Sorry, you need to enable JavaScript to visit this website.

ട്വന്റി20 കാലത്തെ ടെസ്റ്റ് ക്രിക്കറ്റ്

പ്രഥമ ട്വന്റി20 ചാമ്പ്യൻഷിപ്പ്  ഫൈനലിൽ നിന്ന്. ഒരു കളിക്കാരന്റെ കഴിവ് ഏറ്റവുമധികം പരീക്ഷിക്കപ്പെടുന്നത് ടെസ്റ്റ് ക്രിക്കറ്റിലാണ്. കാണികൾക്ക് കൂടി ഒരു പരീക്ഷണമാണ് ടെസ്റ്റ് ക്രിക്കറ്റ്. ചിലപ്പോൾ നിരവധി സെഷനുകൾ കളി ഇഴഞ്ഞുനീങ്ങിയേക്കാം, പൊടുന്നനെയാവാം കാര്യങ്ങൾ മാറിമറിയുന്നത്. 

ട്വന്റി20 ലോകകപ്പ് പുരോഗമിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റിന് ഭാവിയുണ്ടോ എന്ന് ചോദിക്കാൻ ഏറ്റവും പ്രസക്തമായ സമയമാണ് ഇത്. 

അഞ്ചു ദിവസം പൊരിവെയിലത്ത് കളിക്കുക, എന്നിട്ടും ഒരു ടീമും ജയിക്കാതിരിക്കുക. ഇങ്ങനെയും സംഭവിക്കാവുന്ന ടെസ്റ്റ് ക്രിക്കറ്റിനെ വിമർശകർ എപ്പോഴും കുറ്റപ്പെടുത്താറുണ്ട്. നിമിഷാർധങ്ങൾക്കിടയിൽ വാർത്തകൾ സൃഷ്ടിക്കപ്പെടുന്ന വേഗത്തിന്റെ പുതിയ ലോകത്ത് ടെസ്റ്റ് ക്രിക്കറ്റിന് എവിടെയാണ് ഭാവിയെന്ന് ചോദിക്കുന്നവർ ഏറെയാണ്. ലോകമെങ്ങും ടെസ്റ്റ് മത്സരം കാണാൻ കാണികൾ കുറയുന്നത് അതിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എങ്കിലും 140 വയസ്സ് പിന്നിടുന്ന ടെസ്റ്റ് ക്രിക്കറ്റ് ഇന്നും അതിന്റെ വ്യത്യസ്തത കൊണ്ട് വേറിട്ടുനിൽക്കുന്നു. ആളുകളെ ആകർഷിക്കാൻ ആദ്യം ഏകദിനമായും പിന്നീട് ട്വന്റി20 യായും ക്രിക്കറ്റ് രൂപപരിണാമം നേടിയെങ്കിലും ടെസ്റ്റ് ഇപ്പോഴും വ്യതിരിക്തത പുലർത്തുന്നു. 


ടെസ്റ്റ് ഒരേസമയം ടീം ഗെയിമും വ്യക്തിഗത പോരാട്ടവുമാണ്. ടീമിൽ 11 പേർ വീതമുണ്ടാവുമെങ്കിലും ഒരു ബൗളറും ഒരു ബാറ്റ്‌സ്മാനും തമ്മിൽ നേരിട്ടാണ് എപ്പോഴും പോരാട്ടം. പലപ്പോഴും ഒരു ഫീൽഡറാണ് അതിന്റെ ഫലം നിയന്ത്രിക്കുന്നത്. അചഞ്ചലമായ ഏകാഗ്രത വേണ്ട കളിയാണ് ടെസ്റ്റ് ക്രിക്കറ്റ്. ഒരു പന്ത് മതി ഒരു ബാറ്റ്‌സ്മാന്റെ വാഴ്ച അവസാനിപ്പിക്കാൻ. പിച്ചുകളും മത്സരം നടക്കുന്ന സ്റ്റേഡിയത്തിലെ അന്തരീക്ഷവും കളിയെ വലിയ തോതിൽ സ്വാധീനിക്കുന്നു. മത്സരത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിൽ ബാറ്റ്‌സ്മാന്റെയും ബൗളറുടെയും സമീപനം വ്യത്യസ്തമായിരിക്കും. ഒരേ ബാറ്റ്‌സ്മാൻ പലതരം ബൗളർമാരെ നേരിടുന്നു. ബാറ്റ്‌സ്മാനെ ചതിക്കുഴിയിൽ ചാടിക്കാനായി പല രീതിയിൽ പന്തെറിയുന്ന ബൗളർമാരും ബൗളർ എങ്ങനെ അടുത്ത പന്തെറിയുമെന്ന് നേരത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്ന ബാറ്റ്‌സ്മാനും ടെസ്റ്റ് ക്രിക്കറ്റിനെ ഒരു മാനസിക പോരാട്ടം കൂടിയാക്കി മാറ്റുന്നു. ചിലപ്പോൾ എളുപ്പം റൺസെടുക്കേണ്ടി വരാം, മറ്റു ചിലപ്പോൾ ദിവസം മുഴുവൻ പ്രതിരോധിച്ചു നിൽക്കേണ്ടി വരാം. അതാത് സാഹചര്യത്തിനനുസരിച്ച് ബാറ്റിംഗ് രീതി തീരുമാനിക്കുന്നേടത്താണ് ഒരു കളിക്കാരന്റെ വിജയം. അഞ്ചു ദിവസം നീളുന്ന ചെസ് മത്സരമാണ് ടെസ്റ്റ് ക്രിക്കറ്റ്. നിരന്തരമായ തന്ത്രങ്ങളുടെ പോരാട്ടം. ഒരു കളിക്കാരന്റെ കഴിവ് ഏറ്റവുമധികം പരീക്ഷിക്കപ്പെടുന്നത് ടെസ്റ്റ് ക്രിക്കറ്റിലാണ്. കാണികൾക്ക് കൂടി ഒരു പരീക്ഷണമാണ് ടെസ്റ്റ് ക്രിക്കറ്റ്. ചിലപ്പോൾ നിരവധി സെഷനുകൾ കളി ഇഴഞ്ഞുനീങ്ങിയേക്കാം, പൊടുന്നനെയാവാം കാര്യങ്ങൾ മാറിമറിയുന്നത്. 


1877 മാർച്ച് 15 ന് മെൽബണിൽ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലാണ് ആദ്യ ടെസ്റ്റ് ആരംഭിച്ചത്. ആദ്യ റൺസെടുത്ത ഓസീസിന്റെ ചാൾസ് ബാനർമാൻ തന്നെയാണ് കന്നി സെഞ്ചുറിക്ക് ഉടമ. ഓസ്‌ട്രേലിയയുടെ 245 ൽ 165 റൺസായിരുന്നു ബാനർമാന്റെ സംഭാവന -67.3 ശതമാനം. ഇന്നും ടീം സ്‌കോറിൽ ഒരു കളിക്കാരന്റെ ഏറ്റവും വലിയ സംഭാവനയാണ് ഇത്. ഇംഗ്ലണ്ടിനെ 45 റൺസിന് ഓസ്‌ട്രേലിയ തോൽപിച്ചു. ആദ്യ ടെസ്റ്റിന്റെ ശതാബ്ദിയാഘോഷിക്കാൻ 1977 ൽ മെൽബണിൽ തന്നെ ശതാബ്ദി മത്സരം സംഘടിപ്പിച്ചപ്പോഴും ഓസ്‌ട്രേലിയ 45 റൺസിന് ജയിച്ചുവെന്നതാണ് കൗതുകം. 1889 ൽ ദക്ഷിണാഫ്രിക്കയുടെ രംഗപ്രവേശം വരെ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ മാത്രമായിരുന്നു ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറിയിരുന്നത്. ആ വർഷമാണ് ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യാമെന്ന ചട്ടമുണ്ടായത്. 1909 ൽ ക്രിക്കറ്റിന്റെ രാജ്യാന്തര ഭരണ സമിതിയായി ഇംപീരിയൽ ക്രിക്കറ്റ് കോൺഫറൻസ് (ഐ.സി.സി -പിന്നീട് ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിൽ ആയി) രൂപം കൊണ്ടു. 1928 ൽ വെസ്റ്റിൻഡീസും രണ്ടു വർഷത്തിനു ശേഷം ന്യൂസിലാന്റും അതിനും രണ്ടു വർഷം കഴിഞ്ഞ് ഇന്ത്യയും ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറി. 1952 ലാണ് പാക്കിസ്ഥാൻ അംഗമായത്. പിന്നീട് 31 വർഷം കഴിഞ്ഞ് ശ്രീലങ്ക എത്തി. അതും കഴിഞ്ഞ് 10 വർഷമെടുത്തു സിംബാബ്‌വെക്ക് അംഗത്വം നൽകാൻ. 2000 ലാണ് ബംഗ്ലാദേശ് ടെസ്റ്റ് ടീമായത്. അഫ്ഗാനിസ്ഥാനും  അയർലന്റുമാണ് അവസാനം ടെസ്റ്റ് ടീമുകളായത് -2017 ജൂണിൽ. 


കണക്കുകൾ മാത്രമല്ല ഒരു കളിക്കാരന്റെ മഹത്വം തീരുമാനിക്കുന്നത്. ഡൊണാൾഡ് ബ്രാഡ്മാനാണ് ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി കരുതപ്പെടുന്നത്. ജാക്ക് കാലിസിനോളം റൺസും വിക്കറ്റും ക്യാച്ചും സ്വന്തമാക്കിയിട്ടില്ലെങ്കിലും ഗാരി സോബേഴ്‌സ് മികച്ച ഓൾറൗണ്ടറായി പരിഗണിക്കപ്പെടുന്നു. ഏറ്റവും സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാൻ ജാക്ക് ഹോബ്‌സാണ്. എന്നാൽ ടെസ്റ്റിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഉയർന്ന വ്യക്തിഗത സ്‌കോറിനുടമ ബ്രയാൻ ലാറയാണ്. ഏറ്റവുമധികം റൺസ് സചിൻ ടെണ്ടുൽക്കറുടെ പേരിലും. ഏറ്റവും മികച്ച പെയ്‌സ്ബൗളറാവാൻ ഡെനിസ് ലിലിയും മാൽക്കം മാർഷലും വസീം അക്രമും തമ്മിലായിരിക്കും മത്സരം. മുത്തയ്യ മുരളീധരനും ഷെയ്ൻ വോണും ബിൽ ഒറീലിയുമാണ് മികച്ച സ്പിന്നർമാരായി പരിഗണിക്കപ്പെടുന്നത്. ശൈലിയും വ്യക്തിത്വവും കൊണ്ട് തങ്ങളുടേതായ പാദമുദ്ര പതിപ്പിച്ചവരേറേയുണ്ട് -വിക്ടർ ട്രംപർ, ഹരോൾഡ് ലാർവുഡ്, ജോർജ് ഹെഡ്‌ലി, എവർടൻ വീക്‌സ്, കീത്ത് മില്ലർ, ഡെനിസ് കോംപ്റ്റൻ, ടെഡ് ഡെക്സ്റ്റർ, റിച്ചി ബെനോഡ്, ഫ്രെഡ് ട്രൂമൻ, രോഹൻ കനായി, ബിഷൻ ബേദി, ജെഫ് ബൊയ്‌കോട്ട്, മൈക് പ്രോക്റ്റർ, സുനിൽ ഗവാസ്‌കർ, ഗ്രെഗ് ചാപ്പൽ, ജാവേദ് മിയാൻദാദ്, ഇയാൻ ബോതം, ഇംറാൻ ഖാൻ, കപിൽദേവ്, അലൻ ബോർഡർ, ഡേവിഡ് ഗവർ, അർജുന രണതുംഗ, ആൻഡി ഫഌവർ, ആഡം ഗിൽക്രിസ്റ്റ്, വീരേന്ദർ സെവാഗ്, എം.എസ് ധോണി, കുമാർ സംഗക്കാര തുടങ്ങിയവർ. 


ഏറെക്കാലം മൂന്നോ നാലോ ദിവസങ്ങളിലായാണ് ടെസ്റ്റ് മത്സരം കളിച്ചിരുന്നത്. 1948 ലാണ് അഞ്ചു ദിനമായി നിശ്ചയിച്ചത്. തുടക്കത്തിൽ ഒരോവറിൽ നാല് പന്തുകളായിരുന്നു.പിന്നീട് ഇംഗ്ലണ്ടിൽ അഞ്ചും ക്രമേണ ആറുമായി, ഓസ്‌ട്രേലിയയിൽ എട്ടും. 1980 ലാണ് ഒരോവറിൽ ആറ് പന്ത് എന്ന് നിജപ്പെടുത്തിയത്. വെള്ള വസ്ത്രമണിഞ്ഞ് ചുവന്ന പന്തുപയോഗിച്ചാണ് ടെസ്റ്റ് കളിക്കുന്നത്. 2015 ൽ ഡേ-നൈറ്റ് ക്രിക്കറ്റ് ആദ്യമായി അരങ്ങേറിയതോടെ പകലും രാത്രിയുമായി നടക്കുന്ന കളികളിൽ പിങ്ക് പന്തും ഉപയോഗിച്ചു തുടങ്ങി. 

അഞ്ച് നിർണായക ഘട്ടങ്ങൾ പിന്നിട്ടു ടെസ്റ്റ് ക്രിക്കറ്റ്. ഒന്ന്, ബ്രാഡ്മാനെ ഒതുക്കാനായി ഡഗ്ലസ് ജാർദീനെ ഇംഗ്ലണ്ട് ഉപയോഗിച്ച 1932-33 ലെ ബോഡി ലൈൻ സീരീസ്. ഓസീസ് കളിക്കാരുടെ ശരീരമായിരുന്നു ലക്ഷ്യം. 1935 ൽ ബോഡിലൈൻ ബൗളിംഗ് നിരോധിക്കപ്പെട്ടു. 1968 ൽ വെള്ളക്കാരനല്ലാത്ത ദക്ഷിണാഫ്രിക്കയുടെ ബെയ്‌സിൽ ഡി ഒലിവേരയുൾപ്പെട്ട ഇംഗ്ലണ്ട് ടീമിനെ സ്വീകരിക്കാൻ ദക്ഷിണാഫ്രിക്ക വിസമ്മതിച്ചു, 1970 ലെ അവരുടെ ഇംഗ്ലണ്ട് പര്യടനം റദ്ദാക്കുകയും 22 വർഷത്തോളം അവരെ മാറ്റിനിർത്തുകയും ചെയ്തു. 1977 ൽ ക്രിക്കറ്റ് സംപ്രേഷണാവകാശം നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് ഓസ്‌ട്രേലിയൻ മാധ്യമകുലപതി കെറി പാക്കർ മികച്ച കളിക്കാരെ റാഞ്ചി സമാന്തര ക്രിക്കറ്റ് തുടങ്ങി. രണ്ടു വർഷത്തോളം വേൾഡ് ലീഗ് ക്രിക്കറ്റ് മുന്നോട്ടുപോയി. സംപ്രേഷണാവകാശം നേടിയെടുത്ത ശേഷമാണ് പാക്കർ ഒത്തുതീർപ്പിനു സന്നദ്ധനായത്. കളിക്കാർ കോടികൾ സമ്പാദിച്ചു തുടങ്ങിയത് അന്നു മുതലാണ്. വേൾഡ് സീരീസിലെ കളികൾ എക്കാലത്തെയും ഉന്നത നിലവാരത്തിലുള്ളതായിരുന്നുവെന്നാണ് വിലയിരുത്തൽ. 2000 ൽ ദക്ഷിണാഫ്രിക്കൻ നായകൻ ഹാൻസി ക്രോണ്യെ ഒത്തുകളിയുടെ പേരിൽ വിലക്കപ്പെട്ടതാണ് ടെസ്റ്റ് ക്രിക്കറ്റിനേറ്റ ഏറ്റവും വലിയ പ്രഹരം. ഒത്തുകളിയുടെ ഭൂതം ഇന്നും ക്രിക്കറ്റിനെ വലക്കുന്നു. 2008 ൽ ഐ.പി.എല്ലിന്റെ ആരംഭം ക്രിക്കറ്റിലേക്കും കളിക്കാർക്കും പണക്കൊയ്ത്തായി. ട്വന്റി20 ലീഗുകൾ ലോകമെങ്ങും വ്യാപിച്ചു. അത് ടെസ്റ്റ് മത്സരങ്ങളെപ്പോലും സ്വാധീനിച്ചു. 


ട്വന്റി20 യുടെ വ്യാപനത്തിനിടയിൽ ടെസ്റ്റ് ക്രിക്കറ്റ് നിലനിൽക്കുമോയെന്നതാണ് ചോദ്യം. വാശിയേറിയ പോരാട്ടങ്ങളാവും ടെസ്റ്റ് ക്രിക്കറ്റ് നിലനിൽക്കാൻ വേണ്ട ഏറ്റവും അടിസ്ഥാന ഘടകം. ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പര നൽകുന്നതു പോലെ അത് നാടകീയതകളും വിവാദങ്ങളും സമ്മാനിക്കുകയും കാണികളെ പിടിച്ചിരുത്തുകയും വേണം. ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടങ്ങൾ നിലച്ചതു പോയത് ടെസ്റ്റ് ക്രിക്കറ്റിന് ജനപ്രിയത കുറയുന്നതിൽ വലിയ പങ്കുവഹിച്ചു. ഉപഭൂഖണ്ഡത്തിലെ ഏറ്റവും ക്രിക്കറ്റ് ഭ്രമമുള്ള രാജ്യങ്ങളാണ് ഇന്ത്യയും പാക്കിസ്ഥാനും. ബംഗ്ലാദേശിന് നൂറോളം മത്സരങ്ങൾ കളിച്ചിട്ടും ടെസ്റ്റ് ക്രിക്കറ്റിന്റെ സങ്കീർണതകൾ മനസ്സിലാക്കാനാവാത്തത് മറ്റൊരു പ്രഹരമാണ്. ഏറ്റവും ആവേശഭരിതരായ ക്രിക്കറ്റ് പ്രേമികളാണ് ബംഗ്ലാദേശിലേത്. ആഷസ് പരമ്പരകൾ കൂടുതൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാവണം. 
മികച്ച ടീമുകളും ദുർബല ടീമുകളുമുൾപ്പെടുന്ന രണ്ട് വിഭാഗമാക്കി ടെസ്റ്റ് ക്രിക്കറ്റ് നടത്താനുള്ള നീക്കം പരാജയപ്പെട്ടത് വലിയ തിരിച്ചടിയാണ്. സ്ഥാനക്കയറ്റവും തരംതാഴ്ത്തലുമുണ്ടായിരുന്നുവെങ്കിൽ അത് മത്സരങ്ങൾക്ക് കൂടുതൽ അർഥവും വ്യാപ്തിയും നൽകിയേനേ. പുതിയ ടീമുകൾക്ക് ടെസ്റ്റ് ക്രിക്കറ്റിന്റെ ഉയരങ്ങൾ കീഴടക്കാൻ അവസരവും ലഭിച്ചേനേ. ഐ.സി.സി സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചത് ഈ ലക്ഷ്യം മുന്നിൽ വെച്ചാണ്. 

 

Latest News