പ്രവാസം@ 31, അനുഭവങ്ങൾ പകർന്നത് കരുണയും കരുത്തും

റോയ് മാത്യുവും കുടുംബവും  
റോയ് മാത്യു

ജിദ്ദ ഒ.ഐ.സി.സി, കേരള കലാസാഹിതി, വേൾഡ് മലയാളി ഫെഡറേഷൻ, ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ക്ലബ് എന്നിവയുടെ സാരഥിയായ റോയ് മാത്യു മൂന്നു പതിറ്റാണ്ടിന്റെ പ്രവാസാനുഭവങ്ങളുമായി നാട്ടിലേക്ക് മടങ്ങുന്നു 

 

ഗൾഫ് യുദ്ധത്തിനു തൊട്ടുമുമ്പാണ് തമിഴ്‌നാട് - കേരളാതിർത്തിയിലെ ശാന്തസുന്ദരമായ ഗ്രാമത്തിൽ നിന്ന് റോയ് മാത്യു എന്ന യുവാവ് ജിദ്ദയിലെത്തിയത്. അതിരുകളില്ലാത്ത സൗഹൃദത്തിന്റെ ലോകത്തായിരുന്നു പിന്നീടങ്ങോട്ട്. കലാസാംസ്‌കാരിക കൂട്ടായ്മകളിലും ജീവകാരുണ്യ രംഗങ്ങളിലും സാമൂഹിക സേവന രംഗങ്ങളിലും നിറഞ്ഞു നിന്ന മൂന്നു പതിറ്റാണ്ട്. പ്രവാസം, പരസേവനത്തിനു കൂടി ഉപയോഗിക്കാമെന്ന് തെളിയിക്കുന്ന പ്രവർത്തനങ്ങളാണ് റോയ് മാത്യു പിന്നീട് കാഴ്ച വെച്ചത്. ജിദ്ദാ ജീവിതം പകർന്ന അനുഭവങ്ങളുടെ കരുത്തുമായി റോയ് മാത്യുവും കുുടുംബവും അടുത്തയാഴ്ച നാട്ടിലേക്ക് മടങ്ങുന്നു.  
രോഗികളായ നിർധനരേയും നിയമക്കുരുക്കിലകപ്പെട്ട പ്രവാസികളേയും സഹായിക്കുകയെന്നത് ജീവിത വ്രതമായെടുത്ത ഈ പ്രവാസി, ജിദ്ദയിലെത്തി പിറ്റേ വർഷം തന്നെ (1991) ഷെൽ ഓയിൽ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. ഒ.ഐ.സി.സിയുടെയും കേരള കലാസാഹിതിയുടെയും പ്രവർത്തനങ്ങളുമായി സഹകരിക്കാനാരംഭിച്ചതിനു ശേഷം സുഹൃദ് വലയം വിപുലമാവുകയും ക്ലേശങ്ങളനുഭവിക്കുന്ന പ്രവാസികളുടെ സഹായത്തിനായി മുന്നിട്ടിറങ്ങുകയും ചെയ്തു.

ജിദ്ദയിലെ ആദ്യകാല സാംസ്‌കാരിക കൂട്ടായ്മയായ കലാസാഹിതിയുടെ സെക്രട്ടറിയായും പ്രസിഡന്റായും നേതൃപദവിയിലിരുന്നു. പ്രവാസം മതിയാക്കുമ്പോൾ റോയ് ഈ സംഘടനയുടെ അഡൈ്വസറി ബോർഡംഗമാണ്. വേൾഡ് മലയാളി ഫെഡറേഷൻ പ്രസിഡന്റായും മലയാളം ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ക്ലബ് പ്രസിഡന്റായും റോയ് മാത്യു പ്രവർത്തിക്കുന്നു.
കലാസാഹിതിയുടെ നേതൃത്വത്തിൽ മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിനെ ജിദ്ദയിൽ കൊണ്ടു വരുന്നതിനും ഗ്രീക്ക് കോൺസുലേറ്റ് ഓഡിറ്റോറിയത്തിൽ പൊതുസ്വീകരണം നൽകുന്നതിനും റോയ്മാത്യു വഹിച്ച പങ്ക് എടുത്തു പറയേണ്ടതുണ്ട്. സംവിധായകരായ കമൽ, അലി അക്ബർ, എഴുത്തുകാരൻ അക്ബർ കക്കട്ടിൽ, ഗസൽ ഗായകൻ നജ്മൽ ബാബു എന്നിവർക്ക് സ്വീകരണമൊരുക്കുന്നതിനും റോയ് മാത്യു സ്തുത്യർഹമായ പങ്ക് വഹിച്ചു. ഇന്ത്യൻ കോൺസുലേറ്റിൽ കലാസാഹിതിയുടെ നൃത്തോൽസവം നടത്തുന്നതിലും മുഖ്യ പങ്ക് വഹിച്ചു. കേരളോൽസവത്തോടനുബന്ധിച്ച് കോൺസുലേറ്റിൽ നടത്തിയ സംഗീത - നാടക ശിൽപത്തിൽ കേരളം കാണാനെത്തുന്ന വിദേശ സഞ്ചാരിയായി റോയ് മാത്യു വേഷമിട്ടത് പ്രേക്ഷകരെ ഹരം കൊള്ളിച്ചു.  


ഒ.ഐ.സി.സി നാഷനൽ കമ്മിറ്റിയുടെ ഹെൽപ് ഡെസ്‌ക് എന്ന സേവന കൂട്ടായ്മയുമായി സഹകരിച്ച് പ്രവർത്തിക്കാനും നിരവധി പേർക്ക് ആവശ്യമായ സഹായം നൽകുന്നതിനും സഹപ്രവർത്തകരോടൊപ്പം റോയ് മാത്യു മുൻനിന്ന് പ്രവർത്തിച്ചു. സേവനം ആവശ്യമുള്ള പ്രവാസികൾക്കായി ആശുപത്രികളുമായും തർഹീൽ - കോൺസുലേറ്റ് ക്രമീകരണങ്ങളുമായും ബന്ധപ്പെടാനുള്ള പ്രവർത്തനങ്ങളിലും റോയ് മുഴുകി. കോവിഡ് കാലത്തും അല്ലാതെയുമുള്ള പല സമയങ്ങളിലായി ജിദ്ദയിലും പരിസരങ്ങളിലും മരണപ്പെട്ട മലയാളികളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനും മറ്റും വോളണ്ടിയർ രംഗത്ത് സജീവമായി. ഭാര്യ പുനലൂർ സ്വദേശി ഷീബ, ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ കഴിഞ്ഞ 27 വർഷമായി ഹിന്ദി അധ്യാപികയായി സേവനമനുഷ്ഠിക്കുന്നു. ഷിംലയിൽ പഠിച്ചുവളർന്ന ഷീബ, ഇന്ത്യൻ സ്‌കൂളിൽ ഹിന്ദി ഭാഷാധ്യാപികയായി ചുമതലയേറ്റ ആദ്യ മലയാളിയാണ്. 2008 ൽ കാനഡയിലേക്ക് പോയി അവിടെ കുറച്ചുകാലം ജീവിച്ച് തിരികെ ജിദ്ദയിൽ തന്നെയെത്തിയ റോയിയും കുടുംബവും ഇവിടെത്തന്നെ തുടരുകയായിരുന്നു. ബ്രിട്ടൻ, ചെക്ക് റിപ്പബ്ലിക്, ബെൽജിയം എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയിട്ടുള്ള റോയ് മാത്യുവിന് ലോകമെമ്പാടും വിപുലമായ സുഹൃദ് വലയമാണുള്ളത്. ഷെൽ ഓയിൽ കമ്പനിയിൽ നിന്ന് വിട്ട ശേഷം മൊബീൽ പെട്രോ കെമിക്കൽസിന്റെ ലോജിസ്റ്റ്ക്‌സ് ഹെഡായാണ് റോയ് ജോലി ചെയ്യുന്നത്. ഇതിനിടെ സുഹൃത്തുക്കളായ അഷ്‌റഫ് കുന്നത്ത്, അബ്ദുൽ സലാം എന്നിവരോടൊപ്പം ചേർന്ന് കായംകുളത്തിനടുത്ത താമരക്കുളത്ത് പരിസ്ഥിതി സൗഹൃദത്തിനു പ്രാമുഖ്യം നൽകുന്ന ഒരു പെയിന്റ് ഫാക്ടറിയാരംഭിക്കുകയും അതിപ്പോൾ നല്ല നിലയിൽ മുന്നോട്ടു പോവുകയും ചെയ്യുന്നു. 


ഗന്ധമോ അത് മൂലമുള്ള അലർജിയോ ഇല്ലാത്തതാണ് പ്രകൃതിയോടിണങ്ങുന്ന, നാച്വർലൈറ്റ് എന്ന് പേരുള്ള ഈ പെയിന്റ്. നാട്ടിൽ തിരിച്ചെത്തി, സേവന പ്രവർത്തനങ്ങളിൽ മുഴുകുകയും തിരിച്ചുപോയ ജിദ്ദാ പ്രവാസികളുടെ ഏകോപനത്തിനു ശ്രമിക്കുകയും ചെയ്യണമെന്നാണ് ആഗ്രഹമെന്ന് റോയ് മാത്യു പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് അമ്പത് കിലോമീറ്ററകലെ കുലശേഖരത്താണ് ഇപ്പോൾ താമസമെങ്കിലും മലബാർ കേന്ദ്രീകരിച്ച് പ്രവർത്തനം തുടരാനാണ് ആലോചിക്കുന്നത്. മകൾ രേഷ്മയും ഭർത്താവ് സഖറിയ അറപ്പുരയും (സാക്) യു.കെയിലെ ബ്രിസ്റ്റോളിലാണ്- ഇവരുടെ മകൻ ജോർജ് സഖറിയ. റോയ് മാത്യുവിന്റെ ആൺമക്കളായ റൂബനും റോഹനും ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു. 
- എല്ലാ നല്ല അനുഭവങ്ങൾക്കും ജീവിത വിജയങ്ങൾക്കും ഈ പുണ്യഭൂമിയോട് കടപ്പെട്ടിരിക്കുന്നു. ഇവിടത്തെ നല്ല മനുഷ്യരും നല്ല പ്രവാസികളും പകർന്നു തന്ന സ്‌നേഹത്തിന്റെ ഒട്ടേറെ ഓർമകളുമായാണ് പ്രവാസത്തിന്റെ പടിയിറക്കം. പരമകാരുണികനായ ദൈവത്തിനു അളവറ്റ സ്തുതി -റോയ്മാത്യു പറഞ്ഞു. 

 


 

Latest News