Sorry, you need to enable JavaScript to visit this website.

കേരളത്തിലെ പ്രളയ ദുരിതബാധിതരുടെ  കണ്ണീരൊപ്പാൻ കൾച്ചറൽ ഫോറം രംഗത്ത്

ഖത്തർ കൾച്ചറൽ ഫോറം സംഘടിപ്പിച്ച ചടങ്ങിൽ തെക്കൻ കേരളത്തിലെ പ്രളയ ദുരിതബാധിതർ സംഗമിച്ചപ്പോൾ.

ദോഹ- തെക്കൻ കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയുടെ ദുരിതങ്ങൾ പങ്കുവെച്ചും, പ്രവാസികൾ അടക്കമുള്ള ദുരിതബാധിതരെ സഹായിക്കാനുള്ള വഴികളാരാഞ്ഞും ഖത്തറിലെ  പ്രവാസി സമൂഹം ഒത്തുചേർന്നു. കൾച്ചറൽ ഫോറം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ സ്വന്തം  വീടുകളും, കൃഷിയിടങ്ങളും കനത്ത മഴയിൽ തകർന്നു പോയ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ നിരവധി പ്രവാസികൾ   സബന്ധിച്ചു.


ഇരകളായ പ്രദേശവാസികൾക്ക് മാനസിക പിന്തുണ നൽകുക, മഴക്കെടുതിയിൽ അകപ്പെട്ടവർക്ക് അടിയന്തര സഹായമെത്തിക്കുക, പ്രവാസികളുടെ നഷ്ടപ്പെട്ട രേഖകൾ വീണ്ടെടുക്കാനുള്ള നടപടി ക്രമത്തിൽ നോർക്ക ഇടപെടുക, അർഹരായവരുടെ പുനരധിവാസ പ്രക്രിയയിൽ ഐ.സി.ബി.എഫ് പോലുള്ള എംബസി അപ്പക്സ് ബോഡികൾ സാധ്യമായ പിന്തുണ തേടുക, നാട്ടിൽ സർക്കാറിന്റെ നഷ്ടപരിഹാര പാക്കേജിൽ ദുരിതബാധിതരായ പ്രവാസികളെ അവഗണിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗം മുന്നോട്ടുവെച്ചു. ദുരിതബാധിത പ്രദേശത്തെ പുനരധിവാസം, കുട്ടികളുടെ പഠനോപകരണങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങിയ അവശ്യസാധനങ്ങൾ എത്രയും വേഗം എത്തിക്കാനുള്ള ആലോചനയും നടന്നു. നിരന്തരം ആവർത്തിക്കപ്പെടുന്ന പ്രകൃതിദുരന്തങ്ങൾ തടയാൻ ശാസ്ത്രീയമായ പഠനങ്ങൾ കാര്യക്ഷമായി നടക്കണമെന്നും നാട്ടിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ ഭൂപ്രകൃതിയും കാലാവസ്ഥയും പരിഗണിച്ചുകൊണ്ടായിരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ വിവിധ സന്നദ്ധസംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു. ഈ മേഖലയിൽ ടീം വെൽഫെയർ നടത്തുന്ന പ്രവർത്തനങ്ങൾ കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി മജീദ് അലി വിശദീകരിച്ചു. 


തുടർനടപടിക്ക് പ്രദേശവാസികളുടെ സംയുക്ത കമ്മിറ്റിക്കു രൂപം നൽകി. കൾച്ചറൽ ഫോറം സംസ്ഥാന സമിതി അംഗം ഹാൻസ് ജേക്കബിനെ ജനറൽ കൺവീനറായും ഫോറം കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി അഹ്മദ് ഷായെ കൺവീനറായും തെരഞ്ഞെടുത്തു. വിവിധ പ്രളയ ബാധിത പ്രദേശത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് റെജി ആർ (മുക്കയം), എൻജി. ഷംസുദ്ദീൻ (കൂട്ടിക്കൽ), ഷഫീഖ് (കൊക്കയാർ), മിനി, റെജി (പെരുവന്താനം), ആഷിഖ് (കാഞ്ഞിരപ്പള്ളി), അസ്ലം (ഈരാറ്റുപേട്ട) എന്നിവരെയും തെരഞ്ഞെടുത്തു. 
വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സെക്രട്ടേറിയറ്റ് അംഗം റഷീദ് അഹമ്മദ്, റെജി ആർ, സൈഫുദ്ദീൻ, എൻജി. ശംസുദ്ദീൻ, എസ്.എ. മിനി, ഷഫീഖ്, അഹമ്മദ് ഷാ, നജീം തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി റഷീദലി സമാപന പ്രസംഗം നടത്തി.


 

Latest News