മുംബൈ- വരാനിരിക്കുന്ന ലോക്‌സഭ-നിയമസഭ തെരഞ്ഞെടുപ്പിൽ മുന്നണിയായി മത്സരിക്കാൻ കോൺഗ്രസും എൻ.സി.പിയും തീരുമാനിച്ചു. മുബൈയിൽ ചേർന്ന ഇരുപാർട്ടി നേതാക്കളുടെയും യോഗത്തിലാണ് തീരുമാനം. ഇന്നലെയാണ് ഇരുപാർട്ടികളുടെയും നേതാക്കളുടെ സംയുക്ത യോഗം ചേർന്നത്. മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖേ പാട്ടീലിന്റെ വസതിയിലായിരുന്നു യോഗം. മുൻ മുഖ്യമന്ത്രി പൃഥിരാജ് ചവാൻ, മുൻ ഉപമുഖ്യമന്ത്രി അജിത് പവാർ, എൻ.സി.പി നേതാവ് ജയന്ത് പാട്ടീൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. മതേതര വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ സഖ്യം അത്യാവശ്യമാണെന്ന് യോഗത്തിന് ശേഷം അശോക് ചവാൻ പറഞ്ഞു. മതേതര വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ യോജിപ്പ് അത്യാവശ്യമാണെന്നും അതിനുള്ള പ്രവർത്തനത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. എൻ.സി.പി നേതാവ് സുനിൽ തത്കറെയാണ് ഇതേ വികാരമാണ് യോഗത്തിന് ശേഷം പങ്കുവെച്ചത്. മഹാരാഷ്ട്രയിൽ ശിവസേന ബി.ജെ.പിയുമായി ഇടഞ്ഞുനിൽക്കുകയാണ്.
അതേസമയം, കേരളത്തിൽ എൻ.സി.പി ഇടതുമുന്നണിയുമായി ചേർന്ന് പ്രവർത്തിക്കും. 2014 ഒക്ടോബറിൽനടന്ന തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മഹാരാഷ്ട്രയിൽ കോൺഗ്രസും എൻ.സി.പിയും വഴി പിരിഞ്ഞത്.






