ഇന്ത്യ-പാക്ക് ട്വന്റി20 മത്സരം കാണാന്‍ നൂറ് തൊഴിലാളികള്‍ക്ക് സൗജന്യടിക്കറ്റ്

ദുബായ്- ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച നടക്കുന്ന ഇന്ത്യ-പാക്ക് ട്വന്റി20 മത്സരം കാണാന്‍ ഡാന്യൂബ് കമ്പനി നൂറ് തൊഴിലാളികള്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കി. യു.എ.ഇയിലെ അറിയപ്പെടുന്ന ക്രിക്കറ്റ് പ്രേമിയും ഡാന്യൂബ് വൈസ് ചെയര്‍മാനുമായ അനിസ് സാജന്‍ ഇതിനു പുറമേ ഇന്ത്യയുടെ ലീഗ് റൗണ്ടിലെ  അവസാന മത്സരം കാണാന്‍ നൂറു ടിക്കറ്റുകള്‍കൂടി നല്‍കും. പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ മത്സരം കാണാനും നൂറ് ടിക്കറ്റ് നല്‍കുന്നുണ്ട്. ബസുകളില്‍ സ്റ്റേഡിയം വരെ തൊഴിലാളികളെ എത്തിച്ച് ആഹാര പായ്ക്കറ്റുകളും നല്‍കും.

ഉച്ചകഴിഞ്ഞ്  അവധിയും അനുവദിച്ചു. ഇന്ത്യ-പാക്ക് മത്സരം കാണാന്‍ അവസരം ലഭിക്കാത്ത സാധുക്കളായ തൊഴിലാളികള്‍ക്ക് അവസരമൊരുക്കാനാണിതെന്നും ടിക്കറ്റ് ലഭിച്ചപ്പോള്‍ അവര്‍ക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നെന്നു അനിസ് സാജന്‍ പറഞ്ഞു.

സ്റ്റേഡിയങ്ങളില്‍ കളികാണാന്‍ പോകാന്‍ സാധിക്കാത്തവര്‍ക്കായി കമ്പനിയുടെ സംഭരണശാലകളില്‍ വമ്പന്‍ സ്‌ക്രീനുകള്‍ ക്രമീകരിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്ക് ഇഷ്ടമുള്ള ടീമിന്റെ ജഴ്‌സികളും തൊപ്പികളും വിതരണം ചെയ്യാനും പദ്ധതിയുണ്ട്.

 

Latest News