Sorry, you need to enable JavaScript to visit this website.

ആര്യന്‍ കേസ്: തന്നെ കുടുക്കാന്‍ നീക്കമെന്ന് എന്‍സിബി ഓഫീസര്‍ സമീര്‍ വാങ്കഡെ; പോലീസ് സംരക്ഷണം തേടി

മുംബൈ-  ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ലഹരിക്കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കോഴ ആവശ്യപ്പെട്ടെന്ന ആരോപണം നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) തള്ളി. ഷാരൂഖ് ഖാനില്‍ നിന്ന് 25 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും 18 കോടി രൂപയ്ക്ക് തീര്‍പ്പാക്കാമെന്നും ഇതില്‍ എട്ടു കോടി എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്ക് ഉള്ളതാണെന്നും കേസിലെ പ്രധാന സാക്ഷി കെ പി ഗോസാവി പറഞ്ഞതായാണ് പുതിയ വെളിപ്പെടുത്തല്‍. കേസ് തനിക്കെതിരെ തിരിഞ്ഞതോടെ ഗോസാവി മുങ്ങിയിരിക്കുകയാണ്.  ഗോസാവിയുടെ ഫോണ്‍ സംഭാഷണം കേട്ടു എന്ന് കേസിലെ മറ്റൊരു സാക്ഷും ഗോസാവിയുടെ അംഗരക്ഷനുമായ പ്രഭാകര്‍ സയിലാണ് വെളിപ്പെടുത്തിയത്. ഗോസാവിയെ കാണാതായതോടെയാണ് സ്വയം രക്ഷയ്ക്കായി പ്രഭാകര്‍ സത്യവാങ്മൂലത്തിലൂടെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. 

സമീര്‍ വാങ്കഡെയ്ക്കു വേണ്ടി ഗോസാവി പണം ആവശ്യപ്പെട്ടു എന്ന ആരോപണം എന്‍സിബി നിഷേധിച്ചു. തന്നെ കുടുക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും അഞ്ജാതര്‍ തനിക്കെതിരെ തിടക്കപ്പെട്ട് നടത്തുന്ന നിയമനടപടികളില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് മുംബൈ പോലീസ് കമ്മീഷണര്‍ക്ക് സമീര്‍ വാങ്കഡെ കത്തയച്ചു. തന്നെ വ്യാജ കേസില്‍ കുടുക്കാന്‍ ചില കുത്സിത താല്‍പര്യക്കാര്‍ ശ്രമിക്കുന്നുണ്ട്. ജയിലിലാക്കുമെന്നും ജോലി നഷ്ടമാകുമെന്നും മാധ്യമങ്ങളിലൂടെ ഉന്നതപദവി വഹിക്കുന്ന പൊതുപ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പോലീസ് കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ വാങ്കഡെ പറയുന്നു. 

അതേസമയം സമീര്‍ വാങ്കഡെയ്‌ക്കെതിരെ ഉയര്‍ന്ന കുറ്റപ്പിരിവ് അടക്കമുളള ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക് പറഞ്ഞു. മുംബൈയില്‍ ഒരു വര്‍ഷത്തോളമായി വന്‍സംഘടിത കുറ്റകൃത്യങ്ങളാണ് നടക്കുന്നത്. ഇതുവഴി കോടിക്കണക്കിന് രൂപയാണ് തട്ടിയെടുത്തതെന്നും മന്ത്രി ആരോപിച്ചു.

കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തലിനു പിന്നാലെ ശിവസേന എംപി സഞ്ജയ് റൗട്ടും എന്‍സിബിയെ പ്രതിക്കൂട്ടിലാക്കുന്ന വിഡിയോ പുറത്തു വിട്ടിരുന്നു. കേസില്‍ കാണാതായ മുഖ്യ സാക്ഷി കെ പി ഗോസാവി എന്‍സിബി ഓഫീസിലിരുന്ന് ആര്യന്‍ ഖാനെ അടുത്തിരുന്നു ഫോണില്‍ മറ്റൊരാളോട് സംസാരിക്കുന്നതാണ് ഈ ദൃശ്യങ്ങളിലുള്ളത്. ഗോസാവി ബിജെപിയുടെ ഏജന്റാണെന്നും എന്‍സിബിയുമായി ഇദ്ദേഹത്തിന് എന്താണ് ബന്ധമെന്നും നേരത്തെ മന്ത്രി നവാബ് മാലിക് ചോദ്യം ഉന്നയിച്ചിരുന്നു. ആര്യന്‍ ഖാനെ എന്‍സിബി അറസ്റ്റ് ചെയ്ത ദിവസം ആര്യനൊപ്പം സെല്‍ഫി പോസ്റ്റ് ചെയ്തതു മുതലാണ് ഗോസാവി വാര്‍ത്തകളില്‍ നിറഞ്ഞത്. കേസില്‍ പല വഴിത്തിരിവുകളും ഉണ്ടായതോടെ ഗോസാവിയെ കാണാതായിരിക്കുകയാണ്.

Latest News