റിയാദ് - ഇന്ത്യക്കാരന് ഉള്‍പ്പെട്ട കവര്‍ച്ച സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി അല്‍ഖസീം പോലീസ് വക്താവ് ലെഫ്. കേണല്‍ ബദ്ര് അല്‍സുഹൈബാനി അറിയിച്ചു.
ഇരുപതു മുതല്‍ മുപ്പതു വരെ വയസ് പ്രായമുള്ള രണ്ടു ബംഗ്ലാദേശുകാരും ഒരു ഇന്ത്യക്കാരനും ഒരു പാക്കിസ്ഥാനിയും അടങ്ങിയ സംഘമാണ് അറസ്റ്റിലായത്.
പുനഃചംക്രമണം ചെയ്യാന്‍ സാധിക്കുന്ന വസ്തുക്കള്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് കവര്‍ന്ന് വില്പന നടത്തുകയാണ് സംഘം ചെയ്തത്. മോഷണ വസ്തുക്കള്‍ വില്പന നടത്തിയതിലൂടെ ലഭിച്ച പണം പ്രതികളില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ വീണ്ടെടുത്തു. നിയമ നടപടികള്‍ക്ക് പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അല്‍ഖസീം പോലീസ് വക്താവ് പറഞ്ഞു.
മറ്റൊരു സംഭവത്തില്‍, ജിസാനില്‍ ബലാത്സംഗ, ബ്ലാക്ക്മെയ്ലിംഗ് സംഘത്തെയും സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. സൗദി യുവാവും നുഴഞ്ഞുകയറ്റക്കാരായ രണ്ടു യെമനികളും അടങ്ങിയ സംഘമാണ് അറസ്റ്റിലായത്. ഇരുപതിനടുത്ത് പ്രായമുള്ള പ്രതികള്‍ ബലാത്സംഗങ്ങളും ബ്ലാക്ക്മെയ്ലിംഗുമാണ് നടത്തിയത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിസാന്‍ പോലീസ് വക്താവ് മേജര്‍ നായിഫ് ഹികമി പറഞ്ഞു.






