ബംഗളൂരു- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ മയക്കുമരുന്നിന് അടിമയെന്ന് വിശേഷിപ്പിച്ച വിവാദത്തില്‍ ബിജെപി മാപ്പുപറയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. രാഷ്ട്രീയത്തില്‍ മാന്യതയും പരസ്പര ബഹുമാനവും കാത്തുസൂക്ഷിക്കണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ പറഞ്ഞു.
കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ നളിന്‍ കുമാര്‍ ഖട്ടീലിന്റെ പരാമര്‍ശമാണ് വിവാദമായത്.
രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് വില്‍പ്പനക്കാരനുമാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ വന്നതായി അറിയാമെന്നായിരുന്നു നളിന്‍ കുമാര്‍ ഖട്ടീല്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം. മോഡിക്കെതിരെ കോണ്‍ഗ്രസിന്റെ ട്വിറ്ററില്‍ വന്ന പരാമര്‍ശത്തില്‍ താന്‍ മാപ്പുപറഞ്ഞത് ഡി.കെ ശിവകുമാര്‍ ചൂണ്ടിക്കാട്ടി. ഇതേ രീതി ബി.ജെ.പിയും സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നിരക്ഷരനെന്ന് ആക്ഷേപിച്ച ട്വീറ്റ് കോണ്‍ഗ്രസ് പിന്നീട് പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ഡി.കെ ശിവകുമാര്‍ മാപ്പുപറയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബി.ജെ.പി നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.






