യു.എ.ഇ വിമാനക്കമ്പനികള്‍ റിക്രൂട്ട്‌മെന്റ് തുടങ്ങി, ആയിരങ്ങള്‍ക്ക് അവസരം

ദുബായ്- കോവിഡ് നിയന്ത്രണാധീനമാകുകയും വ്യോമയാത്ര സജീവമാകുകയും ചെയ്തതോടെ യു.എ.ഇ വിമാനക്കമ്പനികള്‍ പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യാന്‍ ആരംഭിച്ചു. യു.എ.ഇയിലും മറ്റ് മിഡിലീസ്റ്റ് രാജ്യങ്ങളിലുമായി 2 ലക്ഷം ജീവനക്കാരെ വിവിധ എയര്‍ലൈനുകള്‍ക്ക് ആവശ്യമുള്ളതായാണ് ബിസിനസ് വൃത്തങ്ങള്‍ പറയുന്നത്.
അബുദാബിയിലെ ഇത്തിഹാദ് എയര്‍വേയ്‌സ് കാബിന്‍ ക്രൂ ആയി ചേരാന്‍ 1,000 പുതിയ ജീവനക്കാരെ നിയമിക്കുകയാണെന്ന് അറിയിച്ചിരുന്നു.  യു.എ.ഇ ഒഴികെ ഈജിപ്ത്, ലബനന്‍, റഷ്യ, സ്‌പെയിന്‍, ഇറ്റലി, നെതര്‍ലന്‍ഡ്‌സ് തുടങ്ങി 10 രാജ്യങ്ങളില്‍ റിക്രൂട്ട്‌മെന്റ് ദിവസങ്ങള്‍ക്കകം നടക്കും.

അടുത്ത ആറു മാസത്തിനുള്ളില്‍ 3,000 കാബിന്‍ ക്രൂവിനെയും 500 എയര്‍പോര്‍ട്ട് സര്‍വീസ് ജീവനക്കാരെയും നിയമിക്കാന്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ശ്രമം തുടങ്ങി. കഴിഞ്ഞ വര്‍ഷം കോവിഡ് കാരണം വിമാനങ്ങളില്‍ ഗണ്യമായ കുറവ് വരുത്തിയപ്പോള്‍ ഒഴിവാക്കിയ പൈലറ്റുമാരെയും കാബിന്‍ ക്രൂവിനെയും മറ്റു ജീവനക്കാരെയും എമിറേറ്റ്‌സ് തിരിച്ചു വിളിച്ചിരുന്നു.

മേഖലയിലെ വാണിജ്യ വ്യോമയാന വ്യവസായത്തിന് ഏകദേശം 91,000 കാബിന്‍ ക്രൂവും 54,000 പൈലറ്റുമാരും 51,000 സാങ്കേതിക ജീവനക്കാരും ആവശ്യമുണ്ടെന്നാണ് കണക്ക്.

 

 

Latest News