വെബ്‌സാന്റെ വിരലുകളിൽ സ്വരരാഗങ്ങളുടെ മഴവില്ല്

വെബ്‌സാൻ ഖാൻ
കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സിന്റെ സ്‌നേഹ നിലാവ് പരിപാടിയിൽ വെബ്‌സാൻ, ഇൽഹാൻ, മുംതാസ് അബ്ദുറഹ്മാൻ എന്നിവരെ ആദരിക്കുന്നു
ഇൽഹാൻ ഖാൻ

മൊസാർട്ട് - സിംഫണികളുടെ രാജകുമാരൻ. ഇതാ, മൊസാർട്ടിനെപ്പോലെ ഇളംപ്രായത്തിലേ പിയാനോയുടെ കീബോർഡിൽ രാഗവർഷം തീർത്ത ജിദ്ദാ പ്രവാസികളുടെ പ്രിയപ്പെട്ട സംഗീത പ്രതിഭ - വെബ്‌സാൻ ഖാൻ. വെബ്‌സാനും റിഥം പാഡിൽ താളപ്രപഞ്ചം തീർക്കുന്ന അനിയൻ ഇൽഹാൻ ഖാനും തുടർപഠനത്തിനായി നാട്ടിലേക്ക് മടങ്ങുന്നു. ഇരുവരുടെയും സർഗസാധനയ്ക്ക് ജിദ്ദാ സഹൃദയലോകത്തിന്റെ സ്‌നേഹാദരം.  

 


ജിദ്ദയിലെ സംഗീത വേദികളിലെ കീബോർഡിൽ നാദവിസ്മയം സൃഷ്ടിക്കുന്ന ഇളംപ്രതിഭ വെബ്‌സാനെക്കുറിച്ച് പറയുന്നതിന് മുമ്പ് മൊസാർട്ടിനെക്കുറിച്ച് രണ്ടു വാക്ക്. റോമിൽ നിന്ന് തുടങ്ങി വിയന്നയിലെത്തി ലോകത്തെയാകെ അദ്ഭുതം കൊള്ളിച്ച സിംഫണികളുടെ രാജകുമാരനാണ് മൊസാർട്ട്. മൂന്നാം വയസ്സിൽ പിയാനോയുടെ കീബോർഡിൽ ആ വിരലുകൾ പാഞ്ഞുനടന്നപ്പോൾ ഈണങ്ങൾ പൂത്തുമ്പികളായി പറന്നുപൊങ്ങി. ഒട്ടും അതിശയോക്തിയില്ലാതെ പറയാം, ഇവിടെയിതാ മറ്റൊരു 'ജിദ്ദാ മൊസാർട്ട്. ചെറുപ്രായത്തിലേ കീബോർഡിന്റെ സ്വരനീലിമയിൽ നക്ഷത്രങ്ങൾക്ക് വിരുന്നൊരുക്കിയ കൊച്ചുകലാകാരൻ.
നാലാം വയസ്സിൽ പാട്ട് ചിട്ടപ്പെടുത്തുകയും പന്ത്രണ്ടാം വയസ്സിൽ ബഹുവർണശലഭങ്ങളെപ്പോലെ പത്ത് സിംഫണികളെ പത്ത് വിരലുകളിൽ നിന്ന് പറത്തുകയും ചെയ്തതാണ് മൊസാർട്ടിന്റെ ചരിത്രം. സിംഫണികളും കോൺസെർട്ടുകളും ഓപ്പെറകളും പിറന്നത് മൊസാർട്ടിന്റെ കീബോർഡിൽ നിന്നായിരുന്നു.

പരപ്പനങ്ങാടിക്കാരൻ കെ.ജെ. കോയയുടെ ശിക്ഷണമാണ് വെബ്‌സാനെ കീബോർഡിന്റെ മാന്ത്രിക പ്രഭാവത്തിലേയ്ക്ക് ആകർഷിച്ചതും സിംഫണിയുൾപ്പെടെയുള്ള സ്വരവിസ്മയങ്ങളെക്കുറിച്ചുള്ള പഠനത്തിലേക്ക് നയിച്ചതും. അതുകൊണ്ട് തന്നെ കോയമാസ്റ്ററോടും സംഗീത തൽപരരായ മാതാപിതാക്കളോടും കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സിനോടുമുള്ള കടപ്പാട് മറക്കാനാവില്ലെന്ന് വെബ്‌സാനും കൊച്ചനിയൻ ഇൽഹാനും പറയുന്നു. അര വ്യാഴവട്ടത്തെ അരയും തലയും മുറുക്കിയുള്ള അഭ്യസനമാണ് ഏത് സംഗീത പദ്ധതികൾക്കും - ഹിന്ദുസ്ഥാനി, ഗസൽ, മെഹ്ഫിൽ, ഫോക് - സധൈര്യം കീബോർഡ് വായിക്കാൻ വെബ്‌സാനെ പ്രാപ്തനാക്കിയത്. സംഗീതം സദാ ഒപ്പമുള്ള പിതാവ് മനോജ്ഖാനും (ഹബീബ് ഫാർമസി, ജിദ്ദ) മാതാവ് ശബ്‌നയും മക്കളുടെ കലാഭിനിവേശത്തിന് ആവശ്യമായ പ്രചോദനം പകരുന്നു. മലപ്പുറം ജില്ലയുടെ കലാപാരമ്പര്യം കാത്തുസൂക്ഷിക്കുന്ന കിഴക്കൻ ഏറനാട്ടിലെ എടക്കരയിലാണ് മനോജ്ഖാന്റെ വീട്. ഭാര്യ ശബ്‌ന, കരുളായ് സ്വദേശി. പ്ലസ് വൺ പഠനത്തിനായി എടക്കര പാലേമാട് ശ്രീവിവേകാനന്ദ സ്‌കൂളിലാണ് വെബ്‌സാൻ ചേർന്നത്. ഇൽഹാൻ, മമ്പാട് സ്പ്രിംഗ്‌സ് ഇന്റർനാഷനൽ സ്‌കൂളിൽ നാലാം ക്ലാസിലും. ഇരുവരും നാട്ടിൽ സംഗീത പഠനം തുടരും. ഇവരുടെ അനിയത്തി ജിഹാൻ. ജിദ്ദാ വേദികളിലെ നിരവധി ഗാനസദിരുകളുടെ കുളിരാർന്ന ഓർമകളുമായാണ് വെബ്‌സാനും ഇൽഹാനും നാട്ടിലേക്ക് മടങ്ങുന്നത് -പാട്ടിൽ പ്രിയമുള്ള പ്രവാസ ലോകത്തിന്റെ പിൻബലം എന്നും അവർക്ക് കൂട്ടായിരിക്കുമെന്നുറപ്പ്.   

 

രാഗരാവിൽ വിടർന്ന സ്‌നേഹ നിലാവ് 


ഹിന്ദുസ്ഥാനി - ഗസൽ- മെഹ്ഫിൽ സംഗീത പൈതൃകങ്ങളുടെ സർഗസ്രോതസ്സും 'സത്യത്തിന്റെ തുറമുഖ'വുമായ കോഴിക്കോട് നഗരത്തിന്റെ മട്ടുപ്പാവുകളിൽ രാഗസദിരുകൾ വിടരുന്ന രാത്രിയെ ഓർമിപ്പിക്കും വിധമായിരുന്നു, ജിദ്ദയിലെ ഗാനാസ്വാദകരുടെ ആഴ്ചക്കൂട്ടമായ കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സ് സംഘടിപ്പിച്ച സ്‌നേഹ നിലാവ്. സ്‌നേഹ നിലാവിൽ വിടർന്ന നക്ഷത്രങ്ങളായി വെബ്‌സാനും അനിയൻ ഇൽഹാനും ആസ്വാദകരിലാകെ സ്വരവിസ്മയം ചൊരിഞ്ഞു. 
പിയാനോയിൽ ഈണങ്ങളുടെ ഇന്ദ്രധനുസ്സ് വിരിയിച്ച വെബ്‌സാനെയും റിഥം പാഡിൽ താളലയങ്ങളുടെ മന്ദ്രധ്വനിയുണർത്തിയ ഇൽഹാനെയും കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സ് അർഹമായ ആദരം നൽകി അനുമോദിച്ചു. ഇതോടൊപ്പം സിനിമയിൽ പിന്നണി പാടിയ ജിദ്ദയിലെ പ്രമുഖ ഗായിക മുംതാസ് അബ്ദുറഹ്മാനെയും സ്‌നേഹ നിലാവിൽ ആദരിച്ചു. നാട്ടിലേക്ക് തുടർപഠനത്തിനായി പോകുന്ന വെബ്‌സാൻ, ഇൽഹാൻ എന്നിവരുടെ ഗുരു കെ.ജെ. കോയ പരപ്പനങ്ങാടിയുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ സംഗീത സമർപ്പിതമായ സേവനങ്ങളെക്കുറിച്ചും കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സ് പ്രശംസിച്ചു. കഴിഞ്ഞ ആറു വർഷമായി സജീവമായി പ്രവർത്തിക്കുന്ന ഈ പാട്ടുകൂട്ടത്തിന്റെ വേദികളിൽ നിറഞ്ഞുനിൽക്കുന്ന കലാകാരനും നിരവധി പേരുടെ സംഗീത ഗുരുവുമാണ് കോയ.


കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സിന്റെ മുഖ്യ സാരഥി വി.പി. ഹിഫ്‌സുറഹ്മാൻ നിയന്ത്രിച്ച സ്‌നേഹ നിലാവിന് പഴയതും പുതിയതുമായ പാട്ടുകൾ കൊണ്ട് ജിദ്ദയിലെ ഗായികാ ഗായകന്മാരത്രയും ചേർന്ന് തിളക്കമേറ്റി. ബോളിവുഡിലെ പഴമയുടെ തനിമ ചോരാത്ത സ്വരവിസ്മയം ഷംഷാദ് ബീഗം മുതൽ നാദപൂർണിമയുടെ അനശ്വരത സഹൃദയ ലോകത്തിനു കൈമാറിയ മുഹമ്മദ് റഫി വരെയുള്ളവരുടെ കാലത്തെ ചേർത്ത് പിടിച്ച പാട്ടുകളിലൂടെ സദസ്യരെയാകെ പോയിമറഞ്ഞ ഒരു കാലഘട്ടത്തിലേക്ക് ഗൃഹാതുരതയോടെ പിൻനടത്തിക്കാൻ പ്രവാസ ജിദ്ദയുടെ സംഗീത പ്രതിഭകൾക്കായി. ജമാൽ പാഷ, സിക്കന്തർ, മൻസൂർ ഫറോക്ക്, മാത്യു വർഗീസ്, നാസർ മോങ്ങം, ബൈജു ദാസ്, ജാഫർ വയനാട്, മൻസൂർ നിലമ്പൂർ, സജീവ് ലാൽ, മൻസൂർ  കാലിക്കറ്റ്, മുംതാസ് അബ്ദുറഹ് മാൻ, ഡോ. മിർസാന ഷാജു, ആശാ ഷിജു, റൈഹാന സുധീർ, സോഫിയാ സുനിൽ, ആലപ്പുഴ ഖദീജാബീഗം, വിജിഷ ഹരീഷ് എന്നിവരുടെ ഗാനാലാപനം സദസ്യരെയാകെ കൈയിലെടുത്തു. എല്ലാ ഗാനങ്ങൾക്കും തൽസമയ ഓർക്കെസ്ട്രയിൽ വെബ്‌സാന്റെ വിരലുകൾ ഈണം പകർന്നു. മൻസൂർ ഫറോക്ക് ഹാർമോണിയത്തിലും മനാഫ് കാലിക്കറ്റ് തബലയിലും ഷാജഹാൻ ബാബു ധോലക്കിലും ഇൽഹാൻ റിഥംപാഡിലും അകമ്പടി പകർന്നു. അബ്ദുൽ മജീദ് വെള്ളയോട്, സുധീർ വർക്കല എന്നിവർ പരിപാടിയുടെ കോ ഓർഡിനേറ്റർമാരായിരുന്നു. 


കെ. അബ്ദുൽമജീദ് നഹ, യൂസുഫ് ഹാജി കൊളത്തറ, ഡോ. ഇസ്മായിൽ മരിതേരി, ഡോ. ഇന്ദുചന്ദ്ര, അസ്‌ലം (ജിദ്ദ ഇന്ത്യൻ സ്‌കൂൾ ഭരണ സമിതിയംഗം), സീതി കൊളക്കാടൻ, മീർ ഗസൻഫർ അലി സാക്കി, ഷിബു തിരുവനന്തപുരം, മോഹൻ ബാലൻ, നൗഫൽ മാസ്റ്റർ, കബീർ കൊണ്ടോട്ടി, ഹസൻ കൊണ്ടോട്ടി, സാക്കിർ ഹുസൈൻ എടവണ്ണ, മനോജ് ഖാൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. വെബ്‌സാൻ ഖാൻ, ഇൽഹാൻ ഖാൻ, മുംതാസ് അബ്ദുറഹ്മാൻ എന്നിവർ മറുപടി പ്രസംഗം നടത്തി. റഷീദ് കൊളത്തറ സ്വാഗതവും അഷ്റഫ് അൽ അറബി നന്ദിയും പറഞ്ഞു.

 

Latest News