Sorry, you need to enable JavaScript to visit this website.

അധ്യാപിക ക്ലാസിൽ കുഴഞ്ഞുവീണു മരിച്ചു

റിയാദ് - അൽസുവൈദി ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന സെക്കണ്ടറി സ്‌കൂളിൽ വിദ്യാർഥിനികൾക്കു മുന്നിൽ ക്ലാസെടുക്കുന്നതിനിടെ സൗദി അധ്യാപിക ശൈഖ അൽമവാശ് കുഴഞ്ഞുവീണു മരിച്ചു. ഉടൻ തന്നെ മറ്റു അധ്യാപികമാർ റെഡ് ക്രസന്റിൽ അറിയിക്കുകയും ആംബുലൻസിൽ ആശുപത്രിയിലേക്ക് നീക്കുകയും ചെയ്‌തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഖുർആൻ ക്ലാസിൽ ഖുർആൻ പാരായണം ചെയ്തുകൊണ്ടിരിക്കേയാണ് അധ്യാപിക തങ്ങൾക്കു മുന്നിൽ കുഴഞ്ഞുവീണതെന്ന് വിദ്യാർഥിനികൾ പറഞ്ഞു. 
വ്രതമനുഷ്ഠിച്ചുകൊണ്ടാണ് മകൾ ഇഹലോകവാസം വെടിഞ്ഞതെന്ന് സൗദി ഗ്രാന്റ് മുഫ്തിയുടെ ഓഫീസ് മുൻ ഉപദേഷ്ടാവു കൂടിയായ അധ്യാപികയുടെ പിതാവ് അബ്ദുൽ അസീസ് അതീഖ് അൽമവാശ് പറഞ്ഞു. ഹൃദയാഘാതമാണ് മരണ കാരണം. 
എല്ലാ തിങ്കൾ, വ്യാഴം ദിവസങ്ങളിലും മകൾ സ്ഥിരമായി ഐഛികവ്രതം അനുഷ്ഠിക്കാറുണ്ടായിരുന്നു. വ്രതമനുഷ്ഠിച്ച് അധ്യാപന വൃത്തിയിൽ ഏർപ്പെട്ട സമയത്താണ് മകൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതെന്നും അബ്ദുൽ അസീസ് അതീഖ് അൽമവാശ് പറഞ്ഞു. 
അൽഹായിർ റോഡിൽ അമീർ ഫഹദ് ജുമാ മസ്ജിദിൽ ഇന്നലെ വൈകിട്ട് അസർ നമസ്‌കാരാനന്തരം മയ്യിത്ത് നമസ്‌കാരം പൂർത്തിയാക്കി ഖബറടക്കി.

Tags

Latest News