ദുബായ് - സൗദി അറേബ്യയില്‍ വരും വര്‍ഷങ്ങളില്‍ ഉണ്ടാകുന്ന തൊഴില്‍ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതു സംബന്ധിച്ച് സൗദി തൊഴില്‍ മന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന് അറിയിച്ചു.
വിഷന്‍ 2030 ന്റെ ഭാഗമായി സൗദിയില്‍ വന്‍ വികസന പദ്ധതികള്‍ പുരോഗമിക്കുകയാണ്. ഗള്‍ഫ് മേഖലയിലെ 6 രാജ്യങ്ങളും പ്രവാസി ക്ഷേമം ഉറപ്പാക്കുന്നത് സംബന്ധിച്ച് ഉടന്‍ പ്രഖ്യാപനങ്ങള്‍ നടത്തുമെന്നും നയങ്ങള്‍ക്ക് അന്തിമ രൂപം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ തൊഴിലാളികളെ സജ്ജമാക്കാന്‍ തൊഴില്‍ നൈപുണ്യവികസനത്തിനും പരിശീലനത്തിനും നടപടികള്‍ സ്വീകരിക്കുമെന്നും മുരളീധരന് വ്യക്തമാക്കി. ഇന്ത്യ ഉള്‍പ്പെടെ 12 ഏഷ്യന്‍ രാജ്യങ്ങളിലെ മന്ത്രിമാര്‍ പങ്കെടുക്കുന്ന അബുദാബി ഡയലോഗ് സമ്മേളനത്തിനിടെയാണ് സൗദി മന്ത്രി അഹമ്മദ് അല്‍ റാജ്ഹിയുമായി ചര്‍ച്ച നടന്നത്.
ഇന്ത്യയുടെ വൈവിധ്യവും സാധ്യതകളും ഒരു പോലെ ലോകത്തെ ബോധ്യപ്പെടുത്താന്‍ എക്സ്പോയിലെ ഇന്ത്യന്‍ പവിലിയന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. അബുദാബി ഡയലോഗില്‍ പങ്കെടുക്കാനെത്തിയ മന്ത്രി ഇന്ത്യ പവിലിയന് സന്ദര്‍ശിച്ചു.