Sorry, you need to enable JavaScript to visit this website.

വിനാശകാരിയായ ആത്മാനുകമ്പ


ജീവിതത്തിൽ  എപ്പോഴും നാം ആശിച്ചത് പോലെയോ പദ്ധതിയിട്ടത് പോലെയോ കാര്യങ്ങൾ നടന്നു കൊള്ളണമെന്നില്ല.   വലിയ പ്രതീക്ഷയോടെ വൻ മുതൽമുടക്കിൽ  ആരംഭിച്ച കച്ചവടം ചിലപ്പോൾ പൊടുന്നനെ  നഷ്ടത്തിൽ കലാശിച്ചെന്നിരിക്കും.  നല്ല പ്രതീക്ഷയോടെ എഴുതിയ പരീക്ഷ റിസൾട്ട്  വന്നപ്പോൾ പ്രതീക്ഷിച്ചത്ര മികച്ച റാങ്ക് കരസ്ഥമാക്കാനോ  മാർക്ക് നേടാനോ കഴിഞ്ഞില്ലെന്ന്  വന്നേക്കാം.
ഏറെ സ്‌നേഹിച്ച കൂട്ടുകാരനെയോ കൂട്ടുകാരിയെയോ ജീവിത സഖിയാക്കാൻ കൊതിച്ച് പിന്നീട് ഖേദിച്ചവർ ധാരാളമാണ്.  ഏറെക്കാലം ഒരുമിച്ച് ജീവിക്കാമെന്ന് കരുതിയ നമ്മുടെ ഉറ്റവരുടെ   ഒരു മുന്നറിയിപ്പുമില്ലാത്ത വിയോഗങ്ങൾ  വരുത്തുന്ന ശൂന്യതയുമായി പൊരുത്തപ്പെടാൻ കഴിയാത്തവർ ഒരുപാട് പേരുണ്ട്. 

ജീവിതത്തിൽ നാം ഉൽക്കടമായി ആഗഹിക്കുന്നത്  നടക്കാതെ വരുമ്പോൾ, പ്രതീക്ഷകൾ മങ്ങുമ്പോൾ  ദുഃഖവും നിരാശയും  അനുഭവിക്കാത്തവർ വിരളമായിരിക്കും.  എന്നാൽ ഭൂരിപക്ഷം പേരും അത്തരം പ്രതികൂല സാഹചര്യങ്ങള ക്ഷമാപൂർവം തന്റേടത്തോടെ നേരിട്ട് ക്ഷേമകരമായ ജീവിതത്തിലേക്ക് എളുപ്പത്തിൽ തിരികെയെത്താറുണ്ട്. എന്നാൽ ചില യാളുകൾ നാളുകൾ  കഴിയുന്തോറും കൂടുതൽ നിരാശയിലേക്കും ആത്മദുഃഖത്തിന്റെ പടുകുഴിലേക്കും കൂപ്പുകുത്തുന്നത് കാണാം.
അവർ സ്വയം പഴിക്കുകയും ആത്മസഹതാപമെന്ന കരകേറാൻ കഴിയാത്ത കെണിയിൽ അകപ്പെട്ടു പോവുന്നതും കാണാം.

ഞാനിങ്ങനെ ആയിപ്പോയി, എന്റെ വിധി ഇങ്ങനെയായല്ലോ തുടങ്ങി
നീറുന്ന ആത്മസങ്കടത്തിന്റെയും ആത്മവിലാപത്തിന്റെയും  ബലിയാടുകളായി അവർ ക്രമേണ മാറുകയും ജീവിതത്തിൽ ലഭ്യമായ നിത്യേന അനുഭവിക്കുന്ന പല  അനുഗ്രഹങ്ങളെയും സൗകര്യങ്ങളെയും സാധ്യതകളെയും  വിസ്മരിച്ച് സ്വയം  പരിതപിക്കുകയും ചെയ്യുന്നു.  ഫലമോ?   ആലസ്യത്തിനും ഉമേഷക്കുറവിനും ഉറക്കമില്ലായ്മയ്ക്കും അടിപ്പെട്ട് വിഷാദ രോഗികളായി  അവർ മാറുന്നത് കാണാം. വിനാശകാരിയായ ആത്മാനുകമ്പക്ക് അടിപ്പെട്ടവരാണത്തരക്കാർ.

ആഘോഷിക്കപ്പെടുന്ന പലരുടെയും നേട്ടങ്ങൾക്ക് പിന്നിൽ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളെ   സമർത്ഥമായി നേരിട്ടതിന്റെ തിളങ്ങുന്ന കഥകൾ വായിക്കാം. ലോകപ്രശസ്തരായവരുടെ ഒരുപാട് ഉദാഹരണങ്ങൾ വേണമെങ്കിൽ നിരത്താവുന്നതാണ്. അതിലെല്ലാമുപരി നിങ്ങളുടെ കുടുംബത്തിലെയോ പ്രദേശത്തെയോ
പരിചയത്തിലെയോ നേരിട്ടറിയുന്നവരുടെ വിജയഗാഥകൾക്ക് പിന്നിലും നിങ്ങൾക്ക് കാണാം  ഇത്തരം അഗ്‌നിപരീക്ഷകളെ ജയിച്ചതിന്റെ അതിശയിപ്പിക്കുന്ന കഥകൾ.

അവരോട് സ്വകാര്യം തിരക്കിയാൽ പൊതുവെ ലഭിക്കുന്ന ചില കാര്യങ്ങൾ
ആർക്കും ഇത്തരം സന്ദർഭങ്ങളിലൂടെ കടന്നു പോവുമ്പോൾ ഉൾവെളിച്ചം പകരുകുന്നതായിരിക്കും. കഠിനമായ ദുഃഖവും നിരാശയും നഷ്ടബോധവും അമർഷവും മാനസികമായ ശേഷിയുള്ളവർ നേരിടുമ്പോൾ അവർ അത്തരം  പ്രതിസന്ധികളെ മറികടക്കാനുള്ള ആരോഗ്യകരവും സുരക്ഷിതവുമായ വഴികളെ കുറിച്ചാണ് ആദ്യം ആലോചിക്കുക. പ്രസ്തുത പ്രശ്‌നത്തിന്റെ ചുഴലിയിൽ പെട്ട് ദിശ തെറ്റാതിരിക്കാൻ അതിനാൽ തന്നെ അവർക്ക് എളുപ്പം സാധിക്കുന്നു.
മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ അവർ ലക്ഷണങ്ങൾ കാലേക്കൂട്ടി തിരിച്ചറിഞ്ഞ് മാനസികമായ കരുത്താർജിച്ചുകൊണ്ട് പ്രതിസന്ധികളെ അവർ  അനായാസേന തരണം ചെയ്യുന്നു. ഇടപാടുകളിലോ വ്യക്തി ജീവിതത്തിലോ  വല്ല അബദ്ധങ്ങളും സംഭവിക്കുമ്പോൾ അതിലേക്ക് മാത്രം ശ്രദ്ധ തിരിച്ച് അവർ അസ്വസ്ഥതപ്പെടുകയില്ല. അങ്ങനെയായാൽ വർധിതമായ തോതിൽ വിപരീതവും അഭിശപ്തവുമായ ചിന്തകൾ തുടരെത്തുടരെ മനസ്സിൽ പെരുകിക്കൊണ്ടിരിക്കുമെന്നും അത് പ്രശ്‌ന പരിഹാരത്തിന് തടസ്സം സൃഷ്ടിക്കുമെന്നും  അവർക്കറിയാം.  
കൂടാതെ, അവർ നന്ദി ബോധമുള്ളവരും ശുഭാപ്തി വിശ്വാസമുള്ളവരും മറ്റുള്ളവരെ സഹായിക്കാൻ സന്നദ്ധതയുള്ളവരുമായിരിക്കും.
അവരുടെ സാഹചര്യത്തെക്കുറിച്ച് നിർത്താതെ  ആക്ഷേപങ്ങളും പരാതികളും പറഞ്ഞ് അവർ മറ്റുള്ളവരിൽ നിന്ന് അനുകമ്പ പിടിച്ചുപറ്റാൻ ശ്രമിക്കാറുമില്ലെന്ന് കാണാവുന്നതാണ്.

വൈകാരികമായ പ്രക്ഷുബ്ധത  യാഥാർത്ഥ്യത്തെ പരമാവധി വസ്തുനിഷ്ഠമായി കാണുന്നതിൽ നിന്നും മനുഷ്യരെ ഏറെ അകറ്റും. ആത്മാനുകമ്പയ്ക്ക്  അടിപ്പെടുന്ന ആളാണ് താങ്കളെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന ദുഃഖിപ്പിക്കുന്ന അപ്രതീക്ഷിതങ്ങളെയും
ഞെട്ടിക്കുന്ന നഷ്ടങ്ങളെയും ഓർത്ത്  നിരന്തരം  പരിഭവിക്കുന്ന ഒരാളായി മാറും നിങ്ങൾ. നിങ്ങളുടെ ഇണയ്ക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അസഹനീയമായ രീതിയിൽ  ആ കാര്യങ്ങൾ ഓർത്ത് ഓർത്ത് സങ്കടപ്പെട്ടുകൊണ്ടേയിരിക്കുന്നത് നിങ്ങൾ അറിയാതെ ഒരു ശീലമായി മാറും.

നിങ്ങളുമായി അടുത്തിടപഴകുന്നവർക്ക്  പോലും നിങ്ങളുടെ ഈ സംസാരത്തിലും ഭാവത്തിലും ക്രമേണ മടുപ്പുളവാക്കാൻ അതിടയാക്കുമെന്നറിയുക.
ചിലർ തന്റെ വിധിയെ പഴിച്ച് സ്വയം സഹതപിച്ച് സങ്കടങ്ങൾ നിരത്തി ആൾക്കാരുടെ ശ്രദ്ധ നേടാൻ ശ്രമിക്കാറുണ്ട്. അത്തരക്കാരെ കാണുമ്പോൾ തന്നെ മറ്റുള്ളവർ കഴിയാവുന്നതും മാറി നടക്കുന്നതിന്റെ കാരണം മറ്റൊന്നല്ലെന്ന് മനസ്സിലാക്കിയാൽ തന്നെ ഈ വിനാശകാരിയായ ശീലം   എളുപ്പത്തിൽ മാറ്റിയെടുക്കാവുന്നതേയുള്ളൂ. എപ്പോഴും ഇല്ലായ്മയും വല്ലായ്മയും പറഞ്ഞോണ്ടിരിക്കുന്നത് എന്തിന്റെ പേരിലായാലും  അഭിലഷണീയമല്ല തന്നെ. വ്യക്തികളായാലും കുടുംബങ്ങളായാലും സമുദായമായാലും ഇങ്ങനെ നിരന്തരം  പരിഭവവും പരാതിയുമായി നടക്കുന്നവർ പ്രശ്‌ന പരിഹാരത്തിനും ജീവിത ക്ഷേമത്തിനും ചെലവഴിക്കേണ്ട വിലപ്പെട്ട സമയമാണ് പാഴാക്കുന്നതെന്നോർക്കണം.


 

Latest News