ബൈക്കില്‍ തോക്കുമായി കറങ്ങിയ യുവാവിനെ പിടികൂടി

കൊല്ലം- പുനലൂര്‍ പട്ടണത്തിലൂടെ ബൈക്കില്‍ തോക്കുമായി കറങ്ങി നടന്ന് പരിഭ്രാന്തി ഉണ്ടാക്കിയ യുവാവിനെ പുനലൂര്‍ പോലീസ് പിടികൂടി. പുനലൂര്‍ പേപ്പര്‍ മില്ലിന് സമീപം ഷാജി സദനത്തില്‍ റിജോ മോനെ(20)യാണ് പുനലൂര്‍ ഡിവൈ.എസ്.പി, ബി. വിനോദ്, സി.ഐ. ബിനു വര്‍ഗീസ് തുടങ്ങിയവരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എസ്.ഐ ശരലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. പുനലൂര്‍ കെ.എസ്.ആര്‍.ടി.സി ജംഗ്ഷനിലെ ശിവന്‍കോവില്‍ റോഡിലെ ഓട്ടോ സ്റ്റാന്‍ഡില്‍ എത്തിയ യുവാവ് ഒരു ഓട്ടോഡ്രൈവറെ അന്വേഷിക്കുകയും തോക്ക് ഉയര്‍ത്തി വധഭീഷണി മുഴക്കുകയും ചെയ്തു. ഭയന്ന ഓട്ടോ ഡ്രൈവര്‍മാര്‍ വിവരം പോലീസിനെ അറിയിച്ചു. സംഭവം അറിഞ്ഞ പോലീസ് സ്ഥലത്തെത്തിയെങ്കിലും യുവാവ് ബൈക്കില്‍ കടന്ന് കളഞ്ഞു. തുടര്‍ന്ന് സമീപത്തെ വ്യാപാരശാലകളിലെ സി.സി.ടി.വികളിലും മറ്റും നടത്തിയ പരിശോധനയില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ സഹായത്തോടെ അന്വേഷണം ഊര്‍ജിതമാക്കി. തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെ യുവാവിനെ സഞ്ചരിച്ചിരുന്ന ബൈക്കും എയര്‍ ഗണ്ണുമായി പിടി കൂടുകയായിരുന്നുവെന്ന് എസ്.ഐ അറിയിച്ചു.

 

Latest News