അവാര്‍ഡ് കപ്പേള ടീമിന് സമര്‍പ്പിച്ച് അന്നാ ബെന്‍

കൊച്ചി- മികച്ച നടിക്കുള്ള അവാര്‍ഡ് കപ്പേളയുടെ ടീമിനുള്ളതാണെന്ന് അന്നാ ബെന്‍. സംവിധായകന്‍ മുഹമ്മദ് മുസ്തഫ, ഒപ്പം അഭിനയിച്ച റോഷന്‍, ശ്രീനാഥ് ഭാസി- അവരില്ലായിരുന്നുവെങ്കില്‍ ഈ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സാധിക്കില്ലായിരുന്നുവെന്ന് അന്നാ ബെന്‍ പറഞ്ഞു. കൊച്ചിയില്‍ സിനിമാ ചിത്രീകരണത്തിനിടയിലാണ് അവാര്‍ഡ് വാര്‍ത്തയെത്തിയത്. അതോടെ തിരക്കഥാകൃത്തായ പിതാവ് ബെന്നി പി. നായരമ്പലവും അമ്മയും സഹോദരിയും സെറ്റിലെത്തി ആഹ്ലാദം പങ്കിട്ടു.
കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോള്‍ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് അന്ന ബെന്‍. കുമ്പളങ്ങി നൈറ്റ്സ് ഹിറ്റായതോടെ അന്നയും താരമായി മാറി. പിന്നീട് ചെയ്ത ചിത്രങ്ങള്‍ എല്ലാം ഒന്നിനൊന്നു വ്യത്യസ്തമായിരുന്നു. കഴിഞ്ഞ വര്‍ഷം ഹെലന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു. ശോഭന, പാര്‍വതി തെരുവോത്ത്, നിമിഷ സജയന്‍ തുടങ്ങിയ പ്രതിഭകളെ പന്തള്ളിയാണ് ഇക്കുറി അന്നാ ബെന്‍ മികച്ച നടിയായത്. 'കപ്പേള'യില്‍ പെണ്‍വാണിഭ സംഘത്തിലെ കണ്ണിയായ യുവാവുമായി പ്രണയത്തിലായി ഒളിച്ചോടുകയും ചതിയില്‍ പെടുകയും ചെയ്യുന്ന ജെസ്സി എന്ന നാട്ടിന്‍പുറത്തുകാരിയുടെ വേഷമാണ് അന്നാബെന്‍ മികവുറ്റതാക്കിയത്.

 

 

Latest News