തിരുവനന്തപുരം- കേരളത്തിൽ അടുത്ത മൂന്നു ദിവസം കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് നൽകി. അടുത്ത മൂന്നു ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേസങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
അറിയിപ്പിന്റെ പൂർണരൂപം;
നോയിഡ ആസ്ഥാനമായ National Centre for Medium Range Weather Forecasting (NCMRWF) ന്റെ NCUM കാലാവസ്ഥ മോഡൽ പ്രകാരവും, National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരവും, European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡൽ പ്രകാരവും വരും ദിവസങ്ങളിൽ (29-31, October 2021) കേരളത്തിൽ, പ്രത്യേകിച്ച് മധ്യ -തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ രൂപംകൊണ്ടു നിലവിൽ ശ്രീലങ്ക തീരത്തിനു സമീപം സ്ഥിതി ചെയ്യുന്ന ന്യുന മർദ്ദം അടുത്ത 48 മണിക്കൂർ കൂടി പടിഞ്ഞാറുദിശയിൽ സഞ്ചരിച്ചു തെക്കൻ കേരള തീരത്തുകൂടി സഞ്ചരിക്കാൻ സാധ്യതയുണ്ടെന്ന് മേല്പറഞ്ഞ മോഡലുകൾ പ്രവചിക്കുന്നു
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഏറ്റവും പുതിയ (10 am) ജില്ലാതല മഴ സാധ്യത പ്രവചനപ്രകാരം കേരളത്തിൽ ഒക്ടോബർ 29 വെള്ളിയാഴ്ച മുതൽ 31 ഞായറാഴ്ച്ച വരെ വിവിധ ജില്ലകളിൽ മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും അടുത്ത മൂന്ന് ദിവസം മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.
29-10-2021 മുതൽ 31-10-2021: കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -ലക്ഷദ്വീപ് തീരങ്ങളിൽ 29-10-2021 മുതൽ 31-10-2021 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.






