ഒമാനില്‍ റസിഡന്റ് കാര്‍ഡ് കാലാവധി ഇനി മൂന്നു വര്‍ഷം

മസ്‌കത്ത്- ഒമാനില്‍ വിദേശികളുടെ റസിഡന്റ് കാലാവധി മൂന്നു വര്‍ഷമാക്കി. പത്തു വയസ്സിനു മുകളില്‍ പ്രായമുള്ള വിദേശികളായ കുട്ടികള്‍ക്ക് റസിഡന്റ് കാര്‍ഡ് നിര്‍ബന്ധമാക്കി. സിവില്‍ സ്റ്റാറ്റസ് നിയമത്തിലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആന്‍ഡ് കസ്റ്റംസ് ലെഫ്. ജനറല്‍ ഹസ്സന്‍ ബിന്‍ മുഹ്‌സിന്‍ അല്‍ ശര്‍ഖി ഉത്തരവ് പുറപ്പെടുവിച്ചു.
ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന ദിവസം മുതല്‍ ഭേദഗതികള്‍ പ്രാബല്യത്തില്‍ വരും.

പത്തു വയസ്സിന് മുകളിലുള്ള വിദേശികള്‍ രാജ്യത്ത് പ്രവേശിച്ച് 30 ദിവസത്തിനുള്ളില്‍ റസിഡന്റ് കാര്‍ഡ് എടുക്കണം. കുട്ടികളാണെങ്കില്‍ 10 വയസ്സ് പൂര്‍ത്തിയായി 30 ദിവസത്തിനുള്ളിലും തിരിച്ചറിയല്‍/ റസിഡന്‍സി കാര്‍ഡുകള്‍ എടുക്കണം. ഇത് ഒമാനികള്‍ക്കും പ്രവാസികള്‍ക്കും ബാധകമാണ്.
റസിഡന്റ് കാര്‍ഡിന് മൂന്നു വര്‍ഷം വരെ കാലാവധിയുണ്ടാകും. നേരത്തേയിത് രണ്ടു വര്‍ഷമായിരുന്നു. മൂന്നു വര്‍ഷമായാല്‍ പുതുക്കണം. പൗരന്മാര്‍ക്കുള്ള സിവില്‍ ഐ.ഡിക്ക് അഞ്ചു വര്‍ഷത്തെ കാലാവധിയുണ്ടാകും. കാലാവധി പൂര്‍ത്തിയായ തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ കാര്‍ഡ് പുതുക്കണം. പുതിയ റസിഡന്റ് കാര്‍ഡ് ഓരോ വര്‍ഷത്തേക്കും അഞ്ച് റിയാല്‍ വീതവും റസിഡന്റ് കാര്‍ഡ് പുതുക്കുന്നതിന് അഞ്ച് റിയാലും കേടുവന്നതോ നഷ്ടപ്പെട്ടതോ ആയതിന് പകരം കാര്‍ഡ് ലഭിക്കാന്‍ 20 റിയാലും ഈടാക്കും.

 

Latest News