താനെ- ആശുപത്രിയില്‍ രോഗികള്‍ക്ക് വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴു. കല്‍വയിലെ ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയിലാണ് സംഭവം.
ഭക്ഷണം വിതരണം ചെയ്യുന്ന കരാറുകാരനെതിരെ പോലീസില്‍ പരാതി നല്‍കിയതായും വിശദീകരണം ആവശ്യപ്പെട്ടതായും ഹോസ്പിറ്റല്‍ മാനേജ്മെന്റ് അറിയിച്ചു.
ഉച്ചഭക്ഷണത്തില്‍ പുഴുക്കളെ കണ്ട സ്ത്രീ പരാതിപ്പെടുമ്പോഴേക്കും മറ്റു രോഗികള്‍ ഭക്ഷണം കഴിച്ചു തീര്‍ന്നിരുന്നു. ആദ്യമായാണ് ആശുപത്രിയില്‍ ഇത്തരം സംഭവമെന്നും ഉടന്‍ തന്നെ പരാതി നല്‍കിയതായും അധികൃതര്‍ പറഞ്ഞു. ആശുപത്രിയിലെ അടുക്കള പരിശോധിച്ചപ്പോള്‍ കുഴപ്പമൊന്നും കണ്ടില്ലെന്നും ആശുപത്രി ഡീന്‍ ഭീംറാവ് ജാദവ് പറഞ്ഞു.
പുഴുവിനെ കണ്ട ക്ഷയരോഗിയായ സ്ത്രീക്ക് ഭക്ഷണത്തിനുശേഷം ആരോഗ്യ പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റു രോഗികളും പരാതിപ്പെട്ടിട്ടില്ല.