ദുബായ്- ഏറ്റവും മികച്ച രീതിയില്‍ ജീവിക്കാനും തൊഴില്‍ ചെയ്യാനുമുള്ള രാഷ്ട്രങ്ങളുടെ ആഗോള പട്ടികയില്‍ യു.എ.ഇക്ക് നാലാം സ്ഥാനം. എച്ച്.എസ്.ബി.സിയുടെ 14-ാം വാര്‍ഷിക എക്സ്പാറ്റ് എക്സ്പ്ലോറര്‍ പഠനത്തിലാണ് യു.എ.ഇയുടെ അഭിമാന നേട്ടം. സ്വിറ്റ്സര്‍ലാന്‍ഡ് ആണ് പട്ടികയില്‍ ഒന്നാമത്. ഓസ്ട്രേലിയ രണ്ടും ന്യൂസിലാന്‍ഡ് മൂന്നാമതുമാണ്. വിദേശത്തു തൊഴിലെടുക്കുന്ന 20,000 പേരിലാണ് സര്‍വേ നടത്തിയത്.
യു.എ.ഇയിലെ സര്‍വേയില്‍ പങ്കെടുത്ത 53 ശതമാനം പ്രവാസികളും മഹാമാരിക്ക് ശേഷം തങ്ങളുടെ സമ്പാദ്യത്തില്‍ വര്‍ധനവുണ്ടാകുമെന്ന് കരുതുന്നവരാണ്. കൂടുതല്‍ മികച്ച തൊഴിലിടം ഉണ്ടാകുമെന്ന് 57 ശതമാനം പേര് അഭിപ്രായപ്പെട്ടു. രാജ്യത്തെ സമ്പദ് വ്യവസ്ഥക്ക് കരുത്താര്‍ജിക്കാന്‍ ശേഷിയുണ്ടെന്ന് തെളിയിക്കുന്നതാണ് സര്‍വേ ഫലമെന്ന് എച്ച്.എസ്.ബി.സി യു.എ.ഇ മേധാവി അബ്ദുല്‍ ഫത്താഹ് ഷറഫ് പറഞ്ഞു.






