കോട്ടയം- മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കടുത്ത നിലപാട് എടുത്ത ശേഷം പിന്‍വാങ്ങിയ നേതാക്കള്‍ക്ക് തമിഴ്‌നാട്ടില്‍ ഭൂമിയുണ്ടെന്ന ഗുരുതര ആരോപണം ഉയര്‍ത്തി പി.സി ജോര്‍ജ്. അന്നു ബഹളം വച്ച നേതാക്കള്‍ ഒരുമാസം കഴിഞ്ഞപ്പോള്‍ നിലപാടു മാറ്റി. പിന്നീട് അന്വേഷിച്ചപ്പോള്‍ അവര്‍ക്കു തമിഴ്‌നാട്ടില്‍ സ്ഥലം ഉണ്ടെന്നു മനസിലായി. എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്കും സ്ഥലമുണ്ട്. ആരെയും പേരുപറഞ്ഞ് അപമാനിക്കുന്നില്ല. ഇത് മര്യാദയല്ല. 35 ലക്ഷം ജനങ്ങളുടെ ജീവന്‍ ഇട്ടു പന്താടുകയാണ്. തന്നെയും തമിഴ്‌നാട്് ലോബി കോഴയുമായി സമീപിച്ചുവെന്നും പൂഞ്ഞാറിലെത്തിയ അവരെ താന്‍ ഓടിച്ചുവിട്ടെന്നും മുന്‍ എം.എല്‍.എ കുറ്റപ്പെടുത്തി.
താന്‍ പെറ്റീഷന്‍സ് കമ്മിറ്റി ചെയര്‍മാനായിരിക്കെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അകത്ത് ഇറങ്ങി പരിശോധിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ അടിയില്‍നിന്നു സുര്‍ക്കി മിശ്രിതം ഓരോ നിമിഷവും ഒഴുകുകയാണ്. അതു നികത്തനായി തമിഴ്‌നാട് കോണ്‍ക്രീറ്റ് ചെയ്യും. മുല്ലപ്പെരിയാര്‍ അണക്കെട്ട്് സുരക്ഷിതമാണെന്നു പറഞ്ഞ ജസ്റ്റിസ് കെ.ടി തോമസിനെയും പി.സി ജോര്‍ജ് കുറ്റപ്പെടുത്തി. അദ്ദേഹം ഒരു മടയനാണ്. തമിഴ്‌നാടുമായി കരാര്‍ പുതുക്കിയത് സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. മുല്ലപ്പെരിയാറിലെ ജലം ഉപയോഗിക്കുന്ന അഞ്ചു ജില്ലകളിലും സി.പി.ഐക്ക് സ്വാധീനമുണ്ട്. എം.എല്‍.എയും എംപിയുമുണ്ടായിട്ടുണ്ട്.
നൂറുവര്‍ഷം കഴിഞ്ഞ അണക്കെട്ടിനു പകരം സംവിധാനം ഉണ്ടാക്കാത്ത ഭരണാധികാരികള്‍ ജനവിരുദ്ധരാണ്. നാടിന്റെ ശത്രുവാണ്. സംസ്ഥാന ഗവര്‍ണര്‍ പോലും പുതിയ അണക്കെട്ട് എന്ന ആവശ്യമാണ് ഉയര്‍ത്തിയത്. ഈ സാഹചര്യത്തില്‍ സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കണ്ട് കേരളത്തിന്റെ ശക്തമായ സമ്മര്‍ദ്ദം മുന്നോട്ടു വെക്കണം. ഡാം ആശങ്ക ഉയര്‍ത്തി മനുഷ്യ ചങ്ങല സംഘടിപ്പിച്ചവരാണ് സി.പി. എം. ഡാമിനെ കുറിച്ച് പറഞ്ഞാല്‍ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാല്‍ ആദ്യം കേസെടുക്കേണ്ടത് പിണറായിക്കെതിരെ ആണെന്നും പിസി ജോര്‍ജ് പറയുന്നു.
ഭൂകമ്പ സാധ്യതയുള്ള മേഖലയില്‍ വീണ്ടും ഡാം നിര്‍മിക്കുന്നത് അപകടരമാണ്. എന്നാല്‍ ഭൂകമ്പത്തെ പ്രതിരോധിക്കുന്ന അണക്കെട്ടു നിര്‍മിക്കാനാവും.