ഭര്‍ത്താവിനെ കൊന്നത് ദുരവസ്ഥ സഹിക്കാനാവാതെയെന്ന് ഭാര്യ, ഉപയോഗിച്ചത് കറിക്കത്തി

തിരുവനന്തപുരം- നെയ്യാറ്റിന്‍കര യില്‍ കിടപ്പുരോഗിയായ ഭര്‍ത്താവിനെ  കഴുത്തറുത്തു കൊന്നത് ദുരവസ്ഥ കണ്ടു മനംനൊന്താണെന്ന് ഭാര്യ. മണവാരി സ്വദേശി ജഞാനദാസ് എന്ന ഗോപി(72)യാണ് കൊല്ലപ്പെട്ടത്.

പക്ഷാഘാതം വന്നു 10 വര്‍ഷമായി കിടപ്പിലായിരുന്ന ഗോപിയെയാണ് ഭാര്യ സുമതി കൊലപ്പെടുത്തിയത്. രാവിലെ വീടിനുള്ളില്‍ വച്ചായിരുന്നു സംഭവം. കറിക്കത്തി ഉപയോഗിച്ചാണ് കഴുത്തറുത്തത്. നിമിഷനേരം കൊണ്ടു ഗോപി മരണപ്പെട്ടു. ഭര്‍ത്താവിന്റെ കഴുത്തറുത്ത ശേഷം പുറത്തേക്ക് ഓടിയ സുമതി സമീപത്തെ കുളത്തില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ടു. ആശുപത്രിയിലെത്തിയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

രാവിലെ മകന്‍ സുനില്‍ദാസ് പുതുതായി വെക്കുന്ന വീടിനുസമീപത്തെ ഒറ്റമുറി കെട്ടിടത്തിലാണ് ഗോപിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് മാസമായി മകള്‍ സുനിതയുടെ വീട്ടിലായിരുന്നു ഇരുവരും. സുനിലിന്റെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങുമായി ബന്ധപ്പെട്ടാണ് മാതാപിതാക്കളെ മണവാരിയിലെ വീട്ടില്‍ കൂട്ടിക്കൊണ്ടു വന്നത്. കൊലക്ക് ഉപയോഗിച്ച കറിക്കത്തി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് മറ്റെന്തെങ്കിലും പ്രേരണയുണ്ടോയെന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.

 

Latest News