- 18 വയസ്സിനു താഴെയുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കുമാണ് ആവശ്യപ്പെടാൻ അർഹത.
- പൊതുതാൽപര്യമോ വാർത്താ പ്രാധാന്യമോ ഇല്ലാത്തതായിരിക്കണം ഫോട്ടോകൾ.
പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് തങ്ങളുടെ ഫോട്ടോകൾ ഗൂഗിൾ സെർച്ച് റിസൾട്ടിൽനിന്ന് ഒഴിവാക്കാൻ ആവശ്യപ്പെടാൻ സാധിക്കുന്ന സുരക്ഷാ ഫീച്ചർ ആരംഭിച്ചു.
കുട്ടികൾക്കായുള്ള പുതിയ സുരക്ഷാ നടപടികളുടെ ഭാഗമായി ഓഗസ്റ്റിലാണ് ഗൂഗിൾ ഈ ഓപ്ഷൻ പ്രഖ്യാപിച്ചിരുന്നത്. ഇപ്പോഴാണ് ഉപയോക്താക്കൾക്ക് ഇത് വ്യാപകമായി ലഭ്യമാക്കിത്തുടങ്ങിയത്.
പൊതുതാൽപര്യമോ വാർത്താപ്രാധാന്യമോ ഇല്ലാത്ത പ്രായപൂർത്തിയാകാത്തവരുടെ ചിത്രങ്ങൾ നീക്കം ചെയ്യുമെന്ന് ഗൂഗിൾ അറിയിച്ചു. കുട്ടികൾക്കോ അവരുടെ മാതാപിതാക്കൾക്കോ രക്ഷിതാക്കൾക്കോ മറ്റു നിയമ പ്രതിനിധികൾക്കോ ഇക്കാര്യം ആവശ്യപ്പെടാം. പ്രായം 18 നു താഴെയാണെന്ന് തെളിയിക്കണം.
നീക്കം ചെയ്യാൻ ആഗ്രഹിക്കുന്ന യു.ആർ.എല്ലും പ്രായപൂർത്തിയാകാത്തയാളുടെ പേരും പ്രായവും കുട്ടികളെ പ്രതിനിധീകരിക്കുന്ന വ്യക്തിയുടെ പേരും ഇതിനായി നൽകേണ്ടതുണ്ട്. സെർച്ച് ഫലങ്ങളിൽ ചിത്രങ്ങൾ മാത്രമാണ് ഒഴിവാക്കാൻ സാധിക്കുകയെന്നും ഈ നയത്തിന്റെ അടിസ്ഥാനത്തിൽ ടെക്സ്റ്റും ചിത്രങ്ങളും ഉൾക്കൊള്ളുന്ന വെബ് പേജുകൾ നീക്കം ചെയ്യാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വെബ്‌സൈറ്റുകളിൽനിന്ന് ചിത്രങ്ങൾ നീക്കം ചെയ്യാനും ഗൂഗിളിന് കഴിയില്ല. ഇതിനായി സൈറ്റിന്റെ വെബ്മാസ്റ്ററെയാണ് ബന്ധപ്പെടേണ്ടത്. തങ്ങളുടെ ചിത്രം നീക്കം ചെയ്യുന്നതിന് ഒരു സൈറ്റിന്റെ വെബ്മാസ്റ്ററെ എങ്ങനെ ബന്ധപ്പെടാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ഒരു ഗൈഡിന്റെ ലിങ്ക് ഗൂഗിൾ നൽകുന്നുണ്ട്.
ചിത്രങ്ങൾ നീക്കം ചെയ്യാതിരിക്കാൻ പൊതുതാൽപര്യവും വാർത്താ മൂല്യവും അടിസ്ഥാനമാക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതിനായി എന്ത് മാനദണ്ഡമാണ് ബാധകമാക്കുന്നതെന്ന് വ്യക്തമല്ല. ചിത്രങ്ങൾ വ്യാപകമായി നീക്കം ചെയ്തുതുടങ്ങിയാൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂവെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും പ്രായപൂർത്തിയാകാത്തവരോ അവരുടെ രക്ഷിതാവോ ആവശ്യപ്പെട്ടാൽ മിക്ക ചിത്രങ്ങളും പിൻവലിക്കപ്പെടുമെന്ന് തന്നെയാണ് കരുതുന്നത്. 18 വയസ്സിന് താഴെയുള്ള നിങ്ങളുടെ ചിത്രങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെടണമെങ്കിൽ
അഭ്യർഥിക്കുന്നയാളുടെ പ്രായം ഇപ്പോൾ 18 വയസ്സിനു താഴെ തന്നെ ആയിരിക്കണമെന്ന പരിമിതിയുമുണ്ട്.






