ശ്രീനഗര്‍- ജമ്മു കശ്മീരിലെ പുല്‍വാമയില്‍ യു.പി സ്വദേശിയായ ആശാരിയെ കൊലപ്പെടുത്തിയ ലശ്കറെ തയ്യിബ ഭീകരനെ വകവരുത്തിയതായി പോലീസ് ഐ.ജി വിജയ് കുമാര്‍ അറിയിച്ചു.
55 കാരനായ സഗീര്‍ അഹ് മദ് എന്ന ആദില്‍ അഹ് മദ് വാനിയെയാണ് കൊലപ്പെടുത്തിയത്. 2020 ജൂലൈ മുതല്‍ ഇയാള്‍ താഴ് വരയില്‍ സജീവമായിരുന്നുവെന്ന് ഐ.ജി പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 15 ഭീകരരെ കൊലപ്പെടുത്തിയതായും അദ്ദേഹം വെളിപ്പെടുത്തി.
തെക്കന്‍ കശ്മീരിലെ സോഫിയാന്‍ ഡിസ്ട്രിക്ടില്‍ ദര്‍ഗാഡ് പ്രദേശത്ത് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടി. ഭീകരര്‍ തമ്പടിച്ചതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന്് പോലീസും സൈന്യവും പ്രദേശം വളഞ്ഞ് തെരച്ചില്‍ നടത്തുകയായിരുന്നു.
ഈ മാസം കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ 11 സിവിലിയന്മാരെ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. ഇവരില്‍ അഞ്ച് പേര്‍ തൊഴിലാളികളായിരുന്നു. നാല് പേര്‍ ബിഹാര്‍ സ്വദേശികളും. ഭീകരര്‍ ആക്രമണ ലക്ഷ്യം മാറ്റിയത് ഇതര സംസ്ഥാന തൊഴിലാളികളില്‍ ഭീതി വളര്‍ത്തുകയും പലരും താഴ് വര വിടുകയും ചെയ്തിരുന്നു.






