ഫേസ്ബുക്ക് വഴി സൗഹൃദം; യുവതിയുടെ സ്വര്‍ണം തട്ടിയ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ചെര്‍പ്പുളേശ്ശരി- ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് യുവതിയില്‍ നിന്ന് സ്വര്‍ണം തട്ടിയ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. തച്ചമ്പാറ മാച്ചാന്‍തോട് ഷബീര്‍(32), കാനത്തറ അഖില്‍(28) എന്നിവരെയാണ് ചെര്‍പ്പുളേശ്ശരി പോലീസ് അറസ്റ്റ് ചെയ്തത്.

നെല്ലായ സ്വദേശിനിയായ യുവതിയുടെ പരാതിപ്രകാരമാണ് അറസ്റ്റ്. അഖില്‍ ഫേസ്ബുക്ക് വഴി യുവതിയുമായി സൗഹൃദം സ്ഥാപിച്ചു. ആശുപത്രി ആവശ്യത്തിന് അടിയന്തിരമായി പണം വേണമെന്ന് പറഞ്ഞ് സുഹൃത്തായ ഷബീറിനൊപ്പം ചെര്‍പ്പുളമേശ്ശരിയിലെത്തി യുവതിയില്‍ നിന്ന് മൂന്നര പവന്റെ ആഭരണം വാങ്ങുകയായിരുന്നു.

ഇത് തച്ചമ്പാറ സഹകരണബാങ്കില്‍ പണയം വെച്ച് പണം കൈപ്പറ്റി. യുവതി പല തവണ ആവശ്യപ്പെട്ടിട്ടും തിരിച്ചു നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.

അഖിലിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ബാങ്കില്‍ നിന്ന് അതെടുത്ത് ഷബീര്‍ വിറ്റ കാര്യം മനസ്സിലായത്. തുടര്‍ന്ന് ഷബീറിനേയും അറസ്റ്റ് ചെയ്യുകയായിരുന്നു. ആഡംബരജീവിതം നയിക്കാനായിരുന്നു യുവാക്കളുടെ തട്ടിപ്പ്.

പ്രതികളെ സ്വര്‍ണം വിറ്റ കടകളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇരുവരേയും ഒറ്റപ്പാലം കോടതി റിമാന്റ് ചെയ്തു. ചതിക്കും വിശ്വാസവഞ്ചനക്കുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

Latest News