Sorry, you need to enable JavaScript to visit this website.

കുരുമുളക്, റബർ വിലകളിൽ മുന്നേറ്റം

കുരുമുളക് റബർ വിലകളിൽ മുന്നേറ്റം, പ്രതികൂല കാലാവസ്ഥ ഉൽപാദനം കുറയാൻ ഇടയാക്കും. ഏലക്ക ഉൽപാദന ഉയർന്നു, ലേല കേന്ദ്രങ്ങളിൽ ചരക്ക് വരവ് ശക്തം. വെളിച്ചെണ്ണയ്ക്ക് ദീപാവലി ഡിമാന്റ് പ്രതീക്ഷിച്ച് മില്ലുകാർ. ന്യൂയോർക്കിൽ സ്വർണ വില 1800 ഡോളറിന് മുകളിൽ ഇടം കണ്ടത്താനുള്ള ശ്രമത്തിൽ. 

   കനത്ത മഴയും പ്രകൃതി ക്ഷോഭവും കുരുമുളക് തോട്ടങ്ങളെ പ്രതിസന്ധിലാക്കി. കൊടികളിൽ തിരികൾക്ക് ശക്തമായ മഴയിൽ അടർന്ന് അടുത്ത സീസണിലെ ഉൽപാദനത്തിന് തിരിച്ചടിയാവുമെന്ന് വ്യക്തമായതോടെ നിരക്ക് കുതിച്ചു കയറി. അടുത്ത സീസണിൽ ഉൽപാദനം നേരത്തെ കണക്ക് കൂട്ടിയതിലും കുറഞ്ഞാൽ 2022 ൽ ആഭ്യന്തര മാർക്കറ്റിൽ ചരക്ക് ക്ഷാമം നിലവിലുള്ളതിലും രൂക്ഷമാവും. 
    ദീപാവലി വരെയുള്ള ആവശ്യങ്ങൾക്ക് വേണ്ട ചരക്ക് സംഭരണത്തിന്റെ തിരക്കിലാണ് ആഭ്യന്തര വ്യാപാരികൾ. കൊച്ചിയിൽ കുരുമുളക് വില ക്വിൻറ്റലിന് 1200 രൂപ ഉയർന്നു. വിപണി ബുള്ളിഷാണെന്ന കാര്യം മുൻവാരങ്ങളിൽ വ്യക്തമാക്കിയത് ശരിവെച്ച് ഉൽപന്ന വില ഉയരുകയാണ്. അൺ ഗാർബിൾഡ് കുരുമുളക്  42,300 രൂപയായി. 
      ഏലക്ക ഉൽപാദനം ഉണർന്നെങ്കിലും കർഷകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉൽപന്ന വില ഉയരുന്നില്ല. വിളവെടുപ്പ് പുരോഗമിക്കുന്നതിനൊപ്പം ലേലത്തിനുള്ള ഏലക്ക വരവ് മാസാരംഭത്തെ അപേക്ഷിച്ച് വർധിച്ചു. ദീപാവലിക്ക് വേണ്ട ചരക്ക് സംഭരണം പുരോഗമിക്കുന്നു. കയറ്റുമതിക്കാരും മികച്ചയിനം ഏലക്കയിൽ താൽപര്യം കാണിച്ചു.    പിന്നിട്ടവാരം ശരാശരി ഇനങ്ങൾക്ക് ലഭിച്ച  ഉയർന്ന വില കിലോ 1057 രൂപയാണ്. വാരാരംഭത്തിൽ വണ്ടൻമേട്ടിൽ നടന്ന ലേലത്തിൽ മികച്ചയിനങ്ങൾക്ക് കിലോ 1889 രൂപ വരെ ഉയർന്നിരുന്നു. ഉത്തരേന്ത്യക്കാരുടെ പിൻബലത്തിൽ ജാതിക്ക വിൽപന രംഗം സജീവമാണ്. കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും ചരക്ക് സംഭരിക്കുന്നു. കാർഷിക മേഖലയിൽ നിന്നുള്ള ജാതിക്ക നീക്കം ചുരുങ്ങിയതിനാൽ വില ഉയരുമെന്ന പ്രതീക്ഷയിലാണ് സ്റ്റോക്കിസ്റ്റുകൾ. ജാതിക്ക തൊണ്ടൻ കിലോ 300, ജാതിപരിപ്പ് 600, ജാതിപത്രി 1300 രൂപ. 
    റബർ വിലയിൽ മുന്നേറ്റം. റബർ ടാപ്പിങ് സ്തംഭിച്ചതിനാൽ പ്രമുഖ വിപണികളിൽ ഷീറ്റ് ലഭ്യത കുറഞ്ഞത് ടയർ കമ്പനികളെ അസ്വസ്ഥരാക്കി. നിലവിലെ കാലാവസ്ഥ വിലയിരുത്തിയാൽ ടാപ്പിങ്   സജീവമാകാൻ നവംബർ വരെ കാത്തിരിക്കണം. സ്റ്റോക്കിസ്റ്റുകൾ ചരക്കിൽ പിടിമുറുക്കിയത് വില ഉയർത്തി ഷീറ്റ് ശേഖരിക്കാൻ കമ്പനി സ്പ്ലയർമാരെ പ്രേരിപ്പിച്ചു. ടയർ കമ്പനികൾ നാലാം ഗ്രേഡിന് 300 രൂപ ഉയർത്തി 17,300 ന്  ശേഖരിച്ചു. അഞ്ചാം ഗ്രേഡ് 16,700 ----17,100 രൂപയായി ഉയർന്നു. 
    കൊച്ചിയിൽ നാളികേരോൽപന്നങ്ങളുടെ വില പത്താം ദിവസവും സ്റ്റെഡി. മില്ലുകാർ കൊപ്ര സംഭരണം നിയന്ത്രിച്ചത് മുന്നേറ്റത്തിന് തടസ്സമായി, ദീപാവലി അടുത്തിനാൽ വെളിച്ചെണ്ണയ്ക്ക് ഡിമാന്റ് ഉയരുമെന്ന നിഗമനത്തിലാണ് തമിഴ്‌നാട്ടിലെ മില്ലുകാർ. ഉത്സവ ഡിമാന്റിൽ വില ഉയർത്തി സ്റ്റോക്ക് വിറ്റഴിക്കാനുള്ള ശ്രമത്തിലാണവർ. പ്രാദേശിക വിപണികളിൽ വെളിച്ചെണ്ണയ്ക്ക് ഡിമാന്റ് കുറവാണ്. വെളിച്ചെണ്ണ 16,300 രൂപയിലും കൊപ്ര 10,000 രൂപയിലുമാണ്. മുൻകാലങ്ങളിൽ ദീപാവലിക്ക് മുന്നോടിയായി പ്രതിവാരം 4000 ക്വിന്റൽ വരെ വെളിച്ചെണ്ണ ഉത്തരേന്ത്യക്കാർ കൊച്ചിയിൽ നിന്നും സംഭരിച്ചിരുന്നു. 
    സ്വർണ വില ഉയർന്നു. ആഭരണ വിപണികളിൽ പവൻ 35,360 രൂപയിൽ നിന്ന് 35,800 രൂപയായി. ഗ്രാമിന് വില 4420 രൂപയിൽ നിന്ന് 4475 രൂപയായി. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1767 ഡോളറിൽ നിന്ന് 1814 വരെ ഉയർന്ന ശേഷം വാരാന്ത്യം നിരക്ക് 1792 ഡോളറിലാണ്. സാങ്കേതികമായി സ്വർണ വിപണി ബുള്ളിഷായതിനാൽ 1787 ഡോളറിലെ സപ്പോർട്ട് നിലനിർത്തി 1827 - 1835 ഡോളറിലേയ്ക്ക് ഉയരാൻ ശ്രമിക്കാം.  


 

Latest News