മാനസിക സമ്മർദ്ദമാണ് ചർമത്തിൽ പെട്ടെന്ന് ചുളിവുകൾ വീഴ്ത്തുന്നതിന് പ്രധാന കാരണമാകുന്നത്. അമിത സമ്മർദ്ദം ശരീരത്തിനകത്ത് സ്വതന്ത്ര മൂലകങ്ങൾ ഉൽപാദിപ്പിക്കപ്പെടാൻ ഇടയാക്കുന്നുണ്ട്. ഈ സ്വതന്ത്ര മൂലകങ്ങൾ കോശങ്ങളെ നശിപ്പിക്കുകയും അതുവഴി ചർമത്തിന്റെ ആരോഗ്യം ഇല്ലാതാക്കുകയും ചെയ്യും. എല്ലാ കാര്യങ്ങളെയും പോസിറ്റീവായി കാണാൻ ശ്രമിക്കുന്നത് അനാവശ്യ സമ്മർദ്ദങ്ങൾ ഒഴിവാക്കുന്നതിനുള്ള നല്ലൊരു മാർഗമാണ്.
ശരിയായ പോഷകാഹാരങ്ങൾ കഴിക്കാത്തതും സമ്മർദ്ദം നിറഞ്ഞ ജീവിത സാഹചര്യങ്ങളും അതിനപ്പുറം സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ പതിക്കുന്നതുമെല്ലാമാണ് ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ചർമ്മത്തെ ദോഷകരമായി ബാധിക്കുന്നത്. പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ അമിതമായി കഴിച്ചു തുടങ്ങിയ ഈ കാലത്ത് 25 വയസ്സിന് മുകളിലേക്ക് പ്രായമെത്തുമ്പോൾ തന്നെ അതിന്റെ അടയാളങ്ങൾ പലരിലും ചർമ്മത്തിലൂടെ കണ്ടു തുടങ്ങുന്നു. 30 വയസ്സിന് മുകളിലെത്തുന്ന സ്ത്രീകളിൽ പലരിലും പ്രായത്തിന്റെ അടയാളങ്ങൾ ചർമ്മത്തിൽ തനിയെ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ഇവ തടയാനും ചർമത്തെ ആരോഗ്യകരമാക്കാനും സഹായിക്കുന്ന പ്രകൃതിദത്തമായ നിരവധി മാർഗങ്ങളുണ്ട്. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും ജീവിത രീതികളുമാണ് ഇതിൽ പ്രധാനം.
ശരിയായ ഭക്ഷണവും വെള്ളവും
ശരീരത്തിലെ കോശങ്ങൾ ഓരോ ദിവസവും പുനർനിർമ്മിക്കപ്പെടുന്നതാണ്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നില്ലെങ്കിൽ ഈ പ്രക്രിയക്ക് തടസ്സം നേരിടും. പ്രോസസ് ചെയ്യാത്തതും പ്രകൃതിദത്തവുമായ ഭക്ഷണം ചർമത്തിന്റെ നവീകരണത്തിനും ആരോഗ്യമുള്ള കോശങ്ങളുടെ ഉൽപാദനത്തിനും സഹായിക്കും. ഭക്ഷണത്തോടൊപ്പം തന്നെ വെള്ളവും ശരീരത്തിന് ആവശ്യമാണ്. ദിവസവും 2-3 ലിറ്റർ വെള്ളം കുടിക്കുന്നത് ചർമത്തിന്റെ മൃദുലതയും ശുദ്ധിയും നിലനിർത്താൻ ഉപകരിക്കും. വെള്ളം ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും കോശങ്ങൾക്ക് കൂടുതൽ ജലാംശം ലഭിക്കാനും സഹായിക്കുന്നു. വെള്ളം കുടിച്ച് ദിനം ആരംഭിക്കുന്നത് പ്രായക്കൂടുതൽ തോന്നാതിരിക്കാൻ നല്ലതാണ്. ചർമത്തിന് ചെറുപ്രായത്തിൽ തന്നെ ചുളിവ് അനുഭവപ്പെടാതിരിക്കാൻ ഇതുപകരിക്കും.
വ്യായാമം അനിവാര്യം
യൗവനം നിലനിർത്താൻ സഹായിക്കുന്ന ഏറ്റവും ലളിതമായ മാർഗമാണ് വ്യായാമം. ശരീരത്തിലെ രക്തപ്രവാഹം വർദ്ധിപ്പിക്കുകയും ഭക്ഷണത്തിലൂടെ ലഭിക്കുന്ന പോഷകങ്ങൾ ശരിയായ സ്ഥാനങ്ങളിൽ എത്തിക്കുകയും ചെയ്യാൻ വ്യായാമം അനിവാര്യമാണ്. ഏതു തരം വ്യായാമവും ചർമത്തിനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്. നടത്തം, ജോഗിംഗ്, യോഗ തുടങ്ങിയവ ദിനചര്യയുടെ ഭാഗമാക്കാവുന്നതാണ്. എയ്‌റോബിക്‌സ് വ്യായാമങ്ങൾ ശരീരത്തിന് ഉണർവും ഉന്മേഷവും ആരോഗ്യവും നൽകുന്നതാണ്.
സമ്മർദ്ദം ഒഴിവാക്കുക
മാനസിക സമ്മർദ്ദമാണ് ചർമത്തിൽ പെട്ടെന്ന് ചുളിവുകൾ വീഴ്ത്തുന്നതിന് പ്രധാന കാരണമാകുന്നത്. അമിത സമ്മർദ്ദം ശരീരത്തിനകത്ത് സ്വതന്ത്ര മൂലകങ്ങൾ ഉൽപാദിപ്പിക്കപ്പെടാൻ ഇടയാക്കുന്നുണ്ട്. ഈ സ്വതന്ത്ര മൂലകങ്ങൾ കോശങ്ങളെ നശിപ്പിക്കുകയും അതുവഴി ചർമത്തിന്റെ ആരോഗ്യം ഇല്ലാതാക്കുകയും ചെയ്യും. എല്ലാ കാര്യങ്ങളെയും പോസിറ്റീവായി കാണാൻ ശ്രമിക്കുന്നത് അനാവശ്യ സമ്മർദ്ദങ്ങൾ ഒഴിവാക്കുന്നതിനുള്ള നല്ലൊരു മാർഗമാണ്. ധ്യാനം, യോഗ, പൂന്തോട്ട പരിപാലനം, ചെറിയ കുട്ടികൾക്കൊപ്പം സമയം ചെലവിടുന്നത്, വളർത്തു മൃഗങ്ങളെ പരിപാലിക്കൽ, കളികൾ തുടങ്ങിയവ മാനസിക സമ്മർദ്ദം അകറ്റി നിർത്താൻ സഹായിക്കും.
ചർമത്തിലെ നനവ് നിലനിർത്തുക
ചർമത്തിൽ വലിച്ചിൽ അനുഭവപ്പെടുന്നതിലൂടെയാണ് ചുളിവുകൾ വന്നു തുടങ്ങുന്നത്. ഇതൊഴിവാക്കാൻ ചർമത്തിലെ നനവ് എല്ലായ്‌പ്പോഴും നിലനിർത്താൻ ശ്രമിക്കണം. ഇതിനായി വിപണിയിൽ ലഭിക്കുന്ന എന്തും വാങ്ങിത്തേയ്ക്കാതെ നല്ല ഇനം ക്രീമുകൾ വാങ്ങിക്കുക. ഇവ മൃദുവായി ശ്രദ്ധയോടെ മുകൾ ഭാഗത്തേക്കായി തേയ്ക്കുക. ഇതുവഴി ചർമത്തെ ആരോഗ്യത്തോടെ നിലനിർത്താനാവും. കഴിയുന്നതും കെമിക്കലുകൾ അധികമായി ഉപയോഗിച്ചിട്ടില്ലാത്ത ക്രീമുകളും സൗന്ദര്യ വർദ്ധക വസ്തുക്കളും ഇതിനായി തെരഞ്ഞെടുക്കുക.
ഹെർബൽ ടീ
ഹെർബൽ ടീകളിൽ ആന്റി ഓക്‌സിഡന്റുകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൽ ചുളിവുകൾ വീഴുന്നത് തടയാൻ സഹായിക്കും. കഫീൻ അടങ്ങിയിട്ടുള്ളതിനാൽ ചായയും കാപ്പിയും ഒഴിവാക്കുക. ഇവ നിർജ്ജലീകരണത്തിനും ചർമം വരണ്ടു പോകാനും കാരണാകുന്നുണ്ട്.
വിറ്റാമിൻ സി
ചർമത്തിന് കരുത്തും കോശ ഭിത്തിയിൽ ഇലാസ്റ്റിസിൻ ഉൽപാദിപ്പിക്കാനും വിറ്റാമിൻ സി സഹായിക്കും. ആന്റി ഓക്‌സിഡന്റായ വിറ്റാമിൻ സി ചർമത്തിന് ഇലാസ്തികത നൽകുന്ന കൊലാജൻ ശരീരത്തിൽ ഉൽപാദിപ്പിക്കാൻ സഹായിക്കുന്നു.
ബീറ്റകരോട്ടീൻ
ചർമത്തിൽ ചുളിവുകൾ ഉണ്ടാകുന്നത് തടയാൻ ബീറ്റകരോട്ടിൻ സഹായിക്കും.
ഈ ആന്റിഓക്‌സിഡന്റ് ചർമ കോശങ്ങളുടെ പുനർനിർമ്മിതി വേഗത്തിൽ സാധ്യമാക്കും. ആപ്രിക്കോട്ട്, കാരറ്റ് എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ ബീറ്റാകരോട്ടീൻ ധാരാളമായി ശരീരത്തിലെത്തും. ഈ സുപ്രധാന വിറ്റാമിൻ കോശങ്ങൾക്ക് കൂടുതൽ ഊർജം നൽകുകയും അവയെ സംരക്ഷിക്കുകയും ചെയ്യുന്നതാണ്.
സിങ്ക്
കോശ വളർച്ചയ്ക്കും കോശങ്ങളിലെ തകരാർ പരിഹരിക്കാനും സിങ്ക് ആവശ്യമാണ്. സിങ്ക് നല്ല രീതിയിൽ ശരീരത്തിലെത്താൻ കടൽ വിഭവങ്ങൾ, ധാന്യങ്ങൾ, ഉള്ളി തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്തുക.
ഫാറ്റി ആസിഡുകൾ
ചർമത്തിന്റെ ആരോഗ്യത്തിനും ടിഷ്യുക്കളുടെ തകരാർ പരിഹരിക്കുന്നതിനും നല്ല രീതിയിലുള്ള പ്രവർത്തനത്തിനും ഫാറ്റിആസിഡുകൾ അനിവാര്യമാണ്. ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ ചണവിത്ത്, വാൽനട്ട് എന്നിവയും ചെമ്പല്ലി, മത്തി തുടങ്ങിയ മത്സ്യങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്തുക.
സെലെനിയം
സെലെനിയത്തിലെ ആന്റി ഓക്‌സിഡന്റ് ഘടകങ്ങൾ സ്വതന്ത്ര മൂലകങ്ങൾ കോശസ്തരങ്ങളിൽ തകരാറുണ്ടാക്കുന്നതും ചർമ്മത്തിൽ ചുളിവുകളുണ്ടാകുന്നതും തടയും. സെലെനിയം നല്ല രീതിയിൽ ശരീരത്തിലെത്താൻ പഴം, പച്ചക്കറി വിഭവങ്ങൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.