കൊല്ലം- മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുവന്ന യുവാവിനെ പുനലൂര്‍ പോലീസ് പിടികൂടി. സ്കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ഇരുപതാം തീയതി ഇടുക്കിയില്‍ നിന്നു കടത്തിക്കൊണ്ടുവന്ന് ഒളിവില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. പുനലൂര്‍ തൊളിക്കോട് ദേവികോണത്ത് വിദ്യാഭവനില്‍ വിഷ്ണു (20) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സൈബര്‍സെല്‍ സഹായത്തോടെ ഇടുക്കി പോലീസ് നല്കിയ സന്ദേശത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. എ.എസ്.ഐ ആമീന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അജീഷ്, അഭിലാഷ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയ പ്രതിയെ ഇടുക്കി പോലീസിന് കൈമാറി.
പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കുമെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായാല്‍ പ്രതിക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കും.






