കോണ്‍ഗ്രസ് സ്‌കൂള്‍ പണിതിട്ടും മോഡി പഠിക്കാന്‍ പോയില്ല, വിവാദ ട്വീറ്റ് പിന്‍വലിച്ചു

ബംഗളൂരു- പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നിരക്ഷരനെന്ന വിശേഷിപ്പിച്ച കോണ്‍ഗ്രസിന്റെ ട്വീറ്റ് വിവാദമായി. കര്‍ണാടക കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് വിവാദ പരാമര്‍ശം.രണ്ട് നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റേയും ബി.ജെ.പിയുടേയും വാക്‌പോര്  ശക്തമാണ്.

കോണ്‍ഗ്രസ് സ്‌കൂളുകള്‍ പണിതു, എന്നാല്‍ മോഡി ഒരിക്കലും പഠിക്കാന്‍ പോയില്ല. മുതിര്‍ന്നവര്‍ക്ക് പഠിക്കാനും കോണ്‍ഗ്രസ് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു. മോഡി അതും പഠിച്ചില്ല. ഭിക്ഷാടനം നിരോധിച്ചിട്ടും ഉപജീവനത്തിനായി അത് തെരഞ്ഞെടുത്ത ആളുകള്‍ ഇന്ന് പൗരന്മാരെ ഭിക്ഷാടനത്തിലേക്ക് തള്ളിവിടുകയാണ്. മോഡിയുടെ നിരക്ഷരത കാരണം രാജ്യം കഷ്ടപ്പെടുന്നു- ഇതാണ് കര്‍ണാടക കോണ്‍ഗ്രസിന്റെ ട്വീറ്റ്.

VIDEO  അറബികള്‍ക്കിടയിലും
           വൈറലായി മുണ്ടക്കയത്തെ വീട്

കോണ്‍ഗ്രസിന് മാത്രമേ ഇത്രയും തരംതാഴാന്‍ സാധിക്കൂ എന്നും ഇതിന് ഒരു തരത്തിലുള്ള മറപടിയും അര്‍ഹിക്കുന്നില്ലെന്നും  ബിജെപി വാക്താവ് മാളവിക അവിനാഷ് പറഞ്ഞു. പാര്‍ട്ടിക്കകത്തുനിന്നും വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് മോഡിയെ നിരക്ഷരനെന്നുവിളിച്ച കോണ്‍ഗ്രസ് ട്വീറ്റ് പിന്‍വലിച്ചു.

സിന്ദഗി, ഹംഗാല്‍ എന്നീ മണ്ഡലങ്ങളില്‍ ഈ മാസം 30നാണ് ഉപതെരഞ്ഞെടുപ്പ്. ജനതാദള്‍, ബിജെപി പ്രതിനിധികള്‍ മരിച്ച പശ്ചാത്തലത്തിലാണ് വീണ്ടും വോട്ടെടുപ്പ്. ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പായതിനാല്‍ ഉപതെരഞ്ഞെടുപ്പ് ബിജെപിക്ക് നിര്‍ണായകമാണ്.

 

 

Latest News