Sorry, you need to enable JavaScript to visit this website.

എൻഡോസൾഫാൻ ഇരകളുടെ ദുരിതം അവസാനിക്കുന്നല്ല

അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആവശ്യമായ പുതിയ രാസപരിശോധന നടത്തി ഉചിതമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെയും അന്താരാഷ്ട്ര ഏജൻസികളുടെയും സഹകരണം ഉറപ്പു വരുത്തിക്കൊണ്ട് എൻഡോസൾഫാൻ ഗോഡൗണുകളിൽ നിന്ന് നീക്കം ചെയ്ത് നിർവീര്യമാക്കി നശിപ്പിക്കാൻ സുതാര്യമായ ടെണ്ടർ നടപടികൾ സ്വീകരിക്കണം. ഒരു പുതിയ പഠനവും നടത്താതെ ഗോഡൗണുകൾക്ക് സമീപം കുഴിയെടുത്ത് തിരക്കുപിടിച്ച് എൻഡോസൾഫാൻ കുഴിച്ചുമൂടാൻ നടത്തുന്ന നീക്കങ്ങളിൽ നിന്ന് പിൻമാറണമെന്നും ഇരകളടക്കമുള്ളവർ മുഖ്യമന്ത്രിയോടാവശ്യപ്പെടുന്നു. 

 

എൻഡോസൾഫാൻ പ്രയോഗം നിർത്തിവെച്ചെങ്കിലും കാസർകോട്ടെ അതിന്റെ ഇരകളുടെ ദുരന്തങ്ങൾ തുടരുകയാണ്. പിറന്ന മണ്ണിൽ മനുഷ്യരായി ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള അവരുടെ പോരാട്ടവും തുടരുന്നു. ഇപ്പോഴിതാ മറ്റൊരു പോരാട്ടത്തിനു കൂടി എൻഡോസൾഫാൻ ഇരകൾ നിർബന്ധിതരായിരിക്കുകയാണ്.  കാസർകോട് ജില്ലയിൽ സ്റ്റോക്കുള്ള പഴകിയ എൻഡോസൾഫാൻ ശേഖരം പെരിയ, ചീമേനി, രാജപുരം എന്നിവിടങ്ങളിലെ പ്ലാന്റേഷൻ കോർപറേഷൻ ഗോഡൗണുകൾക്ക് സമീപം കുഴിച്ചുമൂടാനാണ് ബന്ധപ്പെട്ടവരുടെ നീക്കം. അതനുവദിക്കില്ല എന്ന തീരുമാനത്തിലാണ് നാട്ടുകാർ. ഇത്തരം സന്ദർഭങ്ങളിൽ ലോകത്തെങ്ങും നടക്കുന്ന പോലെ ഉൽപാദകർ അവ തിരിച്ചുകൊണ്ടുപോകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് നാട്ടുകാരും ഇരകളും സാമൂഹ്യ പ്രവർത്തകരും മുഖ്യമന്ത്രിയടക്കമുള്ള അധികൃതർക്ക് നിവേദനം നൽകിയിരിക്കുകയാണ്.


കാസർകോട്ടെ പി.സി.കെ തോട്ടങ്ങളിൽ കാൽ നൂറ്റാണ്ടു കാലത്തോളം തുടർച്ചയായി ഉപയോഗിച്ചതിനു ശേഷം ബാക്കിയായ എൻഡോസൾഫാനാണ് പെരിയ, ചീമേനി, രാജപുരം എസ്റ്റേറ്റ് ഗോഡൗണുകൾക്ക് സമീപം കുഴിച്ചുമൂടാനുള്ള നീക്കം നടക്കുന്നത്. ആവശ്യമായ കൂടിയാലോചനകളോടു കൂടി 2012 ജൂലൈ മാസത്തിൽ ഗോഡൗണുകളിൽ ബാരലിൽ അവശേഷിച്ച എൻഡോസൾഫാനും അത് കലർന്ന അവശിഷ്ടങ്ങളും അന്താരാഷ്ട്ര മാനദണ്ഡപ്രകാരം മലിനീകരണ നിയന്ത്രണ ബോർഡ്, അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന വിദഗ്ധർ, ആരോഗ്യ വിദഗ്ധർ, എച്ച്.ഐ.എൽ പ്രതിനിധി എന്നിവരുടെ മേൽനോട്ടത്തിൽ എഫ്.എ.ഒയുടെയും ലോകാരോഗ്യ സംഘടനയുടെയും നിർദേശങ്ങൾക്ക് അനുസൃതമായി എച്ച്.ഡി.പി.ഇ ഡ്രമ്മുകളിലേക്ക് മാറ്റുന്ന പ്രവർത്തനം പൂർത്തീകരിച്ചിരുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. മലിനീകരണ നിയന്ത്രണ ബോർഡ് രാസപരിശോധനക്ക് മാനദണ്ഡപ്രകാരം സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിരുന്നു.


മൂന്ന് മാസത്തിനുള്ളിൽ എൻഡോസൾഫാൻ ഗോഡൗണുകളിൽ നിന്ന് നീക്കം ചെയ്ത് നിർവീര്യമാക്കി നശിപ്പിക്കുമെന്ന് 28.1.2014 ന് അന്നത്തെ മുഖ്യമന്ത്രിയുടെ ചേംബറിൽ കൃഷി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും ജനപ്രതിനിധികളും എൻഡോൾസൾഫാൻ ഇരകളുടെ പ്രതിനിധികളും ആ യോഗത്തിൽ പങ്കെടുത്തു. എന്നാൽ എൻഡോസൾഫാന് ആഗോള നിരോധനം നിലവിൽ വരികയും വിവിധ സംസ്ഥാനങ്ങളിൽ ബാക്കിയുള്ള എൻഡോസൾഫാൻ നിർവീര്യമാക്കി സംസ്‌കരിക്കുന്നതിന് ഏറ്റവും സുരക്ഷിത സാങ്കേതികവിദ്യ ലഭ്യമാക്കാനുള്ള പരിശ്രമങ്ങൾ ആരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിൽ ബാക്കിയായ സ്റ്റോക്ക് നീക്കം ചെയ്ത് നിർവീര്യമാക്കി നശിപ്പിക്കുന്ന പ്രക്രിയ നീണ്ടുപോവുകയായിരുന്നു. 
2011 ൽ സ്റ്റോക്ക്‌ഹോം കൺവെൻഷൻ എൻഡോസൾഫാൻ ജലൃശെേെമി േഛൃഴമിശര ുീഹഹൗലേൃ പട്ടികയിൽ പെടുത്തുകയും ആഗോളമായി നിരോധിക്കുകയും ചെയ്തിരുന്നു. 2012 ലാണ് യു.എന്നിന്റ ഔദ്യോഗിക വിവർത്തനം അംഗരാജ്യങ്ങൾക്ക് ലഭ്യമാക്കിയത്. എൻഡോസൾഫാൻ പൂർണമായും ഉപയോഗത്തിലില്ലാതാക്കാൻ അഞ്ച് വർഷത്തെ കാലാവധി അനുവദിച്ചതിനാൽ 2017 ലാണ് അംഗരാജ്യങ്ങളുടെ നിയമപരമായ ബാധ്യത നിലവിൽ വന്നത്. അതിനു ശേഷം യു.എൻ.ഇ.പി, ഡബ്ല്യൂ.എച്ച്.ഒ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ലോക ഭക്ഷ്യസംഘടനയുടെ ആഗോള ടൂൾ കിറ്റിന് അനുസൃതമായി അത് നീക്കം ചെയ്ത് നിർവീര്യമാക്കുന്നതിന് കൂടുതൽ സുരക്ഷിതമായ നടപടിക്രമങ്ങൾക്ക് തുടക്കമിടേണ്ടതുണ്ടായിരുന്നു. എന്നാൽ പി.സി.കെ ഗോഡൗണുകൾക്ക് സമീപം കുഴിയെടുത്ത് കേരള കാർഷിക സർവകലാശാലയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് സുതാര്യതയോ കൂടിയാലോചനകളോ ഒട്ടുമില്ലാതെ എൻഡോസൾഫാൻ സംസ്‌കരിക്കാനുള്ള ധിറുതി പിടിച്ച നീക്കം പാരിസ്ഥിതികവും ആരോഗ്യപരവുമായ ഒട്ടേറെ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.


35 ശതമാനം ഇ.സി വീര്യമുള്ള 1438 ലിറ്റർ എൻഡോസൾഫാനും അത് കലർന്ന അവശിഷ്ടങ്ങളുമാണ് ഗോഡൗണുകളിലുള്ളത്. 65 ശതമാനം നിഷ്‌ക്രിയ വസ്തുക്കൾ (ഇനേർട്ട് മെറ്റീരിയൽ) കീടനാശിനിയിൽ അടങ്ങിയിട്ടുണ്ട്. അത് എൻഡോസൾഫാനുമായി പ്രതിപ്രവർത്തനം ഇല്ലാത്തതാണെങ്കിലും പ്രകൃതിക്കും ജനാരോഗ്യത്തിനും അപകടകരമായ രാസവസ്തുക്കളാണ്. നിയമപരമായ സാമ്പിളിംഗ് നടപടികൾ പ്രകാരം പുതിയ രാസപരിശോധന നടത്തിയതിനു ശേഷമേ ഏതു സാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്‌കരണം നടത്തണമെന്ന തീരുമാനമടുക്കാൻ പറ്റൂ. ജില്ലാ ഭരണകൂടം ഇപ്പോൾ സാങ്കേതിക സഹായത്തിന് ആശ്രയിക്കുന്ന കാർഷിക സർവകലാശാലക്ക് ഇക്കാര്യം ചെയ്യാനുള്ള യാതൊരു ശാസ്ത്രീയ വൈദഗ്ധ്യവും ഇല്ല. നിയമപരമായ അംഗീകാരവുമില്ല. രാസവസ്തുകളുടെ നിർമാർജനം നടത്തുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരമുള്ള സ്ഥാപനവുമല്ല കാർഷിക സർവകലാശാല. യു.എൻ.ഇ.പി അംഗീകാരമുള്ള നാഗ്പൂരിലെ നാഷണൽ എൻവയൺമെന്റൽ എൻജിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് പോലുള്ള സ്ഥാപനങ്ങളാണ് പുതിയ കെമിക്കൽ അനാലിസിസ് നടത്തേണ്ടത്.


മാരക കീടനാശിനികൾ നിർവീര്യമാക്കി സംസ്‌കരിക്കാൻ ഡബിൾ ചേമ്പർ സൗകര്യമുള്ള 30 മീറ്ററിൽ അധികം ഉയരമുള്ള പുകക്കുഴലുള്ള ആധുനിക സംസ്‌കരണ പ്ലാന്റ് ആവശ്യമാണ്. എന്നാൽ അത്തരം സൗകര്യങ്ങളൊന്നുമില്ലാത്തിടത്താണ് കുഴിച്ചുമൂടാൻ സർക്കാർ ശ്രമിക്കുന്നതെന്ന് നാട്ടുകാർ മുഖ്യമന്ത്രിയെ ഓർമിപ്പിക്കുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ആധുനിക സംസ്‌കരണ പ്ലാന്റുകളിലേക്ക് നീക്കം ചെയ്ത് എൻഡോസൾഫാൻ സംസ്‌കരിക്കുന്നതിനായിരുന്നു നേരത്തേ ധാരണയുണ്ടായിരുന്നത്. എൻഡോസൾഫാൻ പി.ഒ.പി പട്ടികയിൽ പെടുന്നതിനു മുമ്പേ നടന്ന ആലോചനയാണിത്. എന്നാൽ കാലഹരണപ്പെട്ട എൻഡോസൾഫാൻ സ്റ്റോക്കുകൾ നിർവീര്യമാക്കി നശിപ്പിക്കുന്നതിന് കൂടുതൽ കർക്കശ നിബന്ധനകൾ നിലവിൽ വന്നതിനു ശേഷം, മുമ്പുണ്ടാക്കിയ ധാരണകളെപ്പോലും അട്ടിമറിക്കുന്ന നിലയിലാണ് ജില്ലാ ഭരണകൂടം പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര തലത്തിലുണ്ടാക്കിയ കരാറുകളെ മാനിച്ചുകൊണ്ട് ഭരണഘടനാനുസൃത നിയമങ്ങളിലൂടെ പ്രവർത്തിക്കേണ്ട ജില്ലാ ഭരണകൂടം നിയമങ്ങളെ അട്ടിമറിക്കുന്ന രീതിയിൽ പെരുമാറുന്നത് അത്യധികം പ്രതിഷേധാർഹമാണെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്നും നിവേദനം ആവശ്യപ്പെടുന്നു.


അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആവശ്യമായ പുതിയ രാസപരിശോധന നടത്തി ഉചിതമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെയും അന്താരാഷ്ട്ര ഏജൻസികളുടെയും സഹകരണം ഉറപ്പു വരുത്തിക്കൊണ്ട് എൻഡോസൾഫാൻ ഗോഡൗണുകളിൽ നിന്ന് നീക്കം ചെയ്ത് നിർവീര്യമാക്കി നശിപ്പിക്കാൻ സുതാര്യമായ ടെണ്ടർ നടപടികൾ സ്വീകരിക്കണം. ഒരു പുതിയ പഠനവും നടത്താതെ ഗോഡൗണുകൾക്ക് സമീപം കുഴിയെടുത്ത് തിരക്കുപിടിച്ച് എൻഡോസൾഫാൻ കുഴിച്ചുമൂടാൻ നടത്തുന്ന നീക്കങ്ങളിൽ നിന്ന് പിൻമാറണമെന്നും ഇരകളടക്കമുള്ളവർ മുഖ്യമന്ത്രിയോടാവശ്യപ്പെടുന്നു. കൊച്ചു രാജ്യമായ നേപ്പാൾ പോലും കാലഹരണപ്പെട്ട കീടനാശിനി സ്റ്റോക്കുകൾ സ്വന്തം രാജ്യത്ത് സംസ്‌കരിക്കാൻ അനുവദിക്കാതെ തിരിച്ചെടുപ്പിച്ച് യൂറോപ്പിലെ ഉൽപാദക രാജ്യങ്ങളിൽ കൊണ്ടുപോയി നിർവീര്യമാക്കി സംസ്‌കരിച്ച അനുഭവമുണ്ടെന്നതും നിവേദനം ചൂണ്ടിക്കാട്ടുന്നു. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി മുഖ്യമന്ത്രി ഇടപെടുമെന്നും ഇക്കാര്യത്തിനു വേണ്ടി തങ്ങൾക്കിനിയും തെരുവിലിറങ്ങേണ്ടിവരില്ല എന്നുമുള്ള പ്രതീക്ഷയിലാണ് ജീവിതം തന്നെ ശാപമായി മാറിയിരിക്കുന്ന എൻഡോസൾഫാൻ ഇരകൾ....

Latest News