ഇതെന്തൊരു കപ്പല്‍! ധര്‍മ്മടത്ത് കുടുങ്ങിയ കപ്പല്‍ നീക്കാന്‍ വന്ന വീഞ്ചും കുരുങ്ങി

തലശ്ശേരി- ധര്‍മ്മടം തുരുത്തിന് സമീപം കടലേറ്റത്തില്‍ തിരയില്‍പ്പെട്ട് നിയന്ത്രണം വിട്ട കപ്പല്‍ കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം രണ്ട് കഴിഞ്ഞു. കപ്പല്‍ കടലില്‍ നിന്ന് തന്നെ പൊളിച്ച് നീക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടെങ്കിലും അതും പെട്ടെന്ന് നടക്കില്ലെന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. കടലില്‍ മണത്തിട്ടയില്‍ ഉറച്ചു പോയ കപ്പലിനെ കരയിലേക്ക് വലിച്ചടുപ്പിക്കാനുള്ള വീഞ്ചാണ് കഴിഞ്ഞ ദിവസം വഴിയില്‍ കുരുങ്ങിയത്.
്മാലി ദ്വീപില്‍നിന്ന് അഴീക്കല്‍ സില്‍ക്കിലേക്ക് പൊളിക്കാന്‍ കൊണ്ട് പോകുന്നതിനിടെയാണ് കനത്ത മഴയില്‍ കപ്പല്‍ നിയന്ത്രണം വിട്ട് ധര്‍മ്മടം തുരുത്തിന് സമീപം എത്തിയത്. എന്നാല്‍ കപ്പല്‍ കരക്കടുപ്പിക്കാന്‍ ഇതുവരെ നടത്തിയ ശ്രമങ്ങളൊക്കെ ഓരോരോ കാരണങ്ങള്‍ കൊണ്ട് പരാജയപ്പെടുകയാണ്.
കപ്പല്‍ പൊളിക്കാന്‍ വേണ്ടി താത്ക്കാലികമായി നിര്‍മ്മിച്ച റോഡിലൂടെ കടല്‍ത്തീരത്തേക്ക് ക്രെയിന്‍ ഉപയോഗിച്ച് വലിച്ച് കൊണ്ട് പോകുന്നതിനിടെ ക്രെയില്‍ തകര്‍ന്നാണ് വീഞ്ച് വഴിയിലായത.് ഇത് ഇവിടെനിന്ന് മാറ്റാന്‍ മറ്റൊരു ക്രെയിന്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. കപ്പല്‍ പൊളിച്ച് തുടങ്ങണമെങ്കില്‍ കടല്‍ത്തീരത്ത് രണ്ട് വീഞ്ചുകള്‍ ഉറപ്പിച്ച് നിര്‍ത്തണം. ഇതിന് പുറമെ മറ്റൊരു വീഞ്ചും ചങ്ങലയും കപ്പികളും ഇനിയും എത്തേണ്ടതുണ്ട.്
രണ്ട് വര്‍ഷം മുന്നേയാണ് കപ്പല്‍ ഇവിടെ കടലില്‍നിന്ന് എങ്ങോട്ടേക്കും നീക്കാന്‍ കഴിയാതെ ചെളിയില്‍ ഉറച്ച് പോയത.് ഈ ചരക്ക് കപ്പല്‍ ബന്ധിച്ച കയര്‍ പൊട്ടി കടലിലൂടെ ഒഴുകി ധര്‍മ്മടത്ത് എത്തുകയായിരുന്നു. അന്ന് മണല്‍തിട്ടയില്‍ ഇടിച്ചു നിന്ന കപ്പല്‍ നീക്കി അഴീക്കലിലേക്ക് കൊണ്ടുപോകാന്‍ ശ്രമം നടന്നിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. കടലില്‍ കപ്പല്‍ ഇങ്ങനെ നിര്‍ത്തിയിടുന്നതിനെ സംബന്ധിച്ച് ഏറെ തര്‍ക്കമുണ്ടായിരുന്നു.
കപ്പലില്‍ നിന്നുള്ള രാസവസ്തുക്കള്‍ കടലില്‍ കലരുമെന്ന് മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് തുടക്കത്തില്‍ കപ്പലിന്റെ ഭാഗങ്ങള്‍ പൊളിച്ച് കൊണ്ടുപോകാനുള്ള നീക്കം തൊഴിലാളികള്‍ തടഞ്ഞിരുന്നു.
2020 ജനുവരി 26ന് കപ്പല്‍ നീക്കം ചെയ്യാനെത്തിയ രണ്ട് ബോട്ടുകളിലൊന്ന് മണല്‍ തിട്ടയില്‍ കുടുങ്ങിക്കിടന്നിരുന്നു. ഇത് മാറ്റാനുള്ള നീക്കത്തിനിടെ അടുത്ത ബോട്ടിന് തീപ്പിടിക്കുകയും ചെയ്തിരുന്നു. ഇതോടെ ആ ശ്രമം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ജില്ലാ കലക്ടര്‍ തന്നെ കപ്പല്‍ പൊളിച്ച് മാറ്റാന്‍ ഉത്തരവിറക്കിയത.് ഇതിനിടെയും തടസ്സങ്ങള്‍ വീണ്ടും തലപൊക്കിയതോടെ കപ്പലിനെ നാട്ടുകാര്‍ ശപിക്കുകയാണ്. തുരുത്തിന് സമീപം പാറക്കെട്ടുകള്‍ ഇല്ലാത സ്ഥലത്താണ് കപ്പല്‍ കുടുങ്ങിക്കിടക്കുന്നത്. പ്രദേശവാസികളായ മത്സ്യ തൊഴിലാളികള്‍ ഇവിടെ വിശാലമായി വല വിരിച്ച് മീന്‍പിടിക്കുന്നയിടമാണിത.് മുപ്പതിലധികം തൊഴിലാളികള്‍ ഒന്നിച്ച് വലയിറക്കി മത്സ്യ ബന്ധനം നടത്തുന്ന സ്ഥലമാണിത.് രണ്ടു വര്‍ഷമായി ഇത്തരത്തിലുള്ള മീന്‍പിടുത്തം തടസ്സപ്പെട്ടിരിക്കുകയാണ്.

 

 

Latest News