കൊച്ചി- ഒരു നേരത്തെ ആഹാരത്തിനും അന്തിയുറങ്ങാനുള്ള വീടിനും വേണ്ടി സ്വന്തം വീടിനു മുന്നില്‍ സത്യഗ്രഹത്തിലാണ് ഒരമ്മ. കിഴക്കമ്പലം തടിയന്‍പറമ്പില്‍ പരേതനായ ജോസഫിന്റെ ഭാര്യ കുഞ്ഞമ്മ (78)യാണ് ജീവിക്കാന്‍ നിവൃത്തിയില്ലാതെ മകന്‍ കൈയടക്കിയ വീടിനു മുന്നില്‍ കാവലിരിക്കുന്നത്. മരണംവരെ ഭാര്യക്ക് താമസിക്കാനായി ഭര്‍ത്താവ് വില്‍പത്രം എഴുതിവച്ച വീട്ടിലാണ് കയറാന്‍ അവസരമില്ലാതെ പ്രായാധിക്യമുള്ള അമ്മ വലയുന്നത്. ഇതോടൊപ്പം വീടിനോട് ചേര്‍ന്ന് അമ്മയുടെ ചെലവിനായി പിതാവ് നിര്‍മ്മിച്ച രണ്ട് കടമുറികള്‍ പൊളിച്ചു മാറ്റുകയും വീട്ടിലെ കാര്‍ഷികാദായങ്ങള്‍ അമ്മക്ക് ലഭിക്കാതിരിക്കാന്‍ വെട്ടി നശിപ്പിച്ചതായും മകന്‍ തമ്പിക്കെതിരെ കുഞ്ഞമ്മ മൂവാറ്റുപുഴ ആര്‍.ഡി.ഒക്ക് പരാതി നല്‍കി.
നാല് വര്‍ഷം മുമ്പ് മകന്‍ സംരക്ഷിക്കുമെന്ന ഉറപ്പില്‍ മകന്‍ താമസിക്കുന്ന വീട്ടില്‍ എത്തിയെങ്കിലും ഭക്ഷണംപോലും നല്‍കാതെ ഒറ്റമുറിയില്‍ അടച്ചിട്ട് പുറം ലോകവുമായുള്ള ബന്ധംപോലും നിഷേധിച്ചതായും പരാതിയിലുണ്ട്. മകന്റെ ഭാര്യ സിസിലിയുമായി യോജിച്ച് പോകാന്‍ പറ്റാതെ വന്നതോടെ ആദ്യം കിളികുളത്തുള്ള വൃദ്ധ സദനത്തിലാക്കി. പിന്നീട് 2020 ല്‍ പേരമകന്റെ വിവാഹത്തിന് തിരിച്ച് വീട്ടിലെത്തിച്ചു. പിന്നീട് വൈപ്പിനിലുള്ള അനാഥ മന്ദിരത്തിലേക്ക് മാറ്റാനായി ശ്രമം നടത്തിയതോടെ കുഞ്ഞമ്മയുടെ സഹോദരന്മാര്‍ ഇടപെട്ട് അയച്ചില്ല. പിന്നീട് ആര്‍.ഡി.ഒക്ക് പരാതി നല്‍കി. എന്നാല്‍ ആര്‍.ഡി.ഒ ഓഫീസില്‍ മകന്‍ എത്താതെ വന്നതോടെയാണ് അമ്മ വീടിനു മുന്നില്‍ സത്യാഗ്രഹം തുടങ്ങുകയായിരുന്നു.