അഭിഭാഷകന്‍ കൂട്ടുകാരനെ ചുറ്റിക കൊണ്ടടിച്ച് കൊലപ്പെടുത്തി

തൃശൂര്‍ - മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അഭിഭാഷകന്‍ കൂട്ടുകാരനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. വ്യാഴാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം.

കോലഴിക്കടുത്ത് കിഴക്കേ തിരൂരിലായിരുന്നു കൊലപാതകം. മുളങ്കുന്നത്തുകാവ് തിരൂര്‍ കിഴക്കുംമുറിയില്‍ പണിക്കര വീട്ടില്‍ കുട്ടപ്പന്‍ മകന്‍ മണികണ്ഠനെന്ന കണ്ണനാണ് (42) കൊല്ലപ്പെട്ടത്. ഇയാളെ തലക്കടിച്ചു വീഴ്ത്തിയ ശേഷം തിരൂരിലെ ബാറില്‍ വന്നിരുന്ന് മദ്യപിക്കുകയായിരുന്ന തിരൂര്‍ സരസ്വതി നിലയത്തില്‍ സജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈകീട്ട് നാലിനുണ്ടായ കൊലപാതകം പുറംലോകമറിയുന്നത് വൈകീട്ട് ആറിനു ശേഷമാണ്. അഭിഭാഷകനായ സജീഷിന്റെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. തൃശൂര്‍ ബാറിലെ അഭിഭാഷകനാണ് സജീഷ്. ദിവസവും സജീഷിന് മദ്യം വാങ്ങിക്കൊണ്ടു കൊടുക്കുന്നത് മണികണ്ഠനായിരുന്നുവത്രെ.

ഇന്നലെയും മദ്യം വാങ്ങി ഇരുവരും ഒരുമിച്ചിരുന്ന് കഴിച്ചിരുന്നു. തുടര്‍ന്ന് മണികണ്ഠന്‍ സജീഷിന്റെ വീടിന്റെ അടുക്കള ഭാഗത്ത് നാളികേരം പൊളിച്ചുകൊണ്ടിരിക്കുമ്പോള്‍ സജീഷ് അടുത്തെത്തി അവിടെ വെച്ചിരുന്ന ചുറ്റികയെടുത്ത് തലക്കടിക്കുകയായിരുന്നു. ഇതിനു ശേഷം സജീഷ് വീട്ടില്‍ നിന്ന് പോവുകയും ചെയ്തു. അടുക്കള ഭാഗത്തു നിന്നും ഞെരക്കം കേട്ട് ചെന്നു നോക്കിയ സജീഷിന്റെ വൃദ്ധനായ പിതാവാണ് മണികണ്ഠന്‍ നിലത്തുവീണു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ഇദ്ദേഹം ബഹളം വെച്ച് അയല്‍വാസികളെ വിളിച്ചുവരുത്തിയെങ്കിലും അവരെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

വിവരമറിഞ്ഞെത്തിയ വിയ്യൂര്‍ പോലീസ് എസ്.എച്ച്.ഒ സുബിന്‍ മാത്യു തിരൂരിലെ ബാറിലിരുന്ന് മദ്യപിക്കുകയായിരുന്ന സജീഷിനെ പിടികൂടുകയായിരുന്നു. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. മദ്യലഹരിയിലാണോ അതോ മറ്റേതെങ്കിലും കാരണത്താലാണോ കൊലപാതകമെന്ന് വ്യക്തമായിട്ടില്ല.

നാളെ രാവിലെ ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമേ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുള്ളു. കൊല്ലപ്പെട്ട മണികണ്ഠന്‍ കൂലിപ്പണിയും നിര്‍മാണ തൊഴിലളിയുമാണ്. അവിവാഹിതനാണ്. അമ്മ: കുറുമ്പ. സഹോദരങ്ങള്‍ : ബാലകൃഷ്ണന്‍, സരസു.

 

 

 

Latest News