Sorry, you need to enable JavaScript to visit this website.

സി.പി.എമ്മിനോട് ഗുഡ് ബൈ പറയുമോ ചെറിയാൻ ഫിലിപ്പ് ? ഫെയ്‌സ് ബുക്ക് പോസ്റ്റ് തിരുത്തിക്കാൻ നീക്കം


കോഴിക്കോട് :  സി.പി.എം ബന്ധം അവസാനിപ്പിച്ച് പുറത്ത് പോകാനൊരുങ്ങി ചെറിയാൻ ഫിലിപ്പ്. രാജ്യ സഭാ സീറ്റ് നൽകാത്തതിനെച്ചൊല്ലി പാർട്ടിയുമായി നേരത്തെ തന്നെ മാനസിക അകൽച്ചയിലായിരുന്ന അദ്ദേഹം പാർട്ടിയിലെ തന്റെ സംരക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയനെ പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ തള്ളിപ്പറഞ്ഞതോടെയാണ് 20 വർഷമായി സി.പി.എമ്മുമായി തുടരുന്ന ബന്ധം അവസാനിപ്പിക്കുകയാണെന്ന സൂചന നൽകുന്നത്. 

ചെറിയാൻ ഫിലിപ്പിന്റെ കഴിഞ്ഞ ദിവസത്തെ  ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പാർട്ടി നേതൃത്വം അങ്കലാപ്പിലാണ്. കോൺഗ്രസ് വിട്ടു വരുന്നവരെ സി.പി.എമ്മിലേക്ക് കൊണ്ടുവരുന്ന തിരക്കിൽ ചെറിയാൻ പാർട്ടി ബന്ധം ഉപേക്ഷിക്കുന്നത് വലിയ തിരിച്ചടിയാകുമെന്ന് പാർട്ടിക്ക് ബോധ്യമുണ്ട്. പാർട്ടി ഔദ്യോഗിക അംഗമല്ലാതെ തന്നെ പാർട്ടിയുടെ എല്ലാ സൗകര്യങ്ങളും അനുഭവിക്കുന്ന  ചെറിയാൻ വളരെ നിർണ്ണായക സമയത്ത് സർക്കാറിനെ തള്ളിപ്പറഞ്ഞതിൽ നടപടി വേണമെന്ന് പാർട്ടി നേതൃത്വത്തിനുള്ളിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രി മനസ്സ് തുറന്നതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ പാർട്ടി അഭിപ്രായം പറയുകയുള്ളൂ. അതേസമയം ചെറിയാൻ ഫിലിപ്പിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് സർക്കാറിനെതിരെ ആയുധമാക്കാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ്.

 ദുരന്തം വന്ന ശേഷം ദുരിതാശ്വാസ ക്യാമ്പിൽ കണ്ണീർപൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണെന്നാണ് ചെറിയാൻ ഫിലിപ്പിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം. എന്നാൽ ഇതിലെ ചില പരാമർശങ്ങളാണ് മുഖ്യമന്ത്രിക്കെതിരെയുള്ള പരോക്ഷവിമർശനമായി  പുറത്ത് വന്നിട്ടുള്ളത്. ദുരന്ത നിവാരണത്തിലെ നെതർലാൻഡ് മാതൃകയെക്കുറിച്ച് പഠിക്കാൻ പോയവർ തിരിച്ചു വന്ന ശേഷം തുടർ നടപടികളൊന്നുമുണ്ടായില്ലെന്ന പരാമർശത്തിലാണ് പിണറായി വിജയനെ ലക്ഷ്യമിട്ടിട്ടുള്ളത്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് പ്രളയ നിവാരണത്തെക്കുറിച്ച് പഠിക്കാനായി നെതർലാഡിൽ വിദഗ്ധ സംഘം പര്യടനം നടത്തിയത്.  എന്നാൽ ഇത് സംബന്ധിച്ച തുടർനടപടികളൊന്നും പിന്നീട് കേരളത്തിൽ ഉണ്ടായില്ലെന്ന് പ്രതിപക്ഷം നേരത്തെ തന്നെ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. ഇതാണ് ഇപ്പോൾ ചെറിയാൻ ഫിലിപ്പ് ഏറ്റുപിടിച്ചിരിക്കുന്നത്. 

ചെറിയാന്റെ പ്രസ്താവന വിവാദമായതോടെ ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയില്ലായ്മയെക്കുറിച്ചാണ് ആക്ഷേപം ഉന്നയിച്ചതെന്ന രീതിയിൽ ചെറിയാനെക്കൊണ്ട് പ്രസ്താവന തിരുത്തി ഇറക്കാൻ സി.പി.എം നേതൃത്വം ശ്രമം നടത്തുന്നുണ്ട്. ഇതിന് അദ്ദേഹം വഴങ്ങുമോയെന്നാണ് ഇനി അറിയാനുള്ളത്.

കോൺഗ്രസിലെ ക്ഷുഭിത യൗവനമായി അറിയപ്പെട്ടിരുന്ന ചെറിയാൻ ഫിലിപ്പ് , പാർട്ടി തനിക്കും മറ്റ് യുവാക്കൾക്കും ജയസാധ്യതയില്ലാത്ത സീറ്റുകൾ നൽകിയെന്നാരോപിച്ചാണ് 2001 ൽ കോൺഗ്രസ് വിട്ടത്. അന്ന് പിണറായി വിജയനായിരുന്നു ചെറിയാനെ സി.പി.എമ്മിലേക്ക് അടുപ്പിക്കാൻ  നീക്കം നടത്തിയത്. ഇപ്പോഴും ചെറിയാന്  പാർട്ടിയിൽ സംരക്ഷണമൊരുക്കുന്നത് പിണറായിയാണ്. 2001ൽ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്കെതിരെയും 2006 ൽ കല്ലൂപ്പാറയിൽ ജോസഫ് എം.പുതുശ്ശേരിക്കെതിരെയും 2011 ൽ വട്ടിയൂർക്കാവിൽ കെ.മുരളീധരനെതിരെയും എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി സി.പി.എം ചെറിയാനെ മത്സരിപ്പിച്ചെങ്കിലും പരാജയമായിരുന്നു ഫലം. കെ.ടി.ഡി.സി ചെയർമാൻ പദവിയും, നവ കേരള മിഷൻ കോ-ഓർഡിനേറ്റർ പദവിയുമെല്ലാം സി.പി.എം ചെറിയാന് നൽകിയിരുന്നു. രണ്ട് തവണ രാജ്യസഭയിലേക്ക് പരിഗണിച്ചെങ്കിലും അവസാന നിമിഷം തഴയപ്പെട്ടു. ഇതിൽ വലിയ നിരാശയാണ് ചെറിയാനുണ്ടായിരുന്നത്. ഇതാണ് പാർട്ടിയുമായി അകൽച്ച തുടങ്ങാനുണ്ടായ കാരണം.

പിണറായി വിജയന്റെ നേതൃത്വത്തിൽ തുടർ സർക്കാർ അധികാരത്തിൽ വന്നയുടൻ ഖാദി ബോർഡ് ഉപാധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയതിരുന്നെങ്കിലും ചെറിയാൻ ഇത് നിഷേധിച്ചിരുന്നു. പാർട്ടിയുമായുള്ള അകൽച്ചയായി ഈ പ്രശ്‌നം അന്ന് തന്നെ വിലയിരുത്തിയിരുന്നു. എന്നാൽ പുസ്തകരചനയും മറ്റുമായി തിരക്കിലായതിനാലാണ് ഈ സ്ഥാനം നിരസിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനിടെ ചെറിയാനെ കോൺഗ്രസിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ ചില നേതാക്കൾ അണിയറയിൽ നടത്തി വരികയും ചെയ്തിരുന്നു. അതിന്റെ പരിസമാപ്തിയാണോ ഇപ്പോൾ പിണറായിക്കെതിരെയുള്ള വിമർശനം എന്നാണ് ഇനി അറിയാനുള്ളത്.
 
 

Latest News