Sorry, you need to enable JavaScript to visit this website.

ഇത്തിരി വട്ടം, ഒത്തിരി സന്തോഷം

ലുസൈൽ സ്റ്റേഡിയം.. ഫൈനലിന്റെ വേദി
അൽതുമാമ സ്റ്റേഡിയം 

ഇത്ര അടുത്തടുത്തുള്ള വേദികളിൽ കളികൾ അരങ്ങേറുന്നത് ഖത്തർ ലോകകപ്പിനെ കാഴ്ചയുടെ ഉത്സവമാക്കി മാറ്റുമെന്ന് സംഘാടകർ

പശ്ചിമേഷ്യയിലെ ആദ്യ ലോകകപ്പ് ഫുട്‌ബോൾ ടൂർണമെന്റിന് പന്തുരുളാൻ ഇനി മാസങ്ങൾ മാത്രം. ഖത്തറിൽ ഒരുക്കങ്ങൾ തകൃതിയാണ്. ഇത്ര ചെറിയ രാജ്യം, ഇത്ര കുറഞ്ഞ ജനസംഖ്യയുള്ള നാട് ലോകകപ്പ് പോലൊരു മഹാമേളക്ക് ആതിഥ്യമരുളുന്നതിന്റെ കൗതുകത്തിനായി കാത്തു നിൽക്കുകയാണ് കായിക ലോകം. ഒതുക്കവും എളുപ്പവുമായിരിക്കും ഖത്തർ ലോകകപ്പിന്റെ മുദ്രാവാക്യം. ലോകകപ്പിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി (ലോകകപ്പിന്റെ നടത്തിപ്പിനും ആ നേട്ടത്തിന്റെ മഹിമ നിലനിർത്തുന്നതിനുമുള്ള സമിതി) പുറത്തുവിട്ട കണക്കുകൾ രസകരമാണ്. ഖത്തർ ലോകകപ്പിൽ രണ്ട് സ്റ്റേഡിയങ്ങൾ തമ്മിലുള്ള പരമാവധി ദൂരം വെറും 55 കിലോമീറ്ററാണ്. ബ്രസീൽ ലോകകപ്പിൽ ഇത് 3140 കിലോമീറ്ററായിരുന്നു. റഷ്യൻ ലോകകപ്പിൽ കളിക്കളങ്ങൾ തമ്മിലുള്ള ദൂരം മൂവായിരത്തിലേറെ കിലോമീറ്റർ വരും. ഖത്തറിൽ 55 കിലോമീറ്റർ സഞ്ചരിക്കാൻ കഷ്ടിച്ച് അര മണിക്കൂറിലേറെ മതി. വേണമെങ്കിൽ ഒരേ ദിവസം രണ്ട് സ്റ്റേഡിയങ്ങളിൽ ഒരാൾക്ക് ലോകകപ്പ് മത്സരങ്ങൾ വീക്ഷിക്കാം. 
അൽബൈത് സ്റ്റേഡിയവും അൽഖൂർ സ്റ്റേഡിയവും തമ്മിലാണ് 55 കിലോമീറ്റർ ദൂരം. സ്റ്റേഡിയങ്ങൾ തമ്മിലുള്ള ഏറ്റവും ചെറിയ ദൂരം വെറം നാലര കിലോമീറ്റർ മാത്രം. ഖത്തർ ഫൗണ്ടേഷൻ സ്റ്റേഡിയവും ഖലീഫ സ്റ്റേഡിയവും തമ്മിൽ. എത്ര തിരക്കുണ്ടായാലും വേണമെങ്കിൽ നടന്നുപോകാവുന്ന അകലം. 2022 ലെ ലോകകപ്പിൽ എട്ട് സ്റ്റേഡിയങ്ങളാണ് ഉപയോഗിക്കുന്നത്. ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സ്റ്റേഡിയങ്ങൾ തമ്മിലുള്ള അകലം സംഘാടകർ നിശ്ചയിച്ചിരിക്കുന്നത്.


പരമാവധി ദൂരമായ 55 കിലോമീറ്റർ എന്നത് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഓൾഡ് ട്രഫോഡ് സ്റ്റേഡിയത്തിൽനിന്ന് ലിവർപൂളിന്റെ ആൻഫീൽഡ് സ്റ്റേഡിയത്തിലേക്കുള്ള ദൂരം മാത്രമാണ്. ലണ്ടനിലെ പ്രീമിയർ ലീഗ് ക്ലബ്ബുകളായ ആഴ്‌സനലിന്റെ എമിറേറ്റ്‌സ് സ്റ്റേഡിയവും ടോട്ടൻഹാമിന്റെ വൈറ്റ് ഹാർട് ലൈൻ സ്റ്റേഡിയവും തമ്മിലുള്ള അകലമേയുള്ളൂ ഖത്തർ ഫൗണ്ടേഷൻ സ്റ്റേഡിയവും ഖലീഫ സ്റ്റേഡിയവും തമ്മിൽ. ബ്രസീൽ ലോകകപ്പിൽ സ്റ്റേഡിയങ്ങൾ തമ്മിൽ ഏറ്റവും കുറഞ്ഞ അകലം 340 കിലോമീറ്ററാണ്. ഖത്തറിലെ ഏറ്റവും കൂടിയ ദൂരത്തിന്റെ ആറിരട്ടിയിലേറെ. 
ഇത്ര ചെറിയ അകലത്തിൽ ഒരേ ദിനം നിരവധി മത്സരങ്ങൾ അരങ്ങേറുന്നതു കാരണം ലൈവ് ഫുട്‌ബോൾ ആസ്വാദനത്തിന്റെ ഒന്നാന്തരം അനുഭവമായിരിക്കും ഖത്തർ ലോകകപ്പെന്ന് സംഘാടകർ പറയുന്നു. തുടക്കത്തിൽ ഒരേ ദിനം നാല് മത്സരങ്ങൾ വരെ അരങ്ങേറുന്നുണ്ട്. കാരണം ഖത്തർ ലോകകപ്പിനുള്ള ദിനങ്ങൾ കുറവാണ്. സാധാരണ 32 ദിവസത്തിലാണ് ലോകകപ്പ് അവസാനിക്കുന്നതെങ്കിൽ 2022 ൽ 28 ദിവസങ്ങളിൽ ടൂർണമെന്റ് അവസാനിക്കും. ഖത്തറിലെ കൊടും ചൂട് പരിഗണിച്ച് ലോകകപ്പ് ശീതകാലത്തിലേക്ക് മാറ്റേണ്ടി വന്നതിനാലാണ് ഇത്. സാധാരണ ജൂൺ, ജൂലൈയിൽ നടക്കുന്നതിനു പകരം ഖത്തറിൽ നവംബർ, ഡിസംബറിലായിരിക്കും. 


പ്രാദേശിക സമയം ഉച്ചക്ക് ഒന്നിനും വൈകുന്നേരം നാലിനും ഏഴിനും രാത്രി പത്തിനുമായിരിക്കും മത്സരങ്ങൾ. നോക്കൗട്ട് റൗണ്ടിൽ വൈകുന്നേരം ആറിനും രാത്രി പത്തിനുമായിരിക്കും കളികൾ. ഫൈനൽ വൈകുന്നേരം ആറിന് ആരംഭിക്കും. 
ചെറിയ രാജ്യത്തും ചെറിയ അകലങ്ങളിലുമാണ് ലോകകപ്പെന്നത് കാണികൾക്കു മാത്രമല്ല കളിക്കാർക്കും വലിയ ഗുണം ചെയ്യും. സാധാരണ കളികൾക്കായി തങ്ങളുടെ കേന്ദ്രത്തിൽനിന്ന് ടീമുകൾക്ക് പലതവണ മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരാറുണ്ട്. ഖത്തറിൽ ഒരേ കേന്ദ്രത്തിൽ താമസിച്ചു കൊണ്ടുതന്നെ ലോകകപ്പ് പൂർണമായും കളിക്കാം. ബ്രസീൽ ലോകകപ്പിൽ അമേരിക്കൻ ടീം മൂന്നു ഗ്രൂപ്പ് മത്സരങ്ങൾ കളിക്കാനായി മാത്രം യാത്ര ചെയ്തത് 9000 എയർ മൈലുകളാണ്. 
നവംബർ 21 നാണ് 2022 ലെ ലോകകപ്പ് തുടങ്ങുക. ലുസൈൽ സ്റ്റേഡിയത്തിലായിരിക്കും ഉദ്ഘാടന മത്സരവും ഫൈനലും. 

Latest News