കോണ്‍ഗ്രസിന് പുതിയ പ്രസിഡന്റ് അടുത്ത സെപ്തംബറോടെ

ന്യൂദല്‍ഹി- ഒരു മുഴുസമയ പ്രസിഡന്റ് ഇല്ലാത്തതിന് പാര്‍ട്ടിക്കുള്ളിലും പുറത്തും വലിയ വിമര്‍ശനം നേരിടുന്ന കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷ തെരഞ്ഞെടുപ്പ് അടുത്ത സെപ്തംബറില്‍ നടക്കുമെന്ന് റിപോര്‍ട്ട്. ഇതു സംബന്ധിച്ച തീരുമാനമെടുക്കുന്നതിന് കോണ്‍ഗ്രസിന്റെ പരമോന്നത സമിതിയായ സിഡബ്ല്യുസി യോഗം നടന്നു വരികയാണ്. പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള സമയപ്പട്ടികയും അംഗത്വ പ്രചരണ പരിപാടിയും സംബന്ധിച്ച് തീരുമാനങ്ങള്‍ യോഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഒഴിഞ്ഞതിനു ശേഷം കോണ്‍ഗ്രസിനൊരു മുഴുസമയ പ്രസിഡന്റ് ഇല്ല. മുന്‍ പ്രസിഡന്റ് സോണിയാ ഗാന്ധി തന്നെ ഇടക്കാല അധ്യക്ഷയയായി തുടരുകയാണ്. പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പും അംഗത്വ പ്രചരണ പരിപാടിയും അവസാനിക്കുന്നതു വരെ സോണിയ തുടര്‍ന്നേക്കും. ഈ വര്‍ഷം ജൂണില്‍ പുതിയ അധ്യക്ഷ തെരഞ്ഞെടുപ്പ് നടത്തുമെന്ന് നേരത്തെ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. എന്നാല്‍ കോവിഡ് വീണ്ടും രൂക്ഷമായ അന്നത്തെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു.

പാര്‍ട്ടിക്കുള്ളില്‍ നിരന്തരം വിമര്‍ശനം ഉന്നയിച്ച മുതിര്‍ന്ന നേതാക്കളുടെ സംഘമായ ജി23 ആവശ്യപ്പെടുന്നതു പോലെ ഒരു സമ്പൂര്‍ണ അഴിച്ചുപണിയാണ് കോണ്‍ഗ്രസിന്റെ പരിഗണനയിലുള്ളത്. ഇത് അടുത്ത വര്‍ഷം സെപ്തംബറോടെ നടക്കുമെന്നാണ് സൂചന. യുപിയിലും പാര്‍ട്ടി ഭരിക്കുന്ന പഞ്ചാബിലും ഉടന്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്തിയ പരിഗണന. 

കോവിഡ് വ്യാപനം തുടങ്ങിയ ശേഷം ആദ്യമായി നേരിട്ട് നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗമാണ് ഇന്നത്തേത്. നേരത്തെ ഓണ്‍ലൈന്‍ ആയാണ് ചേര്‍ന്നിരുന്നത്. 57 മുതിര്‍ന്ന നേതാക്കളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ഇവരില്‍ ജി23 സംഘത്തിലെ ഏതാനും നേതാക്കളും ഉള്‍പ്പെടും.
 

Latest News