കോട്ടയം- ജില്ലയുടെ കിഴക്കന്‍ മേഖലകളിലും ഇടുക്കി ജില്ലയിലെ ചിലയിടങ്ങളിലും കനത്ത മഴ. കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലാണ് കനത്തമഴ പെയ്യുന്നത്. ഇതോടെ മണിമലയാറ്റില്‍ നീരൊഴുക്ക് കാര്യമായി കൂടിയിട്ടുണ്ട്. ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ രണ്ട് ദിവസമായി രാവിലെ വെയിലും ഉച്ചക്ക് ശേഷം മഴയുമെന്ന കാലാവസ്ഥയായിരുന്നു. പക്ഷേ ഇന്ന് മഴ ശക്തമാണ്. മണിമലയാറ്റിലേക്ക് എത്തുന്ന തോടുകള്‍ കരകവിഞ്ഞ് വീടുകളുടെ സമീപ പ്രദേശത്തേക്ക് വെള്ളം എത്തുന്ന സ്ഥതിയാണ്.
ഉച്ചക്ക് മുതല്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, 26-ാം മൈല്‍ എന്നീ പ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങി. കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതിനാലാണ് ജലനിരപ്പ് ഉയര്‍ന്നത്. വിവിധ സ്ഥലങ്ങളിലും വെള്ളം ഉയര്‍ന്നതിനാല്‍ ബസുകളും മറ്റു സ്വകാര്യ വാഹനങ്ങളും പലയിടങ്ങളിലായി കുടുങ്ങി കിടക്കുകയാണ്. കാഞ്ഞിരപ്പള്ളി ടൗണിലും ജലനിരപ്പ് ഉയരുകയാണ്. കാഞ്ഞിരപ്പള്ളി-മണ്ണാര്‍ക്കയം റോഡിലെ കടകളില്‍ നിന്നും സാധനങ്ങള്‍ മാറ്റി തുടങ്ങി.
വണ്ടന്‍പതാല്‍ മേഖലയില്‍ ചെറിയ ഉരുള്‍ പൊട്ടലും ഉണ്ടായി. പ്രദേശത്ത് മണ്ണിടിച്ചില്‍ ഉണ്ടാകുകയും വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. ശക്തമായ വെള്ളത്തിന്റെ വരവില്‍ മുണ്ടക്കയം ക്രോസ്സ്വേ പാലം മൂടുന്ന വരെ ആയി. കൂടാതെ ഓടകളില്‍ നിന്നും വെള്ളം ഉയര്‍ന്നതിനാല്‍ മുണ്ടക്കയം ടൗണിന്റെ ചില ഭാഗങ്ങളിലും വെള്ളം ഉയര്‍ന്നു തുടങ്ങി. 26-ാം മൈല്‍ ജംഗ്ഷനിലും മേരി ക്വീന്‍സ് മിഷന് ഹോസ്പിറ്റലിന്റെ പാര്‍ക്കിംഗ് സ്ലോട്ടിലും തോട്ടില്‍ നിന്നുമുള്ള ജലം ഉയര്‍ന്നതിനെ തുടര്‍ന്ന് വെള്ളം കയറി.






