കുവൈത്ത് സിറ്റി- കുവൈത്തില്‍ കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ മുന്‍കരുതല്‍ നടപടികളും നിയന്ത്രണങ്ങളും നീക്കുന്നു. ഈ മാസം 24 ഞായറാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ നീക്കാനാണ് കുവൈത്ത് സര്‍ക്കാരിന്റെ തീരുമാനം. സാധാരണ ജീവിതത്തിലേക്കുള്ള മടക്കം അതീവ ജാഗ്രതയോടെ ആയിരിക്കുമെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.
പള്ളികളില്‍ തുടരുന്ന സാമൂഹിക അകലവും വിവാഹ ചടങ്ങുകളിലും മറ്റും ഏര്‍പ്പെടുത്തിയ നിയന്ത്രണവും നീക്കുന്നുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കു മാത്രമാണ് ഏല്ലാ കാര്യങ്ങളിലും ഇളവ് ലഭിക്കുക. തുറന്ന സ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കാം. എന്നാല്‍ റെസ്‌റ്റോറന്റും കഫേകളും ഒഴിച്ചുള്ള അടച്ച സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് തുടരണം.
രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കുവൈത്തിലേക്ക് വരാന്‍ വിസ ഇഷ്യൂ ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്ത് എയര്‍പോര്‍ട്ട് പ്രവര്‍ത്തനം പൂര്‍ണതോതിലാക്കുന്നതിന് സിവില്‍ ഏവിയേഷന്‍ അധികൃതരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. കുവൈത്തിലേക്ക് വരുന്നവര്‍ക്ക് പി.സി.ആര്‍ ടെസ്റ്റ് നിബന്ധനയും ക്വാറന്റൈന്‍ നടപടികളും തുടരുമെന്ന് ആരോഗ്യമന്ത്രി ബാസില്‍ ആലി സബാഹ് പറഞ്ഞു.