Sorry, you need to enable JavaScript to visit this website.

ലഖിംപുർ കൂട്ടക്കൊല: കേന്ദ്ര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കര്‍ഷകരുടെ ട്രെയ്ന്‍ തടയല്‍ സമരം

ന്യൂദല്‍ഹി- യുപിയിലെ ലഖിംപൂരില്‍ നാലു കര്‍ഷകരെ വാഹനമിടിച്ചു കൊന്ന സംഭത്തില്‍ ഉള്‍പ്പെട്ട വാഹനത്തിന്റെ ഉടമയും കേസിലെ പ്രതിയുടെ പിതാവുമായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് കര്‍ഷകര്‍ ഇന്ന് രാജ്യത്ത് പലയിടത്തും ട്രെയ്ന്‍ തടയല്‍ സമരം നടത്തും. കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് ആറു മണിക്കൂര്‍ റെയില്‍ രൊക്കോ സമരം. ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകര്‍ക്ക് നീതി തേടി രാവിലെ 10 മണിമുതല്‍ വൈകീട്ട് നാലു വരെ നടക്കുന്ന സമരം സമാധാനപരമായിരിക്കുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു. മന്ത്രിയുടെ മകനെ കൊലക്കേസ് ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും മന്ത്രി അജയ് മിശ്ര പദവിയില്‍ തുടരുന്നതിനാല്‍ നീതിപൂര്‍ണമായ അന്വേഷണം നടക്കില്ലെന്നും മന്ത്രി രാജിവെക്കണമെന്നുമാണ് കര്‍ഷകരുടെ നിലപാട്. മന്ത്രിയുടെ രാജിക്കായി സമ്മര്‍ദ്ദം ശക്തമാക്കുകയാണ് കര്‍ഷകര്‍.

മന്ത്രി അജയ് മിശ്ര തന്റെ പ്രസംഗങ്ങളിലൂടെ ഹിന്ദു, സിഖ് സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധയും വിദ്വേഷവും ഇളക്കിവിട്ടെന്നും വര്‍ഗീയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ പറഞ്ഞു. പ്രതിയായ മകനെതിരെ പോലീസ് സമന്‍സ് ഉണ്ടായിട്ടും ഒളിപ്പിച്ചുവച്ചെന്നും കര്‍ഷകര്‍ ആരോപിച്ചു. 

ഒക്ടോബര്‍ മൂന്നിന് ലഖിംപൂരിലുണ്ടായ സംഘര്‍ഷത്തില്‍ നാലു കര്‍ഷകരുള്‍പ്പെടെ എട്ടു പേരാണ് കൊല്ലപ്പെട്ടത്. മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കര്‍ഷകര്‍ക്കുമേല്‍ വാഹനം ഇടിച്ചു കയറ്റിയെന്നാണ് കര്‍ഷകര്‍ പറയുന്നത്. വാഹനം കര്‍ഷകരുടെ ഇടയിലേക്ക് ഇടിച്ചു കയറുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
 

Latest News