃഷ്ടിപരമായ നിർദേശങ്ങളിലൂടെ ആരോഗ്യപരമായ ശീലങ്ങളും പദ്ധതികളും ആവിഷ്‌കരിച്ച് അത്തരം വിദ്യാർത്ഥികൾക്ക് ആവശ്യമായ മാനസിക പിന്തുണയും സവിശേഷമായ പരിചരണവും നൽകേണ്ടതുണ്ട്.

Latest News